ഓൺലൈൻ ഫുഡ്, ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിലും പിരിച്ചുവിടല്‍. വെള്ളിയാഴ്ച 380 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. പിരിച്ചു വിടൽ അങ്ങേയറ്റം മോശം കാര്യമാണെന്ന് അറിയാമെന്നും കമ്പനി നേരിടുന്ന ചില വെല്ലുവിളികൾ കാരണമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചേർന്നതെന്നും സിഇഒ ശ്രീഹർഷ മജെറ്റി വ്യക്തമാക്കി. പിരിച്ചുവിട്ട ജോലിക്കാര്‍ക്ക് അയച്ച മെയിലില്‍ അദ്ദേഹം എല്ലാവരോടും ക്ഷമാപണം നടത്തി. കമ്പനിയുടെ സ്ഥിതി വഷളായതിനാല്‍, പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമായാണ് ഇത്തരമൊരു നടപടി എടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
പുറത്താകേണ്ടിവരുന്ന ജീവനക്കാര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കമ്പനിയുടെ പ്രതീക്ഷകളെ അപേക്ഷിച്ച് വളർച്ച കുറഞ്ഞതാണ് അടിയന്തര തീരുമാനത്തിന് പിന്നിലെന്ന് ശ്രീഹർഷ മജെറ്റി പറഞ്ഞു. ലക്ഷ്യമിട്ട ലാഭത്തിലെത്താൻ കമ്പനിയുടെ മൊത്തത്തിലുള്ള ചിലവുകൾ പുനഃപരിശോധിക്കണം. കെട്ടിടം, ഓഫീസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലെ പരോക്ഷ ചെലവുകളിൽ നിയന്ത്രണങ്ങൾ ആരംഭിച്ച് തുടങ്ങിയെങ്കിലും, ഭാവിയിലെ ചിലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിയാണെന്നാണ് പിരിച്ചുവിടല്‍ നീക്കത്തെ വിലയിരുത്തുന്നത്.
ജീവനക്കാർക്കുള്ള സഹായ പദ്ധതിയുടെ ഭാഗമായി മൂന്ന് മുതൽ ആറ് മാസം വരെ, ജീവനക്കാരുടെ കാലാവധിയും ഗ്രേഡും അടിസ്ഥാനമാക്കി സ്വിഗ്ഗി ആവശ്യമായ പണം നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് മാസത്തെ ശമ്പളമോ, നോട്ടീസ് കാലാവധിക്കൊപ്പം പതിനഞ്ച് ദിവസത്തെ അധിക ശമ്പളമോ ജീവനക്കാർക്ക് നൽകുമെന്ന് കമ്പനി വ്യക്തമാക്കി. ബോണസ്, ഇന്സെന്റീവ്സ് തുടങ്ങിയ എല്ലാ തുകയും ഒഴിവാക്കും. ഭക്ഷണ വിതരണത്തിലും, ഇൻസ്‌റ്റാമാർട്ടിലും ലാഭം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ഇതിനകം വികസിപ്പിച്ചിട്ടുണ്ട് -മജെറ്റി ഇമെയിലിൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മേയിൽ, ഡൈനിംഗ് ഔട്ട് ആൻഡ് റെസ്റ്റോറന്റ് ടെക് പ്ലാറ്റ്‌ഫോമായ 'ഡൈനൗട്ട്' സ്വിഗ്ഗി ഏറ്റെടുത്തിരുന്നു. എത്ര തുകയ്ക്കാണ് ഏറ്റെടുത്തതെന്ന് സ്വിഗ്ഗി വെളിപ്പെടുത്തിയില്ലെങ്കിലും റിപ്പോർട്ടുകളനുസരിച്ച് 200 മില്യൺ ഡോളറായിരുന്നു ഏറ്റെടുക്കൽ തുക. അതേസമയം കഴിഞ്ഞ വർഷം കോടികളുടെ നഷ്ടമുണ്ടായതായി സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. മുൻ സാമ്പത്തിക വർഷത്തെ നഷ്ടം 1,617 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 3,629 കോടി രൂപയായി ഉയർന്നതായി കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു.