INDIA

ഒടുവിൽ ഗവർണർ വഴങ്ങി; തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിന് അംഗീകാരം

വെബ് ഡെസ്ക്

ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കാനും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നേരത്തെ മടക്കിയയച്ച ബില്ലാണ് ഗവർണർ തിങ്കളാഴ്ച അംഗീകരിച്ചത്. നിയമസഭ രണ്ട് തവണ പാസാക്കിയിട്ടും ഗവർണർ ഒപ്പിടുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ഗവർണർക്കെതിരെ സഭ പ്രമേയം പാസാക്കുകയും ബിൽ പാസാക്കാൻ നിർദേശിക്കണമെന്ന് കേന്ദ്രത്തോടും രാഷ്ട്രപതിയോടും അഭ്യർഥിക്കുകയും ചെയ്തതിന് പിന്നാലെയാണ് ആർ എൻ രവി വഴങ്ങിയത്.

2022 ഒക്ടോബറിലാണ് ബിൽ ആദ്യമായി തമിഴ്നാട് നിയമസഭ പാസാക്കിയത്. മാസങ്ങളോളം ബില്ലിൽ ഒപ്പിടാതെ മൗനം തുടർന്ന ഗവർണർ, ഒടുവിൽ ഇങ്ങനെയൊരു നിയമം നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയക്കുകയായിരുന്നു. കഴിഞ്ഞ മാസം ബിൽ വീണ്ടും നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി. ഉടൻ നടപടി സ്വീകരിക്കാൻ ഗവർണർ തയ്യാറായില്ല. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിക്കാൻ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും ഇടപെടണം എന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ട ദിവസമാണ് ഒടുവിൽ ഗവർണർ വഴങ്ങിയത്. പ്രമേയത്തിന്മേലുള്ള ചർച്ചയിൽ രാജ്ഭവന് സർക്കാർ നൽകുന്ന തുക ഗവർണർ വകമാറ്റി ചെലവഴിക്കുന്നു എന്നതടക്കം ആരോപണം നിയമസഭയിൽ ഉന്നയിക്കപ്പെട്ടു. രാജ്ഭവൻ രാഷ്ട്രീയ നീക്കം നടത്തുന്നു എന്നായിരുന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുറ്റപ്പെടുത്തൽ.

ബില്ലുകള്‍ പാസാക്കാന്‍ പറ്റാത്തതാണെങ്കില്‍ അവ തടഞ്ഞു വയ്ക്കുകയാണ് മികച്ച മാര്‍ഗമെന്ന ഗവര്‍ണറുടെ പ്രസ്താവന നേരത്തെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അത്തരം ബില്ലുകളെ മരിച്ച ബില്ലുകള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഓണ്‍ലൈന്‍ ചൂതാട്ടത്തിലുണ്ടായ നഷ്ടം കാരണം 41 പേരാണ് സമീപകാലത്ത് തമിഴ്‌നാട്ടില്‍ ജീവനൊടുക്കിയത്. ഈ അടിയന്തര സാഹചര്യമാണ് നിയമം കൊണ്ടുവരാൻ സർക്കാരിന് പ്രേരണയായത്. ഓൺലൈൻ ചൂതാട്ടവും ഓൺലൈൻ ഗെയിമുകളും ആസക്തി സ്വഭാവമുള്ളവയാണെന്നും, ഇത് വഴി നിരവധി ഭീഷണിയാണ് സമൂഹത്തിലുണ്ടാക്കുന്നതെന്നും എന്നാൽ ആവശ്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളെ നിരോധിക്കുന്ന നിയമം നേരത്തെ എഐഎഡിഎംകെ സർക്കാർ നടപ്പിലാക്കിയിരുന്നു. എന്നാല്‍ കോടതി ഇടപ്പെട്ട് ഈ നിയമം അസാധുവാക്കുകയായിരുന്നു.

സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകിന്നതിനിടെ ബില്ലിൻ അംഗീകാരം ലഭിച്ചത്, ഡിഎംകെയുടെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതടക്കമുള്ള ഇരുപതിലധികം ബില്ലുകളാണ് നിലവില്‍ രാജ്ഭവന്റ പരിഗണനയിലുള്ളത്. തമിഴ്നാടിന്റെ പേര് സംബന്ധിച്ചതടക്കമുള്ള പരാമര്‍ശത്തിന്റെ പേരില്‍ വലിയ വിവാദങ്ങളാണ് തമഴ്നാട് ഗവര്‍ണര്‍ സൃഷ്ടിച്ചത്.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി