INDIA

'ഇന്ത്യ എന്‌റെ രണ്ടാമത്തെ വീട്, ഇവിടെ താമസിക്കാന്‍ അനുവദിക്കണം'; റസിഡന്‍സ് പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന ആവശ്യവുമായി തസ്ലീമ നസ്രിന്‍

2004-ല്‍ ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയും റസിഡന്‍സ് പെര്‍മിറ്റ് ഇടയ്ക്കിടെ പുതുക്കി നല്‍കുകയും ചെയ്തിരുന്നു

വെബ് ഡെസ്ക്

ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും ജൂലൈയില്‍ കാലഹരണപ്പെട്ട തന്‌റെ ഇന്ത്യന്‍ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കി നല്‍കണമെന്നും ആവശ്യപ്പെട്ട് ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിന്‍. ഇന്ത്യ തന്‌റെ രണ്ടാമത്തെ വീടാണെന്നും മഹത്തായ ഈ രാജ്യത്തെ താന്‍ സ്‌നേഹിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി അമിത് ഷായോട് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തസ്ലീമ പറഞ്ഞു.

'പ്രിയ അമിത്ഷാ ജി നമസ്‌കാരം. ഈ മഹത്തായ രാജ്യത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇത് എന്‌റെ രണ്ടാമത്തെ വീടാണ്. ജൂലൈ 22 മുതല്‍ ആഭ്യന്തര മന്ത്രാലയം എന്റെ താമസാനുമതി നീട്ടിനല്‍കുന്നില്ല. ഞാന്‍ വളരെ വിഷമത്തിലാണ്. ഇവിടെ താമസിക്കാന്‍ അനുവദിച്ചാല്‍ ഞാന്‍ നിങ്ങളോട് വളരെ നന്ദിയുള്ളവരായിരിക്കും' തസ്ലീമ ട്വീറ്റ് ചെയ്തു.

2004-ല്‍ ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ താമസിക്കാന്‍ അനുവാദം നല്‍കുകയും റസിഡന്‍സ് പെര്‍മിറ്റ് ഇടയ്ക്കിടെ പുതുക്കി നല്‍കുകയും ചെയ്തിരുന്നു. 2008-ല്‍ മുസ്ലിം സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് വിദേശത്തേക്ക് പോകേണ്ടി വന്നെങ്കിലും 2011 മുതല്‍ ഡല്‍ഹിയില്‍ താമസിക്കുകയായിരുന്നു സ്വീഡിഷ് പൗരത്വമുള്ള തസ്ലീമ.

തന്‌റെ ഇന്ത്യന്‍ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കിനല്‍കാത്തതിനെക്കുറിച്ച് മുന്‍പും തസ്ലീമ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈനില്‍ തന്‌റെ അപേക്ഷാനില പരിശോധിക്കുമ്പോഴെല്ലാം അത് 'അപ്‌ഡേറ്റിങ്' എന്നാണ് സ്ഥിരമായി കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. തന്‌റെ നിലവിലെ റസിഡന്‍സി പ്രശ്‌നങ്ങള്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്ഷുബ്ധവുമായി ബന്ധമില്ലാത്തതാണെന്നും തസ്ലീമ പറഞ്ഞിരുന്നു. 'ബംഗ്ലാദേശുമായും അതിന്‌റെ രാഷ്ട്രീയവുമായും എനിക്ക് യാതൊരു ബന്ധവുമില്ല, ഇവിടെ ഞാന്‍ സ്ലീഡിഷ് പൗരയായാണ് ജീവിക്കുന്നത്' അവര്‍ പറഞ്ഞു.

തന്‌റെ രചനകളുടെ പേരില്‍ സ്വന്തം ഫത്‍വ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് 1994 മുതലാണ് തസ്ലീമ നസ്രിന്‍ ബംഗ്ലാദേശിനുപുറത്ത് താമസമാരംഭിക്കുന്നത്. 30 വര്‍ഷമായി അമേരിക്കിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഡല്‍ഹിയില്‍ താമസമാക്കുന്നതിനു മുമ്പ് കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ ദീര്‍ഘകാല റസിഡന്‍സ് പെര്‍മിറ്റിലാണ് തസ്ലീമ താമസിച്ചിരുന്നത്.

തസ്ലീമയുടെ ആത്മകഥയായ 'ലജ്ജ'(1993), 'അമര്‍ മെയേബെല' (1998) എന്നിവയുള്‍പ്പെടെ തസ്ലീമയുടെ നിരവധി പുസ്തകങ്ങള്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി