INDIA

സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഗവർണറുടെ അസാധാരണ നടപടി; നിയമപരമായി നേരിടുമെന്ന് ഡിഎംകെ

ഇ ഡി അറസ്റ്റ് ചെയ്തതിന് ശേഷം വകുപ്പില്ലാമന്ത്രിയായി സെന്തില്‍ ബാലാജി തുടരുകയായിരുന്നു

വെബ് ഡെസ്ക്

അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സെന്തില്‍ ബാലാജിയെ തമിഴ്‌നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഗവര്‍ണര്‍. ഇ ഡി അറസ്റ്റ് ചെയ്തതിന് ശേഷം വകുപ്പില്ലാമന്ത്രിയായി സെന്തില്‍ ബാലാജി തുടരുകയായിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ ആര്‍ എന്‍ രവി അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് സർക്കാരും ഗവർണറും.

രാജ്ഭവന്റെ വാർത്താ കുറിപ്പ്

ജൂണ്‍ 14 നാണ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവും സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖനുമായ സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു അറസ്റ്റ്. സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതിയിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം നടന്ന അറസ്റ്റ് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി - എക്‌സൈസ് വകുപ്പുകളാണ് സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്നത്. അറസ്റ്റിന് പിന്നാലെ വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ചു നല്‍കി. ഇ ഡി കേസിന്‌റെ പശ്ചാത്തലത്തിലാണ് സെന്തിലിനെ പുറത്താക്കിയതെന്നാണ് രാജ്ഭവന്‌റെ വിശദീകരണം. മന്ത്രിസ്ഥാനത്ത് തുടരുന്നത് നീതിപൂര്‍വമായ അന്വേഷണത്തെ ബാധിക്കുമെന്നും ഭരണസ്തംഭനത്തിന് വഴിവയ്ക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

ഗവര്‍ണറുടെ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് തമിഴ്‌നാട് സര്‍ക്കാരും ഡിഎംകെയും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയാതെയാണ് രാജ്ഭവന്‍ ഉത്തരവിറക്കിയത്. പുറത്താക്കല്‍ നടപടി നിയമപരമായി നേരിടുമെന്ന് ഡിഎംകെ അറിയിച്ചു. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സ്റ്റാലിൻ പറഞ്ഞു

സെന്തില്‍ ബാലാജിയുടെ വകുപ്പുകളെടുത്തുമാറ്റി മന്ത്രി പദവി നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഗവര്‍ണര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കേസുണ്ടെന്ന കാരണത്താല്‍ മാത്രം ഒരാളെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനാകില്ലെന്നായിരുന്നു സര്‍ക്കാരിന്‌റെ നിലപാട്. അമിത് ഷാ ഗുജറാത്തില്‍ മന്ത്രിയായിരുന്ന കാലത്ത് കേസുണ്ടായിരുന്നിട്ടും അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ലെന്ന് ഡിഎംകെ വാദിച്ചു.

നേരത്തെയും വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കടുത്ത ഭിന്നത നിലനിന്നിരുന്നു. തമിഴ്‌നാടിന്റെ പേര് തമിഴകം എന്നാക്കണം എന്നതടക്കം വിവിധ വിഷയങ്ങളില്‍ പരസ്യമായ പോരിലേക്ക് കാര്യങ്ങള്‍ നീങ്ങി. ബില്ലുകള്‍ അനിശ്ചിതമായി പിടിച്ചുവയ്ക്കുകയോ മടക്കുകയോ ചെയ്യുന്ന ഗവര്‍ണറുടെ നടപടി നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയാണ് സര്‍ക്കാര്‍ നേരിട്ടത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി