ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സ്വാതി മലിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി മര്‍ദിച്ചെന്ന പരാതിയില്‍ കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് അന്വേഷണസംഘം മാതാപിതാക്കളെ ചോദ്യം ചെയ്യുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാര്‍ മര്‍ദിച്ചു എന്നാണ് സ്വാതിയുടെ പരാതി. കേസില്‍ ബൈഭവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ അസുഖബാധിതരായ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി ഡല്‍ഹി പോലീസ് എത്തിയേക്കുമെന്ന് കഴിഞ്ഞദിവസം കെജ്‌രിവാള്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്‌രിവാളിനേയും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. മാതാപിതാക്കളുടേയും സുനിതയുടേയും മൊഴി രേഖപ്പെടുത്താന്‍ പോലീസ് നേരത്തെ സമയം ചോദിച്ചിരുന്നതായും എഎപി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍, കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു. വിഷയത്തിന്റെ രണ്ട് വശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പോലീസ് രണ്ട് വശങ്ങളും അന്വേഷിക്കണമെന്നും നീതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് സ്വാതി രംഗത്തെത്തിയിരുന്നു. ''പാര്‍ട്ടിയിലെ മുഴുവന്‍ പ്രവര്‍ത്തകരേയും തനിക്കെതിര അണിനിരത്തി, എന്നെ ബിജെപി ഏജന്റ് എന്ന് വിളിച്ചിട്ട്, എന്നെ വ്യക്തിഹത്യ നടത്തി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച്, പ്രതിയെ സംഭവം നടന്ന സ്ഥലത്ത് വീണ്ടും പ്രവേശിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നിട്ട്, ആരുടെ ഡ്രോയിങ് റൂമില്‍ വച്ചാണോ എന്നെ മര്‍ദിച്ചത്, ആ മുഖ്യമന്ത്രി ഇപ്പോള്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ്'', സ്വാതി പറഞ്ഞു.
നേരത്തെ, സ്വാതി മലിവാള്‍ കേസില്‍ എഎപി ചില വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബഹളം വയ്ക്കുന്ന സ്വാതിയുടെ ദൃശ്യങ്ങളാണ് എഎപി പുറത്തുവിട്ടത്. ഈ ദൃശ്യങ്ങളില്‍ സ്വാതിക്ക് പരിക്കേറ്റത് വ്യക്തമല്ല. എന്നാല്‍, ഈ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് സ്വാതി ആരോപിക്കുന്നത്. മെയ് പതിമൂന്നിനാണ് തന്നെ മര്‍ദിച്ചത് എന്നാണ് സ്വാതി ആരോപിക്കുന്നത്.