ജൂണില്‍ അറസ്റ്റിലായതിന് ശേഷം ഒരിക്കല്‍ മാത്രമാണ് അന്വേഷണസംഘം ചോദ്യം ചെയ്തതെന്ന് ജയില്‍മോചിതയായ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്. ''വിചിത്രമായിരുന്നു പോലീസ് നടപടികള്‍. ചോദ്യം ചെയ്ത ഒരു തവണയല്ലാതെ, കസ്റ്റഡിയിലിരുന്ന ബാക്കി ദിവസങ്ങളിലെല്ലാം വെറുതെയിരുന്നു. ആരും ഒരു വിശദീകരണവും നല്‍കിയിരുന്നില്ല''. ജയില്‍ മോചിതയായ ശേഷം ആദ്യമായി എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അവര്‍.
ചോദ്യം ചെയ്യാനുള്ള മതിയായ സമയം അന്വേഷണ സംഘത്തിന് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈറിനെപ്പറ്റിയും ടീസ്റ്റ അഭിമുഖത്തില്‍ പരാമര്‍ശിച്ചു. ''നമ്മുടെ രാജ്യത്ത് ഒരു കൂട്ടം നിയമങ്ങളുണ്ട്. ആ നിയമങ്ങളെ പോലീസ് സത്യസന്ധതയോടും നിഷ്പക്ഷതയോടും കൂടി സമീപിക്കേണ്ടതുണ്ട്. പോലീസ് സര്‍ക്കാരിന്റെ ആയുധമായി മാറരുത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ സുബൈറിന്റെ അറസ്റ്റ്'' - ടീസ്റ്റ പറഞ്ഞു. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് എന്ന ഭീഷണി ആര്‍ക്കും നേരിടേണ്ടി വന്നേക്കാം. ജാമ്യാപേക്ഷകള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിനാകണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
'' ഗുജറാത്ത് കലാപക്കേസില്‍ സ്വീകരിച്ച നിലപാടുകള്‍ ജയിലില്‍ ശത്രുക്കളുണ്ടാക്കാമെന്ന് ഭയന്നിരുന്നു. ജയിലില്‍ ജീവിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മുറിയ്ക്ക് പുറത്തിറങ്ങുന്നതിനും തിരിച്ച് അകത്ത് കയറുന്നതിനുമൊക്കെ സമയക്രമമുണ്ട്. ലൈബ്രറിയോ വായന സാധ്യമാകുന്ന അന്തരീക്ഷമോ ഒന്നും തന്നെ ജയിലില്‍ ഉണ്ടായിരുന്നില്ല'' - ടീസ്റ്റ പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് മഹാത്മാഗാന്ധിയുടെ ഭാര്യ കസ്തൂര്‍ബാ ഗാന്ധി കഴിഞ്ഞിരുന്ന ജയിലിലാണ് ടീസ്റ്റയേയും പ്രവേശിപ്പിച്ചിരുന്നത്. 200 ഓളം വനിതകളെ പാര്‍പ്പിച്ചിരുന്ന ജയിലില്‍ 50 പേരെ മാത്രമേ ശിക്ഷിച്ചിട്ടുള്ളുവെന്നും ബാക്കിയുള്ളവര്‍ വിചാരണ കാത്തിരിക്കുകയാണെന്നും ടീസ്റ്റ വിശദീകരിച്ചു.
ഗുജറാത്ത് കലാപ കേസില്‍ സാകിയ ജഫ്രിയുടെ ഹര്‍ജി തള്ളിയതിന് പിന്നാലെ ജൂണ്‍ 25നാണ് പ്രത്യേക അന്വേഷണസംഘം ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത്. ജൂലൈ 30ന് ടീസ്റ്റ സെതല്‍വാദിന്റെ ജാമ്യ ഹര്‍ജി അഹമ്മദാബാദ് കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗുജറാത്ത് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് സെപ്റ്റംബര്‍ 19 ലേക്ക് മാറ്റുകയായിരുന്നു. ജാമ്യം നല്‍കാതിരുന്ന അഹമ്മദാബാദ് കോടതി വിധിക്കെതിരെയും ഹര്‍ജി പരിഗണിക്കുന്നത് ദീര്‍ഘകാലത്തേക്ക് മാറ്റിവെച്ച ഹൈക്കോടതി നടപടിക്കെതിരെയും ആണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. 7 ദിവസം പോലീസ് കസ്റ്റഡിയിലും 63 ദിവസം ജയിലിലും കഴിഞ്ഞതിന് ശേഷമാണ് 60 കാരിയായ ടീസ്റ്റ ജയില്‍ മോചിതയായത്.