സംസ്ഥാനത്ത് മെഡിക്കൽ പ്രവേശനത്തിന് ദേശീയ യോഗ്യതാ പരീക്ഷ(നീറ്റ്) ഒഴിവാക്കുന്ന ബില്ലിനെ അംഗീകരിക്കില്ലെന്ന ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നിലപാടിനെ വിമര്‍ശിച്ച് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യന്‍. ബിൽ പാസാകാൻ ഗവർണറുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ബില്ലിന് അനുമതി നല്‍കേണ്ട അവസാനയാള്‍ താനാണെന്ന ഗവർണറുടെ പരാമർശത്തിനാണ് മന്ത്രിയുടെ മറുപടി.
'മറ്റൊരു വഴിയുമില്ലാതെയാണ് ഗവര്‍ണര്‍ അത് രാഷ്ട്രപതിക്ക് അയച്ചത്. അതോടെ അദ്ദേഹത്തിന്റെ ജോലി തീര്‍ന്നു. ഇനിയിപ്പോള്‍ അദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. ബില്ലിന് അദ്ദേഹത്തിന്റെ സമ്മതവും ആവശ്യമില്ല'. മന്ത്രി പറഞ്ഞു.
രാഷ്ട്രപതി ബില്ലിന് അനുമതി നല്‍കിയാല്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമേ ഗവര്‍ണറുമായി പങ്കിടുകയുള്ളുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അതിനാല്‍ ഇപ്പോള്‍ നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പുവയ്ക്കേണ്ട അവസാനയാൾ ഗവർണറാണെന്ന് പറയുന്നത് ശരിയല്ലെന്നും ഇത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതിന് തുല്യമാണെന്നുമാണ് മന്ത്രി മറുപടി നൽകിയത്.
ഒരു സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും സ്റ്റാലിന്‍ അധികാരത്തിലെത്തിയാല്‍ കേന്ദ്ര യോഗ്യതാ പരീക്ഷാ ഒഴിവാക്കുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നെന്നും മന്ത്രി ഓർമിപ്പിച്ചു.
ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. വീണ്ടും സര്‍ക്കാര്‍ ബില്‍ അയച്ചെങ്കിലും ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു
നീറ്റിൽ മികച്ചവിജയം നേടിയ സംസ്ഥാനത്തെ 100 വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു ഗവണർറുടെ പരാമർശം. ബില്ലിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
നേരത്തെ, ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. വീണ്ടും സര്‍ക്കാര്‍ ബില്‍ അയച്ചെങ്കിലും ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയായിരുന്നു.
'ഞാനാണ് ബില്ലിന് അനുമതി നല്‍കേണ്ട അവസാനയാള്‍. ഒരിക്കലും ഞാനത് നല്‍കില്ല. കുട്ടികള്‍ക്ക് ബൗദ്ധികപരമായ വൈകല്യമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുട്ടികള്‍ മത്സരിക്കാനും മികച്ച നിലവാരം പുലര്‍ത്താനുമാണ് ആഗ്രഹിക്കുന്നത്'. ഇതായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് നീറ്റ് നിരോധന ബില്ലിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.