INDIA

അടുത്ത തിരഞ്ഞെടുപ്പിന് ടിഡിപി - ജനസേനാ സഖ്യം, ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം: പവന്‍ കല്യാണ്‍

സെൻട്രൽ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് പവൻ കല്യാൺ സഖ്യം പ്രഖ്യാപിച്ചത്

വെബ് ഡെസ്ക്

അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിന് പിന്നാലെ ടിഡിപി-ജനസേനാ സഖ്യം പ്രഖ്യാപിച്ച് നടനും ജനസേനാ നേതാവുമായ പവന്‍ കല്യാണ്‍. ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുണ്ട്രി സെൻട്രൽ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പവൻ കല്യാൺ സഖ്യം പ്രഖ്യാപിച്ചത്.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ ആഞ്ഞടിച്ച പവന്‍ കല്യാൺ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസേനയും ടിഡിപിയും ഒരുമിച്ച് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''ജനസേനയും ടിഡിപിയും ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം ഞങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുവേണ്ടിയല്ല. ആന്ധ്രാപ്രദേശിന്റെ നല്ല ഭാവിക്കായാണ്. വൈഎസ്ആര്‍സിപി കോണ്‍ഗ്രസുമായി സഖ്യത്തിനില്ല,'' പവൻ കല്യാൺ പറഞ്ഞു.

വിലിയ ക്രിമിനില്‍ കുറ്റങ്ങള്‍ നേരിടുന്ന വ്യക്തിയാണ് ജഗൻ മോഹൻ റെഡ്ഡിയെന്ന് പവന്‍ കുമാര്‍ ആരോപിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. സംസ്ഥാനം കൊള്ളയടിക്കുകയാണെന്നും മദ്യത്തില്‍ നിന്നും പണമുണ്ടാക്കുകയാണെന്നും പവന്‍ കല്യാണ്‍ ആരോപിച്ചു.

എ പി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട 371 കോടി രൂപയുടെ അഴിമതിക്കേസില്‍ കഴിഞ്ഞയാഴ്ചയാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. മകന്‍ നാരാ ലോകേഷും ഭാര്യാ സഹോദരനും ഹിന്ദുപൂര്‍ എംഎല്‍എയുമായ നന്ദമുരി ബാലകൃഷ്ണയും അറസ്റ്റിലായി.

വിജയവാഡ എസിബി പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 23 വരെ 14 ദിവസത്തേയ്ക്കാണ് ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

വീട്ടുതടങ്കലില്‍ വയ്ക്കണമെന്ന നായിഡുവിന്റെ ഭാര്യയുടെ ഹര്‍ജി സുരക്ഷാ കാര്യങ്ങള്‍ മുന്‍ നിര്‍ത്തി അഴിമതി വിരുദ്ധ കോടതി തള്ളിയിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു. ജാമ്യമില്ലാ വകുപ്പുകളാണ് നായിഡുവിനെതിരെ ചുമത്തിയിരിക്കുന്നത്.

സീമന്‍സ് ഇന്‍ഡസ്ട്രി സോഫ്റ്റ്‌വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സര്‍ക്കാരില്‍നിന്ന് കോടികള്‍ തട്ടിയെന്നതാണ് നായിഡു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്. 2021ലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

തൊഴില്‍രഹിതരായ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിഡിപി സര്‍ക്കാര്‍ 2016-ലാണ് എ പി സ്റ്റേറ്റ് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എപിഎസ്എസ്ഡിസി) എന്ന പദ്ധതി ആരംഭിച്ചത്. 3,300 കോടി രൂപയുടെ ഈ പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിനെത്തുടര്‍ന്ന് ആന്ധ്രാപ്രദേശ് പോലീസിന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ചില്‍ അന്വേഷണം ആരംഭിക്കുകയും നായിഡുവിന്റെ അറസ്റ്റില്‍ കലാശിക്കുകയുമായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ