INDIA

'മദ്യനയക്കേസിലെ പങ്കിനെക്കുറിച്ച് സംസാരിക്കരുത്'; കെജ്‌രിവാളിന്റെ ജാമ്യവ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതി

ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിക്കേണ്ട അത്യാവശ്യ ഫയലുകളിലല്ലാതെ മറ്റൊന്നിലും ഒപ്പുവെയ്ക്കാൻ പാടില്ല

വെബ് ഡെസ്ക്

മദ്യനയക്കേസിനെ പങ്കിനെക്കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരാമർശിക്കാൻ പാടില്ലെന്ന് ജാമ്യവ്യവസ്ഥയിൽ വ്യക്തമാക്കി സുപ്രീം കോടതി. ഇത് ഉൾപ്പെടെ ആറ് വ്യവസ്ഥകളാണ് ഇടക്കാല ജാമ്യത്തിനായി ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും ഉൾപ്പെട്ടെ ബെഞ്ച് മുന്നോട്ടുവെച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രട്ടേറിയറ്റിൽ പോകാനോ കെജ്‌രിവാളിന് അനുമതിയില്ല. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതി ലഭിക്കേണ്ട അത്യാവശ്യ ഫയലുകളിലല്ലാതെ മുഖ്യമന്ത്രിയെന്ന നിലയിൽ കെജ്‌രിവാൾ ഒപ്പുവെക്കരുത്.

കേസുമായി ബന്ധപ്പെട്ട സാക്ഷികൾ ഉൾപ്പെടെയുള്ള ആരുമായും ബന്ധപ്പെടാനോ, കേസുമായി ബന്ധമുള്ള എന്തെങ്കിലും രേഖകൾ പരിശോധിക്കാനോ പാടില്ല. അമ്പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിന് 21 ദിവസത്തെ ജാമ്യമാണ് കെജ്‌രിവാളിന് കോടതി അനുവദിച്ചിരിക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന പോളിങ് ദിനമായ ജൂൺ ഒന്നു വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് അദ്ദേഹം തിരികെ ജയിലിൽ പ്രവേശിക്കണം. വോട്ടെണ്ണൽ ദിനമായ ജൂൺ നാല് വരെ കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയോട് അഭ്യർഥിച്ചത്.

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചാണ് കോടതിയുടെ തീരുമാനം. ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു. എന്നാൽ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും സ്ഥിരം കുറ്റവാളിയല്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ''തിരഞ്ഞെടുപ്പ് നടക്കുകയാണ്. അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നത്. അദ്ദേഹം ഒരു സ്ഥിരം കുറ്റവാളിയല്ല,'' എന്നായിരുന്നു കോടതിയുടെ പരാമർശം.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ