INDIA

തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി റിമാൻഡിൽ; ആശുപത്രിയിൽ തുടരാം

സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ഇന്ന് പുലര്‍ച്ചെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്

വെബ് ഡെസ്ക്

എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ ചെന്നൈ പ്രിൻസിപ്പൽ ഡിസ്ട്രിക് കോടതി റിമാൻഡ് ചെയ്തു. ജൂൺ 28 വരെയാണ് ബാലാജിയെ റിമാൻഡ് ചെയ്തത്. ബാലാജിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് സെഷൻ കോടതി ജഡ്ജി നടപടികൾ പൂർത്തിയാക്കിയത്. റിമാൻഡ് ചെയ്തെങ്കിലും ബാലാജിക്ക് ആശുപത്രിയിൽ തുടരാം. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ബുധനാഴ്ച പുലര്‍ച്ചെയാണ് ഇ ഡി അറസ്റ്റ് ചെയ്തത്.

ഇതിനിടെ, മന്ത്രിക്ക് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ചെന്നൈ സെഷന്‍സ് കോടതിയെ സമീപിച്ചു. ഹര്‍ജി കോടതി പരിഗണിക്കുകയാണ്.

നേരത്തെ, അറസ്റ്റിന് ശേഷം സെന്തിൽ ബാലാജിയെ കാണാനില്ലെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നത്തിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആർ ശക്തിവേൽ പിൻമാറിയിരുന്നു. ഇതോടെ ഹര്‍ജി ജസ്റ്റിസുമാരായ ജെ നിഷ ബാനു, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. ഇന്ന് വൈകിട്ട് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

യാതൊരു അറിയിപ്പും സമൻസും ഇല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് 2.15ന് ജസ്റ്റിസ് എം സുന്ദർ, ജസ്റ്റിസ് ആർ ശക്തിവേൽ എന്നിവരടങ്ങിയ ബെഞ്ചിന് കേസ് പരിഗണിക്കാനിരിക്കെയാണ് ജഡ്ജി പിന്മാറിയത്. പിന്നാലെയാണ് പുതിയ ബെഞ്ച് രുപീകരിച്ചത്.

ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം പുലർച്ചെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ