INDIA

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

കെജ്‌രിവാളിന്റെ വസതിയിൽ മേയ് 13-നാണ് സംഭവം നടന്നതെന്നാണ് സ്വാതി ആരോപിക്കുന്നത്

വെബ് ഡെസ്ക്

ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുൻ പേഴ്സണൽ സെക്രട്ടറി ബൈഭവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ബൈഭവിനെ മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ തീസ് ഹസാരി കോടതിയിൽ ഹാജരാക്കും.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍വെച്ച് മേയ് 13ന് തന്നെ ബൈഭവ് മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തുവെന്നാണ് സ്വാതിയുടെ പരാതി. എന്നാൽ കെജ്‌രിവാളിനെ ലക്ഷ്യമിട്ട് സ്വാതി ബിജെപിക്കുവേണ്ടി കളിക്കുയാണെന്നാണ് എഎപിയുടെ ആരോപണം. സ്വാതിയെ 13ന് കെജ്‌രിവാളിന്റെ വസതിയില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വാതിയെ പുറത്തേക്കു കൊണ്ടുപോകുന്നതും അവർ വസതിക്കു പുറത്തുനില്‍ക്കുന്നതുമായ വീഡിയോ എഎപി പുറത്തുവിട്ടു.

പുതിയ സിസിടിവി ദൃശ്യങ്ങളില്‍ സ്വാതി മലിവാളിനു പരുക്കേറ്റതിന്റെ ലക്ഷണങ്ങളൊന്നും കാണാന്‍ സാധിക്കുന്നില്ല. മാത്രമല്ല സ്വാതി പോലീസുകാരിയുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും കാണാം. സ്വാതി വൈഭവ് കുമാറിനോട് തർക്കിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

സ്വാതിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബിജെപി ഗൂഢാലോചനയുടെ ഭാഗവുമാണെന്നു ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ അതിഷി ഇന്നലെ ആരോപിച്ചിരുന്നു. മുന്‍കൂട്ടി അനുമതി തേടാതെയാണ് സ്വാതി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിലെത്തിയത്. അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിക്കുകയെന്നതായിരുന്നു സ്വാതിയുടെ ഉദ്ദേശ്യം. സ്വാതി എത്തിയപ്പോള്‍ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നില്ല. സ്വീകരണമുറിയില്‍ പ്രവേശിച്ച സ്വാതിയെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സറ്റാഫ് ബൈഭവ് കുമാര്‍ തടഞ്ഞപ്പോള്‍ അവര്‍ തര്‍ക്കിക്കാന്‍ തുടങ്ങിയെന്നും അതിഷി പറഞ്ഞു.

സ്വാതി മലിവാളിന്റെ പരാതിയില്‍ പരിശോധനയ്ക്കായി ഡല്‍ഹി പോലീസ് സംഘം മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സ്വാതി ആരോപിക്കുന്ന സംഭവം മുഖ്യമന്ത്രിയുടെ വസതിയില്‍ പോലീസ് സംഘം പുനഃസൃഷ്ടിച്ചു. പരാതിയില്‍ സ്വാതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് ബൈഭവ് കുമാര്‍ ഏഴ്-എട്ട് തവണ തല്ലിയെന്നാണ് സ്വാതി മൊഴി നല്‍കിയതായാണ് എഫ്ഐആറില്‍ പറയുന്നത്. ''വയറ്റില്‍ ഉള്‍പ്പെടെ ഏഴ്-എട്ട് തവണ അടിച്ചു. നെഞ്ചിലും വയറ്റിലും ഇടുപ്പ് ഭാഗത്തും ചവിട്ടിയെന്നും എഫ്‌ഐആറില്‍ പറയുന്നു. ''അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിങ് മുറിയില്‍ ഇരിക്കുകയായിരുന്ന സ്വാതിയെ ബൈഭവ് കുമാര്‍ വലിച്ചിഴക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കെജ്‌രിവാള്‍ വീട്ടിലുണ്ടായിരുന്ന സമയമായിരുന്നു അത്,'' എഫ്‌ഐആറില്‍ പറയുന്നു. സ്വാതിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചെന്നും തലമുടിയിയില്‍ പിടിച്ച് മേശയില്‍ ഇടിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

മേയ് 13ന് പുലര്‍ച്ചെയാണു ബൈഭവില്‍നിന്ന് മര്‍ദനമേറ്റതെന്നാണ് സ്വാതിയുടെ പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു തന്നെ ബൈഭവ് കുമാര്‍ മര്‍ദിച്ചതെന്നും കെജ്രിവാള്‍ അനങ്ങിയില്ലെന്നുമാണ് സ്വാതി ആദ്യ ഘട്ടത്തില്‍ ആരോപിച്ചത്. എന്നാല്‍ ഇക്കാര്യം സ്വാതി ആവര്‍ത്തിച്ചില്ല.

സംഭവത്തില്‍ പാര്‍ട്ടി നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചതെന്നാണ് സ്വാതിയുടെ നിലപാട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 506, 509, 323 വകുപ്പുകള്‍ ചുമത്തിയാണ് ബൈഭവിനെതിരെ കേസെടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ