എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി അറസ്റ്റ് ചെയ്ത ബാലാജിയെ ആദ്യം സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോടതി ഉത്തരവിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
''സെന്തിൽ ബാലാജിക്ക് എത്രയും വേഗം ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ അത് നാളെ തന്നെ നടത്തും. കഴിഞ്ഞയാഴ്ച സർക്കാർ ഡോക്ടർമാർ രോഗനിർണയം നടത്തിയപ്പോഴാണ് ബ്ലോക്കുകളെ കുറിച്ച് മന്ത്രി അറിയുന്നത്. അതിന് മുൻപ് അദ്ദേഹത്തിന് അതേ കുറിച്ച് അറിയില്ലായിരുന്നു''- മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. ജൂൺ 14-ന് ബാലാജി കൊറോണറി ആൻജിയോഗ്രാമിന് വിധേയനായിരുന്നു. ബാലാജിയെ ചികിത്സിക്കുന്ന കാവേരി ആശുപത്രിയിലെ ഡോക്ടർമാർ എത്രയും വേഗം ബൈപാസ് സർജറി വേണമെന്ന് നിർദേശിച്ചിട്ടുരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 14നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ജോലി നല്‍കുന്നതിന് കോഴ ആവശ്യപ്പെട്ടെന്ന കേസിലാണ് ഇ ഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ സെന്തില്‍ ബാലാജിയെ ഓമന്ദൂരാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ജൂൺ 16ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് മന്ത്രി ചെന്നൈ കോടതിയിൽ ഹാജരായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റിലായ സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളിയ പ്രാദേശിക കോടതി അദ്ദേഹത്തെ എട്ട് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബാലാജിയെ ആശുപത്രിയിൽ നിന്ന് മാറ്റാനാകില്ലെന്ന് കോടതി ഇഡിയോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ബാലാജിയുടെ അഭിഭാഷകൻ എ ശരവണൻ പറഞ്ഞു.
അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിൽ ബാലാജിയുടെ സഹോദരൻ ആർ വി അശോക് കുമാർ, പേഴ്‌സണൽ അസിസ്റ്റന്റ് ബി ഷൺമുഖം എന്നിവരെയും ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ചില പ്രതികളെയും മന്ത്രിയുമായി ബന്ധപ്പെട്ട ബിനാമി ഭൂമി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീയെയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മൊഴി രേഖപ്പെടുത്താൻ വിളിച്ചിട്ടുണ്ട്.