INDIA

'തമിഴ് യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കും'; തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസിന് തമിഴ് ഭാഷാ വിജയം നിര്‍ബന്ധം

വെബ് ഡെസ്ക്

സംസ്ഥാന സർക്കാർ സർവീസിലേക്കുള്ള റിക്രൂട്ട്‌മെന്റിന് തമിഴ് ഭാഷാ പേപ്പർ പാസാകണമെന്ന നിബന്ധന കൊണ്ടുവന്ന് തമിഴ്നാട് സര്‍ക്കാര്‍. 2016ലെ തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സേവന വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതി നിയമസഭ പാസാക്കി. 2021 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഭേദഗതി നടപ്പാകുന്നത്. മത്സര പരീക്ഷകളില്‍ തമിഴ് യുവാക്കളുടെ വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് ബില്‍ അവതരിപ്പിച്ച് ധന - മാനവവിഭവശേഷി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ വ്യക്തമാക്കി.

2016ലെ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം തമിഴ് ഭാഷയില്‍ മതിയായ പ്രാവീണ്യമില്ലാത്തവര്‍ക്ക് റിക്രൂട്ട്മെന്റിന് അര്‍ഹതയുണ്ടായിരിക്കില്ല. 2021 ഡിസംബര്‍ ഒന്നുമുതല്‍ തമിഴില്‍ പ്രാവീണ്യമില്ലാതെ നിയമനം നേടിയവരുണ്ടെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന രണ്ട് വര്‍ഷ കാലാവധിക്കകം സെക്കന്‍ഡ് ക്ലാസ് ഭാഷാ ടെസ്റ്റ് പാസാകണം. നിയമനത്തീയതി അടിസ്ഥാനമാക്കിയാകും ഈ കാലാവധി നിശ്ചയിക്കുക. അല്ലാത്തപക്ഷം സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും നിയമഭേദഗതിയില്‍ വ്യക്തമാക്കുന്നു.

റിക്രൂട്ടിങ് ഏജൻസികള്‍ നടത്തുന്ന എല്ലാ മത്സര പരീക്ഷകളിലും തമിഴ് ഭാഷാ പേപ്പർ നിർബന്ധമാക്കുന്നതാണ് മുന്‍കാല പ്രാബല്യത്തോടെയുള്ള നിയമഭേദഗതി. ഇതുപ്രകാരം 2016ലെ തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സേവന വ്യവസ്ഥയുടെ 21 -ാം വകുപ്പിൽ പുതിയ ഭാഗം കൂട്ടിച്ചേർത്തു. 2021 ഡിസംബര്‍ ഒന്ന് മുതല്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥി, 40 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ തമിഴ് ഭാഷാ പേപ്പര്‍ പാസാകണമെന്നാണ് 21 (a) എന്ന പുതിയ വ്യവസ്ഥ.

തമിഴരുടെ റിക്രൂട്ട്മെന്റ് 100 ശതമാനം ഉറപ്പാക്കാനാകുമോ എന്നതിനായി ഭേദഗതി പുനഃപരിശോധിക്കണമെന്ന ആവശ്യം തമിഴഗ വാഴ്വുരിമൈ കച്ചി നേതാവ് ടി വേൽമുരുകൻ ഉന്നയിച്ചു. തുടര്‍ന്ന ശബ്ദ വോട്ടോടെയാണ് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്