INDIA

തമിഴ്നാട് സർക്കാരിനെ വിടാതെ വീണ്ടും ഇ ഡി; ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും മകന്റെയും വീടുകളില്‍ റെയ്ഡ്

കള്ളപ്പണം വെളുപ്പിക്കല്‍, നിയമം ലംഘിച്ച് ക്വാറി ലൈസൻസ് അനുവദിക്കൽ തുടങ്ങിയ കേസുകളിലാണ് റെയ്ഡ്

വെബ് ഡെസ്ക്

തമിഴ്‌നാട് മന്ത്രിമാര്‍ക്കെതിരെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ കെ പൊന്‍മുടിയുടെയും മകന്റെയും വീടുകളില്‍ ഇ ഡി റെയ്ഡ് നടത്തി. മന്ത്രി കെ പൊന്‍മുടിയുടെയും മകനും എംപിയുമായ ഗൗതം സിഗാമണിയുടെയും ചെന്നൈയിലും വില്ലുപുരത്തുമുള്ള വീടുകളിലാണ് റെയ്ഡ് നടന്നത്.

സംസ്ഥാന ഖനന മന്ത്രിയായിരിക്കെ (2007നും 2011നും ഇടയില്‍) കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് പൊന്‍മുടിക്കെതിരായ കേസ്. ക്വാറി ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് സര്‍ക്കാര്‍ ഖജനാവിന് പൊന്‍മുടി 28 കോടി രൂപയുടെ നഷ്ടം വരുത്തിയതായും ആരോപണമുണ്ട്. മകനുള്‍പ്പെടെയുള്ള മറ്റ് ബന്ധുക്കള്‍ക്കായി ക്വാറി ഖനന ലൈസന്‍സ് നേടിയെന്നും പരിധിക്കപ്പുറം ഖനനം നടത്തിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇളവ് ആവശ്യപ്പെട്ട് മന്ത്രിയുടെ മകന്‍ ഗൗതം സിഗാമണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിന്റെ വിചാരണ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു

മന്ത്രിക്കും അദ്ദേഹത്തോട് ബന്ധമുള്ളവര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസിന് പരാതി ലഭിച്ചിരുന്നു. കേസിൽ മന്ത്രിയുടെ മകന്‍ ഗൗതം സിഗാമണി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ സ്‌റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഹര്‍ജിക്കാരന്‍ കുറ്റം ചെയ്തുവെന്ന് അനുമാനിക്കാന്‍ കാരണമുണ്ടെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ഡിഎംകെ ആരോപിച്ചു. പാര്‍ട്ടിയെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ബെംഗളൂരുവില്‍ വിശാല പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രിക്കെതിരായ ഇ ഡി നീക്കം.

വില്ലുപുരം ജില്ലയിലെ തിരുക്കോയിലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 72 കാരനായ മന്ത്രി പൊന്‍മുടി. മകന്‍ സിഗാമണി കള്ളക്കുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമാണ്. അഴിമതിയാരോപണം ഉന്നയിച്ച് എക്‌സൈസ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ കഴിഞ്ഞ മാസമാണ് ഇ ഡി അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിക്ക് നേരെയും ഇ ഡിയുടെ സമാന നടപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ