INDIA

ഉദയനിധി സ്റ്റാലിന് പ്രതിരോധം തീർത്ത് ഡിഎംകെ; അമിത് മാളവ്യയ്ക്കും തലവെട്ടാൻ ആഹ്വാനം ചെയ്ത സന്യാസിക്കുമെതിരെ കേസ്

വെബ് ഡെസ്ക്

തമിഴ്‌നാട് യുവജന കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തില്‍ വിവാദം കനക്കുന്നതിനിടെ പ്രതിരോധം തീർത്ത് ഡിഎംകെ. ഉദയനിധിക്കെതിരായ പരാമർശങ്ങളില്‍ ബിജെപി ഐടി സെല്‍ മേധാവിക്കും അയോധ്യയിലെ സന്യാസിക്കെതിരെയും തമിഴ്നാട് പോലീസ് കേസെടുത്തു. ഉദയനിധിയുടെ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് അമിത് മാളവ്യക്കെതിരായ കേസ്. തിരുച്ചിറപ്പള്ളി പോലീസാണ് ഡിഎംകെയുടെ പരാതിയില്‍ കേസെടുത്തത്. ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം നല്‍കിയെന്നായിരുന്നു പ്രചാരണം.

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത അയോധ്യ ദര്‍ശകന്‍ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്ക്കെതിരെ മധുരൈ സിറ്റി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ദര്‍ശകന്‍ വീഡിയോയില്‍ പ്രഖ്യാപിച്ചിരുന്നു. പ്രതീകാത്മകമായ 'തലവെട്ടല്‍' പ്രദര്‍ശിപ്പിക്കാന്‍ ഉദയനിധി സ്റ്റാലിന്റെ ഫോട്ടോയില്‍ വാളുകൊണ്ട് കുത്തി കത്തിക്കുകയും ചെയ്തിരുന്നു. ഡിഎംകെയുടെ നിയമ വിഭാഗം നല്‍കിയ പരാതിയിലാണ് മധുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിദ്വേഷവും ക്രിമിനല്‍ ഭീഷണിയും പ്രോത്സാഹിപ്പിച്ചതിന് സന്യാസിക്ക് പുറമേ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (ട്വിറ്റര്‍) വീഡിയോ ഷെയര്‍ ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ പിയൂഷ് റായി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 153, 153 എ (1) (എ), 04, 505 (1) (ബി), 505 (2), 506 (ii) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സനാതന ധര്‍മ പരാമര്‍ശം നടത്തിയതിൽ തലയെടുക്കുമെന്ന് പ്രഖ്യാപിച്ച ഹിന്ദു സന്യാസിക്ക് പരിഹാസ മറുപടിയുമായി ഉദയനിധി സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. 'എന്റെ തലയ്ക്ക് 10 കോടിയൊന്നും വേണ്ട, 10 രൂപയുടെ ചീർപ്പുമാത്രം മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും