വിവാഹ സൽക്കാരത്തിനും വിരുന്നുകൾക്കും മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിച്ച നടപടി തമിഴ്നാട് സർക്കാർ പിൻവലിച്ചു. വിരുന്നുകൾ, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, കോൺഫറൻസ് ഹാളുകൾ, കൺവൻഷൻ സെന്ററുകൾ , വിവാഹ ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ മദ്യം ഉപയോഗിക്കുന്നതിനായി 1981ലെ തമിഴ്‌നാട് മദ്യ ചട്ടങ്ങൾ ഭേദഗതി ചെയ്തുള്ള ഉത്തരവാണ് കഴിഞ്ഞ മാസം സർക്കാർ പുറത്തിറക്കിയത്. വിഷയം വിവാദമായതോടെ വിവാഹ സത്ക്കാരത്തിന് മദ്യം വിളമ്പുന്നത് പിൻവലിച്ചതായി സർക്കാർ വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ തകർക്കാൻ പുതിയ നിയമം കാരണമാകുമെന്ന ബിജെപിയും എഐഎഡിഎംകെയും ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നായിരുന്നു ലൈസൻസ് പിൻവലിച്ചത്. പ്രത്യേക അനുമതി വാങ്ങി മദ്യം വിളമ്പാമെന്നായിരുന്നു സർക്കാർ ഉത്തരവി ഇതിൽ കല്യാണ ഹാളുകൾ ഒഴിവാക്കി പുതിയ ഉത്തരവ് ഇറക്കാനാണ് തീരുമാനം. കല്യാണ മണ്ഡപങ്ങളിൽ മദ്യം അനുവദിക്കരുതെന്നും, അന്താരാഷ്‌ട്ര തലത്തിലുള്ള സ്‌പോർട്‌സും മറ്റ് പരിപാടികളും നടക്കുന്ന വേദികളിൽ മദ്യം വിളമ്പാനായി തമിഴ്‌നാട് സർക്കാർ പ്രത്യേക ലൈസൻസ് നൽകുമെന്നും വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജി പറഞ്ഞു. 1981ലെ തമിഴ്‌നാട് മദ്യ (ലൈസൻസ് ആൻഡ് പെർമിറ്റ്) ചട്ടങ്ങൾ ഭേദഗതി ചെയ്ത് നടപടിക്രമങ്ങൾ സുഗമമാക്കിക്കൊണ്ടുള്ള നിയമം പുതിയ ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.
മദ്യത്തിന്റെ ലൈസൻസ് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഏകാധിപത്യപരമായ നീക്കമെന്നാണ് എഐഎഡിഎംകെയുടെ സംഘടനാ സെക്രട്ടറിയും മുൻ ഫിഷറീസ് മന്ത്രിയുമായ ഡി ജയകുമാർ വിശേഷിപ്പിച്ചത്. പാശ്ചാത്യ സംസ്‌കാരം തമിഴ്‌നാട്ടിലേക്ക് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അത് നശിപ്പിക്കുമെന്നും പറഞ്ഞു. അല്ലെങ്കിൽ തന്നെ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ കഞ്ചാവിന് അടിമകളാണെന്നും പെൺകുട്ടികൾ മദ്യത്തിന് ഇരയാണെന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ സർക്കാർ തീരുമാനം പിൻവലിക്കണമെന്നുമായിരുന്നു ജയകുമാർ ആവശ്യപ്പെട്ടത്.