INDIA

ലൈംഗികാതിക്രമം തെളിഞ്ഞാല്‍ വിലക്ക്; തമിഴ് സിനിമയെ 'ശുദ്ധീകരിക്കാന്‍' കടുത്ത നടപടികളും വിചിത്ര നിര്‍ദേശങ്ങളുമായി നടികര്‍ സംഘം

വെബ് ഡെസ്ക്

മലയാള സിനിമ മേഖലയിലെ ചൂഷണങ്ങളും തെറ്റായ പ്രവണതകളും തുറന്നുകാട്ടിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അലയൊലികൾ തമിഴ് സിനിമാ ലോകത്തും. തമിഴ് അഭിനേതാക്കളുടെ കൂട്ടായ്മയായ നടികർ സംഘമാണ് സിനിമ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാന്‍ നടപടിയുമായി രംഗത്തെത്തുന്നത്. കുറ്റം തെളിഞ്ഞാല്‍ വിലക്ക് ഉള്‍പ്പെടെ കടുത്ത നടപടികളാണ് നടികകര്‍ ‍സംഘം ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍, നടപടികളിലെ ചില വിചിത്ര നിര്‍ദേശങ്ങള്‍ ഇതിനോടകം ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കാൻ ആഭ്യന്തര പ്രശ്ന പരിഹാര സെൽ ഉൾപ്പടെ ശക്തിപ്പെടുത്താനാണ് തീരുമാനം. തെറ്റുകരാണെന്ന് കണ്ടെത്തുന്നവരെ അഞ്ച് വർഷം വിലക്കുന്നതുൾപ്പടെയുള്ള നടപടികളാണ് സ്വീകരിക്കുക. സിനിമയിലെ സ്ത്രീസുരക്ഷയെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിന് ശേഷമാണ് നടികർ സംഘത്തിന്റെ പ്രഖ്യാപനങ്ങൾ.

തമിഴ് അഭിനേതാക്കളായ നാസർ, വിശാൽ, കാർത്തി എന്നിവരാണ് നടികർ സംഘത്തിന്റെ നേതൃസ്ഥാനത്തുള്ളത്. സുഹാസിനി ഖുശ്ബു, രോഹിണി എന്നിവരുള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാനമായ തീരുമാനങ്ങളുള്ളത്.

പ്രധാനമായും ഏഴ് തീരുമാനങ്ങളാണ് സംഘം യോഗത്തിൽ എടുത്തിട്ടുള്ളത്. സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ വിലക്ക് ഉണ്ടാകും എന്നതാണ് ഏറ്റവും സുപ്രധാനമായ തീരുമാനം. ഒപ്പം ബാധിക്കപ്പെട്ട ഇരകൾക്ക് നിയമസഹായത്തിനുള്ള എല്ലാ പിന്തുണനയും സംഘടനാ നൽകും. അതിക്രമങ്ങൾ അറിയിക്കാൻ ആഭ്യന്തര പരിഹാര സെല്ലിനായി പ്രത്യേക ഇമെയിൽ ഐഡിയും ഫോൺ നമ്പറും ഉണ്ടാക്കും. ഇരകൾക്ക് ഈ നമ്പറിലൂടെയും ഇമെയിൽ വഴിയും പരാതികൾ അറിയിക്കാം.

ഇക്കാര്യങ്ങൾ സൈബർ പോലീസിനെ അറിയിക്കാനും നിയമനടപടി സ്വീകരിക്കാനും നടികർ സംഘം തന്നെ സഹായം നൽകും. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരാതി ഉന്നയിക്കുന്നതെങ്കിലും നിയമസഹായത്തിനുള്ള പിന്തുണ നൽകും. എന്നാല്‍ പരാതികൾ നൽകാനായി അംഗങ്ങൾ ആദ്യം നടികർ സംഘത്തെ സമീപിക്കണം എന്ന നിർദേശമാണ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും മലയാള ചലച്ചിത്ര പ്രവർത്തകരുടെ സംഘടനകളായ അമ്മയും ഫെഫ്കയും കടുത്ത നടപടികൾ കൈകൊള്ളാതെ ഒഴിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ്തമിഴ് നാട്ടിൽ നിന്നുള്ള നിർണ്ണായക നീക്കം എന്നതും ശ്രദ്ധേയമാണ്. വിഷയത്തിൽ സർക്കാർ, പോലീസ് നടപടികൾ പോലും ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യം ആണുള്ളത്.

മലയാള സിനിമാ മേഖലയിൽ ഹേമ കമ്മിറ്റി അന്വേഷണം നടത്തിയതുപോലെ തമിഴിലും വേണമെന്ന് നടനും തമിഴ് സിനിമാതാരങ്ങളുടെ കൂട്ടായ്‌മയായ നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ വിശാൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട നടപടികൾ സംഘടന ഉടൻ തന്നെ കൈക്കൊള്ളുമെന്നും വിശാൽ പ്രതികരിച്ചിരുന്നു. തമിഴിലെ മിക്ക താരങ്ങളും വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളത്. ബിജെപി നേതാവും നടിയുമായ രാധിക ശരത്കുമാർ അടക്കമുള്ള പലരും ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ആവശ്യം ഉന്നയിച്ചിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും