മനുഷ്യക്കടത്താണെന്ന സംശയത്തെ തുടര്‍ന്ന് പാരീസിനു സമീപം അധികൃതര്‍ തടഞ്ഞുവച്ച ചാര്‍ട്ടേഡ് വിമാനം എ340 മുംബൈയിലെത്തി. നാലു ദിവസമായി ഫ്രാന്‍സില്‍ പിടിച്ചിട്ടിരുന്ന വിമാനം ഇന്നു പുലര്‍ച്ചെ നാലോടയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തതായി ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. യുഎഇയില്‍ നിന്ന് നിക്കാരാഗ്വയിലേക്ക് യാത്ര തുടങ്ങിയ വിമാനത്തില്‍ ഇന്ത്യന്‍ വംശജരായ 303 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരില്‍ അധികവും ഇന്ത്യക്കാരാണ്. ഫ്രാന്‍സില്‍ നിന്ന് പുറപ്പെടാന്‍ ഫ്രഞ്ച് അധികൃതര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് വിമാനം മുംബൈയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇന്നലെ എങ്ങോട്ടാണ് പറക്കുകയെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല.
വിമാനത്തിലെ യാത്രക്കാരായ 25 പേര്‍ ഫ്രാന്‍സില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കൂട്ടത്തില്‍ അഞ്ച് കുട്ടികളുമുണ്ട്. എന്നാല്‍ ഇവര്‍ ഇന്ത്യക്കാരാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇവരുടെ അപേക്ഷകള്‍ ഫ്രാന്‍സ് പരിശോധിച്ചുവരുന്നതായാണ് വിവരം. രാജ്യാന്തര നിയമം അനുസരിച്ച് അഭയം തേടുന്നവരെ സ്വന്തം രാജ്യത്തേക്ക് മടക്കി അയയ്ക്കാനാവില്ല.
മനുഷ്യക്കടത്ത് നടത്താനുള്ള സാധ്യതയുണ്ടെന്ന് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം താഴെയിറക്കുകയും യാത്രക്കാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തുള്ള വാട്രി എയര്‍പോര്‍ട്ടിലായിരുന്നു വിമാനം പിടിച്ചെടുത്തത്.
വിമാനത്താവളത്തില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്.
മനുഷ്യക്കടത്തിന്റെ സൂത്രധാരരാണെന്ന് സംശയിച്ച് രണ്ട് പേരെ ഫ്രാന്‍സ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യാത്രക്കാരില്‍ പലരും ഫ്രാന്‍സില്‍ അഭയം അഭ്യര്‍ഥിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 11 യാത്രക്കാര്‍ രക്ഷിതാക്കള്‍ കൂടെയില്ലാത്ത പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.