കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ നടപടിക്രമങ്ങള്‍ക്കും ആശയവിനിമയത്തിനും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയിൽ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി അടിച്ചേല്‍പ്പിച്ച് വീണ്ടും ഭാഷായുദ്ധത്തിന് നിർബന്ധിക്കരുതെന്ന് കേന്ദ്ര സർക്കാരിനയച്ച കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചത്.
ഹിന്ദി രാജ്യവ്യാപകമാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ രൂക്ഷ വിമർശനമാണ് സ്റ്റാലിൻ നടത്തിയത്. "ഹിന്ദി സംസാരിക്കുന്നവരെ മാത്രം ഇന്ത്യൻ പൗരന്മാരായും മറ്റുള്ളവരെ രണ്ടാം തരം പൗരന്മാരായും ഉയർത്തിക്കാട്ടുന്നത് ഭിന്നിപ്പിച്ചു ഭരിക്കുന്നത്തിലേക്കാണ് നയിക്കുന്നത്. സംസ്ഥാനങ്ങൾ ഇത് അംഗീകരിക്കില്ല." സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയിൽ ഒരു പൊതുഭാഷ നിർബന്ധമാക്കുന്നത് പ്രായോഗികമായി അസാധ്യമാണെന്നും സ്റ്റാലിൻ ചൂണ്ടിക്കാണിക്കുന്നു.
ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും തുല്യമായി പരിഗണിക്കപ്പെടണമെന്നും തുല്യ അവകാശങ്ങൾക്ക് അർഹതയുണ്ടെന്നും സ്റ്റാലിൻ
നാനാത്വത്തിൽ ഏകത്വമെന്നതാണ് രാജ്യം ഉയർത്തി പിടിക്കുന്നത്. അതിനാൽ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിലെ 22 ഭാഷകളും തുല്യമായി പരിഗണിക്കപ്പെടണം. തുല്യ അവകാശങ്ങൾക്ക് അർഹതയുണ്ടെന്നും സ്റ്റാലിൻ പറയുന്നു. ഹിന്ദി നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാനും പകരം രാജ്യത്തിന്റെ ഐക്യം ഉയർത്തിപ്പിടിക്കാനും ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു,” സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി നിർബന്ധമാക്കുന്നതിനെ ദീർഘകാലമായി എതിർക്കുന്ന സംസ്ഥാനമായ തമിഴ്നാട്. ദ്രാവിഡ പാർട്ടികൾ ഭരിക്കാൻ തുടങ്ങിയ 1960 മുതൽ ദ്വിഭാഷാ നയമാണ് പിന്തുടരുന്നത്. ഹിന്ദി നിർബന്ധമാക്കാനുള്ള വിവിധ കേന്ദ്ര സർക്കാരുകളുടെ ശ്രമങ്ങളെ മാറിമാറി വരുന്ന തമിഴ്‌നാട് സർക്കാരുകൾ എതിർത്തിരുന്നു.
50 വർഷങ്ങൾക്ക് മുന്‍പ് ദക്ഷിണേന്ത്യയിൽ നടന്ന ചരിത്രപരമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ സാരഥികളിൽ ഒരാളായിരുന്നു സ്റ്റാലിന്റെ പിതാവ് എം.കരുണാനിധി. ഈ വിഷയത്തിൽ വർഷങ്ങളോളം സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് നിലനിന്നിരുന്നു. 1962-ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഇംഗ്ലീഷ് ഒരു "ലിങ്ക് ലാംഗ്വേജ്" ആയി തുടരുമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷമാണ് അത് പിൻവാങ്ങിയത്.