INDIA

സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ വിധി ഇന്ന്

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയുടെ ജാമ്യഹര്‍ജിയിൽ ചെന്നൈ സെഷൻ കോടതി ഇന്ന് വിധി പറയും. ഡിഎംകെ ബുധനാഴ്ച സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിച്ച കോടതി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്.

ഇന്നലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് കോടതി സെന്തിൽ ബാലാജിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ കഴിയുന്ന ബാലാജിക്ക് ചികിത്സയിൽ തുടരാൻ കോടതി അനുവാദം നൽകി. ബാലാജിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തിയ ശേഷമായിരുന്നു സെഷൻ കോടതി ജഡ്ജി നടപടികൾ പൂർത്തിയാക്കിയത്.

ജയലളിത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ഇന്നലെ സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കി.

രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം പിന്‍വാതില്‍ വഴി ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഇ ഡി നടപടി എന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറസ്റ്റില്‍ പ്രതികരിച്ചത്. മറ്റ് പ്രതിപക്ഷ പാർട്ടികളും വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്