INDIA

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: പ്രതിഷേധിച്ച എംപിമാർക്കെതിരേ കൂട്ടനടപടി, സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ 6 മലയാളി എംപിമാരും

രാജ്യസഭയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തു

വെബ് ഡെസ്ക്

സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ലോക്‌സഭയില്‍നിന്ന് കോണ്‍ഗ്രസ് എംപിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്‌നാൻ, വി കെ ശ്രീകണ്ഠന്‍ (കേരളം), എസ് ജ്യോതിമണി, മുഹമ്മദ് ജാവേദ്, മാണിക്യം ടാഗോര്‍, ഡിഎംകെ എംപിമാരായ കനിമൊഴി, എസ് ആര്‍ പ്രതിഭം, എസ് വെങ്കടേശ്വരന്‍, കെ സുബ്രഹ്‌മണ്യം, സിഎമ്മിന്റെ തമിഴ്‌നാട്ടില്‍നിന്നുള്ള എം പി പി ആര്‍ നടരാജന്‍ എന്നിവരെയാണ് ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയതത്.

രാജ്യസഭയില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവ് കഴിയും വരെയാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിന്റെ നടപടികള്‍ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍.

ഗുരുതരമായ അച്ചടക്കലംഘനമാണ് ഇവര്‍ നടത്തിയതെന്നും സഭയുടെ അന്തസിന് ചേരാത്ത വിധത്തില്‍ പ്രതിഷേധം നടത്തിയെന്നതുമാണ് ലോക്‌സഭയിലെ എംപിമാര്‍ക്ക് എതിരായ നടപടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

ഡെറിക് ഒബ്രിയന്‍ സഭയില്‍ മോശം പെരുമാറ്റമാണ് നടത്തിയതെന്നും അതിനാല്‍ ഉടന്‍ സഭ വിടണമെന്നും ഉപരാഷ്ട്രപതിയും സഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

ഉച്ചയ്ക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ഇന്നലെയുണ്ടായ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ചെയറിനു അടുത്തെത്തി മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ താക്കീത് ഉണ്ടായിട്ടും അത് വകവെക്കാതെ മുദ്രാവാക്യം വിളി തുടർന്നു. സഭാനടപടികള്‍ ഉച്ചയ്ക്ക് തുടങ്ങിയതോടെ ഇവര്‍ക്കെതിരായ അച്ചടക്ക നടപടിക്കുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി സഭയില്‍ വായിക്കുകയായിരുന്നു. അത് സഭ പാസാക്കുകയായിരുന്നു.

സുരക്ഷാ വീഴ്ചയില്‍ ലോക്സഭയിലെ എട്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റില്‍ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആക്ഷേപമുയര്‍ന്നതിനു പിന്നാലെയാണു നടപടി. അതേസമയം, പാര്‍ലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നു പ്രതിഷേധിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി.

യു എ പി എ വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120-ബി (ക്രിമിനല്‍ ഗൂഢാലോചന), 452 (അതിക്രമിച്ചു കയറല്‍), കലാപമുണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

മൈസൂരു സ്വദേശി ഡി മനോരഞ്ജന്‍, ലക്‌നൗ സ്വദേശി സാഗര്‍ ശര്‍മ എന്നിവരാണ് സന്ദര്‍ശക ഗാലറിയില്‍നിന്ന് സഭയിലേക്ക് ചാടിയത്. ബിജെപിയുടെ മൈസൂരുവില്‍ നിന്നുള്ള ലോക്സഭാംഗം പ്രതാപ് സിംഹയുടെ ശുപാര്‍ശയിലാണ് ഇവര്‍ക്കു പാസ് കിട്ടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ