തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കി ഡിഎംകെ. ഗവര്‍ണര്‍ ആര്‍ എന്‍ രവി സംസ്ഥാനത്തെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം. ഭരണഘടന സംരക്ഷിക്കുമെന്ന സത്യപ്രതിജ്ഞ ഗവര്‍ണര്‍ ലംഘിച്ചുവെന്ന് ഡിഎംകെ ആരോപിക്കുന്നു. ഭരണഘടനയും നിയമവ്യവസ്ഥയും സംരക്ഷിക്കേണ്ട ഗവര്‍ണര്‍ തന്നെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ഭരണകക്ഷി രാഷ്ട്രപതിയെ അറിയിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ മനപൂര്‍വം ഒപ്പിടാതെ വൈകിപ്പിക്കുകയാണെന്നും നിവേദനത്തില്‍ പറയുന്നു.
ഡിഎംകെ സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നയാളാണ് ഗവര്‍ണര്‍ ആർ എൻ രവി. 20 ബില്ലുകളാണ് തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്തതിനാല്‍ പാസാക്കാനാവാതെ തുടരുന്നത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ ഈമാസം ആദ്യം തന്നെ ഡിഎംകെ നീക്കം ആരംഭിച്ചിരുന്നു. രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള സംയുക്ത നിവേദനത്തിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഒഴികെയുള്ള എല്ലാ പ്രതിപക്ഷ കക്ഷി നേതാക്കൾക്കും ഡിഎംകെ നേതൃത്വം കത്തയച്ചിരുന്നു. പിന്തുണയറിയിച്ച് കോൺഗ്രസും മുന്നോട്ടെത്തി.
രാഷ്ട്രപതിക്ക് ഗവര്‍ണറെ നിയമിക്കാനും നീക്കം ചെയ്യാനും കഴിയുമെന്നാണ് ഭരണഘനാപരമായ വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിഎംകെയുടെ നിവേദനം.
ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താനുള്ള പ്രസ്താവനകൾ പൊതുയിടങ്ങളിൽ നടത്താൻ ആഗ്രഹിക്കുന്നെങ്കില്‍ ആര്‍ എന്‍ രവി ഗവർണർ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ഡിഎംകെ നേരത്തെ മുതല്‍ സ്വീകരിക്കുന്ന നിലപാട്. പൊതുപരിപാടികളിൽ ഗവർണർ ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നതും സർക്കാരിനെതിരെ പരോക്ഷമായി പരാമർശങ്ങൾ നടത്തുന്നതും ഡിഎംകെ നേതാക്കള്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം തുടരുന്ന മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. കേരളത്തിലും തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഗവര്‍ണര്‍മാര്‍ കേന്ദ്രത്തിന്റെ പാവകളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് മൂന്ന് സംസ്ഥാനങ്ങളിലേയും സര്‍ക്കാരുടെ ആരോപണം.