മണിപ്പൂർ കലാപത്തിലും ഗൂഢാലോചനയിലും പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിർദേശം. സംസ്ഥാനത്ത് നടക്കുന്ന വർഗീയ കലാപത്തില്‍ മണിപ്പൂരിലെ സിബിഐയും സംസ്ഥാന പോലീസും നടത്തുന്ന അന്വേഷണം നിരീക്ഷിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതിയ്ക്കാണ് കോടതി നിർദേശം നൽകിയത്. തുടരെയുണ്ടായ അക്രമസംഭവങ്ങളിലും കലാപത്തിലും പോലീസിനും പങ്കുണ്ടെന്ന ആരോപണങ്ങളുടെയും ചില സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ.
ലൈംഗിക അതിക്രമങ്ങളിൽ ഉൾപ്പെടെ അക്രമികളുമായി പോലീസ് ഒത്തുകളിച്ചുവെന്ന ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വിദഗ്‌ധസതിയിയുടെ മേൽനോട്ട ചുമതലയുള്ള മുൻ മഹാരാഷ്ട്ര ഡിജിപി ദത്താത്രേയ പഡ്സാൽഗിക്കറിനോട് കോടതി നിർദേശിച്ചു.
ആൾക്കൂട്ട ആക്രമണങ്ങൾ ഒരു സമുദായത്തെ മുഴുവൻ കീഴ്‌പ്പെടുത്താനുള്ള ആയുധമായാണ് മണിപ്പൂരിൽ പ്രയോഗിച്ചത്. ഇത്തരം ആക്രമണങ്ങളില്‍ പങ്കുചേർന്നാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാമെന്ന ധാരണയുള്ളതിനാലാണ് അവ വർധിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു
"അക്രമം നിയന്ത്രിക്കുന്നതിൽ പോലീസിന് കഴിവില്ലെന്നും ചില സാഹചര്യങ്ങളിൽ കുറ്റവാളികളുമായി ഒത്തുകളിച്ചുവെന്നും സൂചിപ്പിക്കുന്ന സാക്ഷി മൊഴികൾ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളുണ്ട്. ശരിയായ അന്വേഷണം നടത്താതെ, ഈ ആരോപണങ്ങളിൽ നടപടിയിലേക്ക് കോടതി കടക്കില്ല. എന്നാൽ കുറഞ്ഞപക്ഷം, അത്തരം ആരോപണങ്ങൾക്ക് വസ്തുനിഷ്ഠമായ അന്വേഷണം ആവശ്യമാണ്. പൊതു കൃത്യനിർവഹണ ലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ പേരോ പദവിയോ പരിഗണിക്കാതെ നടപടിയെടുക്കണം. ഭരണഘടനാപരവും ഔദ്യോഗികവുമായ കടമകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിന് മാത്രമല്ല, കുറ്റവാളികളുമായി ഒത്തുകളിച്ച് സ്വയം കുറ്റവാളികളാകുകയും ചെയ്യുന്ന സംസ്ഥാനത്തെ ഓരോ ഉദ്യോഗസ്ഥനും മറ്റ് നടപടികൾ നേരിടാൻ ഉത്തരവാദികളാണ്." ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മണിപ്പൂർ കലാപത്തിലെ മാനുഷിക വശങ്ങൾ പരിശോധിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിമാരുടെ മൂന്നംഗ സമിതിയെ നിയമിച്ചതിന് പുറമേ, ഓഗസ്റ്റ് 7 ന് സമഗ്ര അന്വേഷണത്തിന്റെ നിരീക്ഷണത്തിനായി പഡ്സാൽഗിക്കറിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് ഇരുവർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷം വിചാരണ മണിപ്പുരിന് പുറത്തേക്ക് മാറ്റണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച ബെഞ്ച്, ഇത് വ്യക്തിസ്വാതന്ത്ര്യം, സ്വയംഭരണം എന്നിങ്ങനെയുള്ള അടിസ്ഥാന മൗലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് ആവർത്തിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പങ്കുചേർന്നാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടാമെന്ന ധാരണയുള്ളതിനാലാണ് ഇത്തരം ആക്രമണങ്ങൾ വർധിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ ഒരു സമുദായത്തെ മുഴുവൻ കീഴ്‌പ്പെടുത്താനുള്ള ആയുധമായാണ് മണിപ്പൂരിൽ ഉപയോഗിച്ചിട്ടുള്ളത്. അങ്ങേയറ്റം അപലപനീയമായ ഇത്തരം അക്രമങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി. മണിപ്പൂരിൽ അക്രമങ്ങൾ ഒഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും അക്രമികൾക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും നീതിന്യായ വ്യവസ്ഥയിൽ സമൂഹത്തിനുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.