INDIA

ശരദ് പവാറിന്റെ പിൻഗാമിയാര്? നിർണായക എൻസിപി യോഗം നാളെ

വെബ് ഡെസ്ക്

എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാനുള്ള ശരദ് പവാറിന്‌റെ അപ്രതീക്ഷിത പ്രഖ്യാപനം, വലിയ ചോദ്യങ്ങള്‍ ബാക്കിയാക്കുകയാണ്. മകള്‍ സുപ്രിയാ സുലെയും അനന്തരവന്‍ അജിത്ത് പവാറും പാര്‍ട്ടിയിലെ കരുത്തുറ്റ രണ്ട് ധ്രുവങ്ങളായി നിലകൊള്ളുമ്പോള്‍ ആരാകും ശരദ് പവറിന്‌റെ പിന്‍ഗാമിയെന്നതാണ് ഉയരുന്ന സുപ്രധാന ചോദ്യം. അടുത്ത ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സമിതി രൂപീകരിച്ചാണ് പവാര്‍ സ്ഥാനമൊഴിയല്‍ പ്രഖ്യാപിച്ചത്. നാളെ ചേരുന്ന ഈ സമിതിയുടെ യോഗം അതിനാല്‍ തന്നെ ഏറെ പ്രസക്തവുമാണ്.

പിന്‍ഗാമിയെ കണ്ടെത്താന്‍ 15 അംഗ സമിതിയാണ് ശരദ് പവാര്‍ രൂപീകരിച്ചത്. സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, സുനില്‍ തട്ക്കറെ, പി സി ചാക്കോ, ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സ് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് തോപെ, ജിതേന്ദ്ര അവ്ഹദ്, ഹസന്‍ മുഷ്രിഫ്, ധനഞ്ജയ് മുണ്ടെ, ജയ്‌ദേവ് ഗെയ്ക്വാദ് തുടങ്ങിയവര്‍ സമിതിയിലുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മുംബൈയിലെ പാര്‍ട്ടി ഓഫീസിലാണ് നിര്‍ണായക യോഗം. സുപ്രിയ സുലെ, അജിത് പവാര്‍ എന്നീ രണ്ട് പേരുകളിലാകും ചര്‍ച്ചകള്‍.

ശരദ് പവാറിനെ രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയാകും ആദ്യ ശ്രമം. ഇതിനായുള്ള സമ്മര്‍ദതന്ത്രം നേരത്തെ തുടങ്ങിക്കഴിഞ്ഞു. രണ്ട് എംഎല്‍എമാരും നിരവധി ഭാരവാഹികളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ജിതേന്ദ്ര അഹ്വാദ്, അനില്‍ പാട്ടീല്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ ആരുടെയും രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല. രാജിപ്രഖ്യാപനം പിന്‍വലിക്കാന്‍ ശരദ് പവാറിന് മേല്‍ പാര്‍ട്ടിക്ക് പുറത്തു നിന്നും സമ്മര്‍ദമുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സുപ്രിയ സുലെയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത് ഇതിന്‌റ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ഒരു തലമുറ മാറ്റമുണ്ടാകണമെന്ന് പവാർ പറഞ്ഞിരുന്നു. ഒരു പുതിയ തലമുറ പാർട്ടിയിലേക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം. ഞങ്ങളാരും അതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ല. അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രഫുൽ പട്ടേൽ

രാജിയുടെ കാര്യത്തില്‍ പവാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, അദ്ദേഹത്തിന്റെ മകളും ബാരാമതി എംപിയുമായ സുപ്രിയ സുലെ ദേശീയ അധ്യക്ഷയാകാനാണ് സാധ്യത. അനന്തരവന്‍ അജിത് പവാര്‍ മഹരാഷ്ട്രാ സംസ്ഥാന അധ്യക്ഷനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരദ് പവാറിന്റെ പിന്‍ഗാമിയായി എന്‍സിപി അധ്യക്ഷ പദവിയിലേയ്ക്ക് സുപ്രിയ സുലെയുടെ പേര് മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബലാണ് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാറിന് സംസ്ഥാനങ്ങളുടെയും സംഘടനയുടെയും ചുമതല നല്‍കണമെന്നും ഭുജ്ബല്‍ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ് വിട്ടാണ് 1999 ല്‍ ശരദ് പവാർ എൻസിപി രൂപീകരിച്ചത്. ആത്മകഥയായ 'ലോക് മാസെ സംഗതി'യുടെ രണ്ടാം എഡിഷന്‍ പ്രസിദ്ധീകരണ ചടങ്ങിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ശരദ് പാവാറിന്റെ രാജി പ്രഖ്യാപനം. ഇതിന് പിന്നാലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീരുമാനം പുനഃപരിശോധിക്കാനും പിന്‍വലിക്കാനും പവാറിനോട് ആവശ്യപ്പെട്ടിരുന്നു. സ്ഥാനമൊഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് നേതാക്കളും അനുയായികളും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും പവാര്‍ വഴങ്ങിയില്ലെന്നാണ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. 'ഒരു തലമുറ മാറ്റമുണ്ടാകണമെന്ന് ഇന്നലെ പവാര്‍ പറഞ്ഞിരുന്നു. ഒരു പുതിയ തലമുറ പാര്‍ട്ടിയിലേക്ക് വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരിക്കാം. ഞങ്ങളാരും അതിനെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ല. അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.' പട്ടേല്‍ പറഞ്ഞു. രാജി പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ശരദ് പവാറിന്റെ പിന്‍ഗാമിയെക്കുറിച്ചുളള ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സഖ്യത്തില്‍ ചേര്‍ന്ന് മഹാരാഷ്ട്രാ സര്‍ക്കാരിന്‌റെ ഭാഗമാകാനുള്ള അജിത്ത് പവാറിന്‌റെ നീക്കത്തിന് തടയിടാനുള്ള ശരദ് പവാറിന്‌റെ ചാണക്യതന്ത്രമാണ് രാജി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം. അങ്ങനെ എന്‍സിപി പിളര്‍ത്താനുള്ള അജിത്ത് പവാറിന്‌റെ ശ്രമം തടയാനും സുപ്രിയ സുലെയെ പാര്‍ട്ടിയുടെ അമരത്തെത്തിക്കാനും ശരദ് പവാര്‍ ലക്ഷ്യമിടുന്നു എന്നും വിലയിരുത്തപ്പെടുന്നു. അതു ശരിയെങ്കില്‍ എന്‍സിപി രൂപീകരിച്ച് 24 വര്‍ഷത്തിനിപ്പുറം സുപ്രിയ സുലെ അച്ഛനില്‍ നിന്ന് പര്‍ട്ടിയുടെ അധികാരം ഏറ്റെടുക്കുന്ന പ്രഖ്യാപനമാകും നാളെയുണ്ടാകുക.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?