INDIA

ഗവർണറുടെ പൊങ്കൽ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാർ ചിഹ്നമില്ല; പ്രകോപനമായി 'തമിഴക' പരാമർശവും; ആർഎസ്എസ് അജണ്ടയെന്ന് ഡിഎംകെ

രാജ്ഭവനില്‍ നിന്നുള്ള പൊങ്കൽ ക്ഷണക്കത്തില്‍ ഗവർണർ സ്വയം വിശേഷിപ്പിക്കുന്നത് തമിഴക ആഴുനാർ എന്നാണ്. കഴിഞ്ഞ വർഷം തമിഴ്നാട് ഗവർണർ എന്ന് എഴുതിയ ഇടത്താണ് ഇത്തവണ ഈ മാറ്റം.

വെബ് ഡെസ്ക്

തമിഴ്നാട്ടിൽ സർക്കാർ- ഗവർണർ പോര് മുറുകുന്നു. തമിഴ്നാട്- തമിഴകം വിവാദമാണ് പുതിയ തലത്തിൽ എത്തി നിൽക്കുന്നത്. തമിഴ്‌നാടിന് ചേര്‍ന്ന പേര് തമിഴകമാണെന്ന ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പ്രസ്താവനയാണ് പുതിയ തർക്കത്തിനാധാരം. ഇപ്പോൾ ഗവർണറുടെ പൊങ്കല്‍ ക്ഷണക്കത്തിലാണ് തമിഴകം എന്ന പരാമര്‍ശം ആവര്‍ത്തിച്ചത്. ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് ഗവർണറെന്ന ആക്ഷേപുമായി ഡിഎംകെയടക്കമുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി. ഇതോടെ പ്രശ്നം കൂടുതൽ വഷളാവുകയാണ് തമിഴ്നാട്ടിൽ.

2023ലെ പൊങ്കൽ ക്ഷണക്കത്ത്

രാജ്ഭവനില്‍ നിന്നുള്ള പൊങ്കൽ ക്ഷണക്കത്തില്‍ ഗവർണർ സ്വയം വിശേഷിപ്പിക്കുന്നത് തമിഴക ആഴുനാർ എന്നാണ്. കഴിഞ്ഞ വർഷം തമിഴ്നാട് ഗവർണർ എന്ന് എഴുതിയ ഇടത്താണ് ഇത്തവണ ഈ മാറ്റം. മാത്രമല്ല ഇത്തവണ തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം കത്തിലില്ല. മറിച്ച് കേന്ദ്ര സർക്കാരിന്റെ ചിഹ്നം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

2022ലെ പൊങ്കൽ ക്ഷണക്കത്ത്

കഴിഞ്ഞയാഴ്ചയാണ് സർക്കാരിനെതിരെ പരസ്യ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്. രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുന്ന കാര്യങ്ങളില്‍ തമിഴ്‌നാടെപ്പോഴും എതിര് പറയുമെന്നും അത് ഒരു ശീലമായിരിക്കുന്നു എന്നുമായിരുന്നു വിമർശനം. സത്യം പുറത്തുകൊണ്ടു വരണം. തമിഴകമെന്നത് തന്നെയാണ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ പേരെന്നും ഗവർണർ പറഞ്ഞു. ഇത് വലിയ കോലോഹലങ്ങൾക്ക് ഇടയാക്കി.

തമിഴ്‌നാട് എന്നാല്‍ 'തമിഴരുടെ രാഷ്ട്രം' എന്നാണ് അര്‍ഥം, തമിഴകം എന്നാല്‍ ' തമിഴ് ജനതയുടെ വാസസ്ഥലം എന്നും.

ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് തമിഴ്‌നാട് സര്‍ക്കാർ തന്നെ ആരോപിക്കുന്നു. ഗവര്‍ണറുടെ പ്രസ്താവനകള്‍ വസ്തുതാ വിരുദ്ധവും അപകടകരവുമാണെന്നും ഡിഎംകെ നേതാവ് ടിആര്‍ ബാലു പറഞ്ഞു. ഗവർണർക്കെതിരെ സിപിഎമ്മും രംഗത്തെത്തി. സഭയില്‍ നിന്ന് ഇറങ്ങിപ്പോയ അതേ വേഗത്തില്‍ ഗവർണർ സംസ്ഥാനം വിടണമെന്നും സിപിഎം നേതാവ് സു വെങ്കടേശന്‍ എംപി പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില വാചകങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തവയെന്നും അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപോവുകയും ചെയ്തിരുന്നു. ഈ വിവാദത്തിന് ശേഷമാണ് തമിഴ്നാട്- തമിഴകം തർക്കം രൂക്ഷമാകുന്നത്. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. സര്‍ക്കാര്‍ എഴുതി നല്‍കിയ ഭാഗം ഗവര്‍ണര്‍ വായിച്ചില്ലെന്നും ആരോപണം ഉയർന്നു. അതിന് ശേഷം #GetOutRavi എന്ന ഹാഷ്ടാഗോടു കൂടി ഗവര്‍ണര്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

കേന്ദ്രസര്‍ക്കാരിനെ സൂചിപ്പിക്കാന്‍ ഒണ്ട്രിയ അരസു (യൂണിയൻ ഗവർൺമെന്റ്) എന്ന വാക്കുപയോഗിക്കുന്നതിനെതിരേയും ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. തമിഴ്‌നാട് പാഠ പുസ്തകങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സൂചിപ്പിക്കാനാണ് ഒണ്ട്രിയ അരസു എന്ന പദം നല്‍കിയിരുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെ ഇകഴ്ത്തുന്ന പദമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തമിഴ്നാട് ടെക്സ്റ്റ്ബുക്ക് കോര്‍പ്പറേഷന്‍ അച്ചടിക്കുന്ന പാഠപുസ്തകങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ 'മധ്യ അരസു' (കേന്ദ്ര സര്‍ക്കാര്‍) എന്നതിന് പകരം തമിഴില്‍ 'ഒണ്ട്രിയ അരസു' എന്ന് പരാമര്‍ശിക്കാന്‍ തുടങ്ങുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ യോജിച്ച വിവര്‍ത്തനമാണ് 'ഒണ്ട്രിയ അരസു' എന്ന് ഡിഎംകെ വാദിക്കുമ്പോള്‍, ഭരണകക്ഷി 'ഗൂഢലക്ഷ്യത്തോടെ' നാമകരണത്തില്‍ മാറ്റം വരുത്തുന്നുവെന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി ഘടകം ഈ പദത്തെ എതിര്‍ത്തിരുന്നു.

ഇതാദ്യമല്ല തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ ടി എന്‍ രവിയും തമ്മില്‍ ഏറ്റുമുട്ടുന്നത്. തമിഴ്നാട് നിയമസഭ പാസാക്കിയ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുകളില്‍ ആര്‍ എന്‍ രവി ഒപ്പുവെച്ചിരുന്നില്ല. ഗവര്‍ണര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ നിന്ന് മന്ത്രിമാരുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കള്‍ വിട്ടുനില്‍ക്കുന്നതും പതിവാണ്. രാജ്ഭവന്‍ സംഘടിപ്പിക്കുന്ന വിരുന്നുകളില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യവുമുണ്ടാകാറില്ല. പരസ്പരമുള്ള ഏറ്റുമുട്ടലുകള്‍ ശക്തമായതോടെ നവംബറില്‍ ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അപേക്ഷ നല്‍കിയിരുന്നു. ബില്ലുകളൊന്നും ഗവര്‍ണര്‍ അംഗീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ