INDIA

സൂറത്തിലെ ഏറ്റവും വലിയ ധനികൻ, ആസ്തി 12,000 കോടി; മകൻ ജോലി ചെയ്തത് 200 രൂപ ദിവസകൂലിക്ക്, അറിയാം സാവ്ജി ധൻജിയെ

വെബ് ഡെസ്ക്

വജ്രവ്യാപാരത്തിന് ഏറ്റവും പേര് കേട്ട സ്ഥലമായ സൂറത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാളാണ് ഇന്ത്യയിലെ പ്രമുഖ വജ്ര നിർമ്മാണ, കയറ്റുമതി കമ്പനികളിലൊന്നായ ഹരി കൃഷ്ണ എക്സ്പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ സാവ്ജി ധൻജി ധോലാകിയ. ലഭ്യമായ കണക്കുകൾ പ്രകാരം 12,000 കോടി രൂപയാണ് സാവ്ജിയുടെ ആസ്തി.

സാവ്ജിയെ മലയാളികൾ നേരത്തെ അറിയും. മകനെ ജീവിതത്തിലെ കഷ്ടപ്പാടുകൾ തിരിച്ചറിയുന്നതിനും പണത്തിന്റെ വില അറിയുന്നതിനും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സാധാരണക്കാരനായി ജോലിക്ക് പറഞ്ഞയച്ച വ്യക്തിയാണ് സാവ്ജി.

മകൻ ദ്രവ്യയെയാണ് സാവ്ജി ഇത്തരത്തിൽ 200 രൂപ ദിവസ വേതനത്തിൽ ജോലിക്ക് പറഞ്ഞയച്ചത്. കേരളത്തിലെ ഒരു ബേക്കറിയിൽ ജോലി ചെയ്ത ദ്രവ്യയെ കുറിച്ചുള്ള വാർത്തകൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കുടുംബപേര് ഉപയോഗിക്കാതെ സ്വന്തമായി ജോലി കണ്ടെത്തി പണം സമ്പാദിക്കുന്നത് മനസിലാക്കിപ്പിക്കാനായിരുന്നു മകനെ സാവ്ജി ജോലിക്ക് പറഞ്ഞ് അയച്ചത്. ബേക്കറിയിൽ മാത്രമായിരുന്നില്ല ദ്രവ്യ ജോലി ചെയ്തത്. ചെരുപ്പ് കട, മക്ഡൊണാൾഡ്സ്, കോൾ സെന്റർ തുടങ്ങി വിവിധ സ്ഥലങ്ങളിലും ദ്രവ്യ ജോലി ചെയ്തിരുന്നു. മകനെ ജോലി അയച്ചതിലൂടെ മാത്രമായിരുന്നില്ല സാവ്ജി വാർത്തകളിൽ നിറഞ്ഞത്. ദീപാവലിക്കാലത്ത് മറ്റാരും നൽകാത്ത ബോണസുകള്‍ തന്റെ തൊഴിലാളികൾക്ക് നൽകികൊണ്ടും സാവ്ജി ശ്രദ്ധേയനായിരുന്നു.

1962 ഏപ്രിൽ 12-ന് ഗുജറാത്തിലെ അംറേലി ജില്ലയിൽ ഉൾപ്പെടുന്ന ദുധാലയിൽ ഒരു കർഷക കുടുംബത്തിലാണ് സാവ്ജി ധൻജി ജനിച്ചത്. തുളസി, ഹിമ്മത്ത്, ഘൻശ്യാം എന്നിവരായിരുന്നു സാവ്ജിയുടെ സഹോദരർ.

കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിട്ടിരുന്നു സാവ്ജിയുടെ കുടുംബം. അതുകൊണ്ട് തന്നെ 14 -ാം വയസിൽ നാലാം ക്ലാസിന് ശേഷം സാവ്ജിക്ക് വിദ്യഭ്യാസം നിർത്തേണ്ടി വന്നു. തുടർന്ന് സൂറത്തിൽ പിതാവിന്റെ സഹോദരന്റെ വജ്രവ്യാപാരത്തിൽ സാവ്ജി ജോലി ചെയ്തു. പിന്നീട് സാവ്ജിയുടെ സഹോദരന്മാരായ ഹിമ്മത്തും തുളസിയും അതേയിടത്ത് ജോലിക്ക് ചേർന്നു.

1992-ൽ സാവ്ജി ധൻജി തന്റെ മൂന്ന് സഹോദരന്മാരോടൊപ്പം വജ്ര നിർമ്മാണ മേഖലയിലെ കടുത്ത മത്സരത്തിനിടയിൽ ഹരികൃഷ്ണ എക്സ്പോർട്ട്സിന് തുടക്കമിട്ടു. പിന്നീട് മുംബൈയിൽ ഹരികൃഷ്ണ എക്സ്പോർട്ട്സിന്റെ ഓഫീസ് സ്ഥാപിക്കുകയും ചെയ്തു. 2005-ൽ ഹരി കൃഷ്ണ എക്സ്പോർട്ട്സിന് കീഴിൽ 'കിസ്ന' എന്ന ജ്വല്ലറി ബ്രാൻഡ് ആരംഭിച്ചതോടെയാണ് സാവ്ജി ധൻജിയുടെ ബിസിനസ് ശക്തി പ്രാപിക്കുന്നത്. ഇന്ന്, രാജ്യത്തുടനീളം 6,250-ലധികം ഔട്ട്ലെറ്റുകളുള്ള കിസ്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആഭരണ ബ്രാൻഡാണ്.

2014 ആയപ്പോഴേക്കും, 6500 തൊഴിലാളികളുള്ള സ്ഥാപനമായി ഹരി കൃഷ്ണ എക്സ്പോർട്ട്‌സ് മാറി. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽദാതാക്കളിൽ ഒരാളായിട്ടാണ് സാവ്ജി ധൻജിയെ കണക്കാക്കുന്നത്. ജീവനക്കാർക്ക് ദീപാവലി ബോണസായി പണത്തിന് പുറമെ ആഭരണങ്ങൾ, കാറുകൾ, ഫ്ളാറ്റുകൾ, സ്ഥിരനിക്ഷേപങ്ങൾ തുടങ്ങിയ ആഡംബര സമ്മാനങ്ങളാണ് നൽകാറുള്ളത് 2018 ഒക്ടോബറിൽ, അർഹരായ 600 ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വാർത്തകളിൽ ഇടംനേടിയിരുന്നു.

2016-ൽ 400 ഫ്‌ലാറ്റുകളും 1,260 കാറുകളും ദീപാവലി ബോണസായി സാവ്ജി ധൻജി സമ്മാനിച്ചിരുന്നു. ഇത്തരം ഉദാരമായ ബോണസുകൾക്ക് പിന്നിലുള്ള കാരണം ആരാഞ്ഞപ്പോൾ എല്ലാവരും സ്വന്തമായി വീടും കാറും ആഗ്രഹിക്കുന്നുവെന്നും ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവരെ സഹായിക്കുക മാത്രമായിരുന്നുവെന്നുമാണ് സാവ്ജി മറുപടി പറഞ്ഞത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും