രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രവും പൈതൃക സ്മാരകവുമായ താജ്മഹല്‍ നികുതി അടയ്ക്കണമെന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ. വസ്തു നികുതിയായി 1.47 ലക്ഷം രൂപയും വെള്ളക്കരമായി 1.9 കോടി രൂപയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു വകുപ്പിന് ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചു. 1920ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് താജ്മഹലിന് നോട്ടീസ് അയയ്ക്കുന്നത്.
താജ്മഹലിനും ആഗ്ര ഫോർട്ടിനും നികുതി അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ആകെ മൂന്ന് നോട്ടീസുകളാണ് പുരാവസ്തു വകുപ്പിന് ലഭിച്ചിരിക്കുന്നത്. 2021-22, 2022-23 സാമ്പത്തിക വർഷത്തേക്കുള്ള നികുതി തുകയാണിതെന്നാണ് നോട്ടീസില്‍ പരാമര്‍ശിക്കുന്നത്. വസ്തു നികുതി കുടിശ്ശികയുടെ പലിശ ഇനത്തില്‍ 47,000 രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുടിശ്ശിക തീർക്കാൻ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇക്കാലയളവിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ വസ്തുവകകൾ ജപ്തി ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.
സ്മാരകങ്ങൾക്ക് വസ്തു നികുതി അടയ്ക്കേണ്ടതില്ലെന്നും നോട്ടീസ് അബദ്ധത്തിൽ അയച്ചതാകാമെന്നുമാണ് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ചെടികൾ നനയ്ക്കാൻ മാത്രമാണ് താജ്മഹലില്‍ വെള്ളം ഉപയോഗിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിനാൽ വെള്ളക്കരം അടയ്ക്കാൻ ബാധ്യസ്തരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംരക്ഷിത സ്മാരകങ്ങൾക്ക് നികുതി ഇതിനു മുൻപും ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നത്. ആഗ്രയിലെ മറ്റൊരു സ്മാരകമായ ഇത്മദ്-ഉദ്-ദൗളയുടെ ശവകുടീരത്തിന് വീട്ടുനികുതി അടയ്ക്കുന്നതിനുള്ള അറിയിപ്പ് മുൻപ് നൽകിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന വ്യാപകമായി ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം സർവേ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നും മുനിസിപ്പൽ കമ്മീഷണർ വിശദീകരിച്ചു. പുരാവസ്തു വകുപ്പിന്റെ നിലപാട് കൂടി പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം