ANI
INDIA

അഖിലേഷ് യാദവിന് തിരിച്ചടി; സ്വാമി പ്രസാദ് മൗര്യ എസ്പി വിട്ടു, പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

പിന്നാക്ക വിഭാഗങ്ങള്‍, ദളിത്, ന്യൂനപക്ഷങ്ങള്‍(പിഡിഎ) എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ നിന്ന് അഖിലേഷ് യാദവ് പിന്നോട്ടു പോയെന്ന് ആരോപിച്ചാണ് രാജി

വെബ് ഡെസ്ക്

സമാജ്‌വാദി പാര്‍ട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് മാറി, ഒരാഴ്ച കഴിയുമ്പോഴാണ് എസ്പിയിലെ പ്രധാന ഒബിസി മുഖമായ മൗര്യയുടെ രാജിവച്ചതായുള്ള പ്രഖ്യാപനം. ബുധനാഴ്ച ഡല്‍ഹിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. പിന്നാക്ക വിഭാഗങ്ങള്‍, ദളിത്, ന്യൂനപക്ഷങ്ങള്‍(പിഡിഎ) എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ നിന്ന് അഖിലേഷ് യാദവ് പിന്നോട്ടു പോയെന്ന് ആരോപിച്ചാണ് രാജി.

2016-ലാണ് മൗര്യ ബിഎസ്പി വിട്ടത്. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം, യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ തൊഴില്‍, നഗര വികസന മന്ത്രിയായിരുന്നു. 2022-ല്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്, അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവച്ചു. പിന്നോക്ക വിഭാഗക്കാരെ ബിജെപി അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു രാജി. ശേഷം, എസ്പിയില്‍ എത്തിയ മൗര്യ, ആദ്യ സമയത്ത് അഖിലേഷ് യാദവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍, പിന്നീട് അഖിലേഷുമായി അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുകയായിരുന്നു.

ബിഎസ്പിയിലെ പ്രധാന നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ, മായാവതി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ രണ്ടാമത്തെ മുഖമായിരുന്നു. മായാവതി അധികാരത്തില്‍ എത്തിയപ്പോഴെല്ലാം മന്ത്രിയായി. ബിഎസ്പി പ്രതിപക്ഷത്തായിരുന്നപ്പോള്‍, പ്രതിപക്ഷ നേതാവുമായി. എന്നാല്‍, 2014-ന് ശേഷം മായാവതിയുമായി അകന്ന മൗര്യ പാര്‍ട്ടി വിടുകയായിരുന്നു. മക്കള്‍ക്ക് സീറ്റ് നല്‍കാത്തത് കൊണ്ടാണ് മൗര്യ പാര്‍ട്ടി വിട്ടത് എന്നായിരുന്നു മായാവതി ആരോപിച്ചത്.

2017-ല്‍ ലോക് താന്ത്രിക് ബഹുജന്‍ മഞ്ച് എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ബിജെപിയില്‍ ചേരുകയായിരുന്നു. 1996-ലാണ് സ്വാമി പ്രസാദ് മൗര്യ ആദ്യമായി നിയമസഭയിലെത്തിയത്. 2007-ല്‍ ബിഎസ്പി അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടെങ്കിലും എംഎല്‍സിയായി നിയമസഭയില്‍ എത്തുകയും മന്ത്രിയാവുകയും ചെയ്തു. കിഴക്കന്‍ യുപിയിലും പടിഞ്ഞാറന്‍ യുപിയിലും ഒരുപോലെ സ്വാധീനമുള്ള നേതാവാണ് സ്വാമി പ്രസാദ് മൗര്യ. കുശ്വഹ, മൗര്യ, ഷാക്യ വിഭാഗങ്ങളുടെ യാദവേതര വോട്ടുള്‍ ഏകോപിപ്പിക്കാന്‍ കെല്‍പ്പുള്ള നേതാവ് കൂടിയാണ് അദ്ദേഹം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം