INDIA

തെലങ്കാനയിൽ ഇഞ്ചോടിഞ്ച് പോരാടി ബിആർഎസും കോൺഗ്രസും, തൂക്കുസഭയിൽ കണ്ണുനട്ട് ബിജെപി

പ്രചാരണത്തിൽ കോൺഗ്രസ് മുന്നേറ്റമുണ്ടാക്കിയതോടെ 2018 ആവർത്തിക്കില്ലെന്ന ബോധ്യത്തിലാണ് ബി ആർ എസ്

എ പി നദീറ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരിട്ട് എല്ലാ മണ്ഡലങ്ങളിലും എത്തുന്ന പതിവ്  തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് ഉണ്ടായിരുന്നില്ല. മകൻ കെ ടി ആര്‍ എന്ന കെ ടി രാമറാവുവും ഏതാനും ചില വിശ്വസ്തരും മാത്രമേ മണ്ഡലങ്ങൾ തോറും സന്ദർശിക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തിരുന്നുള്ളൂ. സ്വന്തം മണ്ഡലമായ ഗജ്‌വേലിലെ   ഫാം ഹൗസില്‍ ഇരുന്ന്  2014 ഉം 2018  ലും  തിരഞ്ഞെടുപ്പ് പ്രചാരണം നിയന്ത്രിച്ചയാളാണ് കെ സി ആർ.  അന്ന് കെസി ആറിന്റെ കണക്കു കൂട്ടലുകൾ കൃത്യമായിരുന്നു, അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിക്കാനുള്ള ഒരു സാധ്യതയും തെലങ്കാനയിൽ ഉണ്ടായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുണ്ടായ അനുകൂല സാഹചര്യം ഇപ്പോൾ തെലങ്കാനയിൽ ബി  ആർ എസിനില്ല . ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണവും കോൺഗ്രസ് നേടിയ മേൽക്കൈയും കെസിആറിനെ വിയർപ്പിച്ചിട്ടുണ്ട്.

കോൺഗ്രസ് പ്രതാപം മങ്ങി ശോഷിച്ചു പോയിരുന്നു , തെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് (ടിഡിപി) തെലങ്കാനയുടെ മണ്ണിൽ മേൽവിലാസവും നഷ്ടമായി കഴിഞ്ഞിരുന്നു. ബിജെപി വെല്ലുവിളിയായി പരിസരത്തെ ഉണ്ടായിരുന്നില്ല. എങ്ങും കെ സി ആറിന്റെ പാർട്ടിയുടെ  അപ്രമാദിത്യം, അതായിരുന്നു കഴിഞ്ഞ 10 വർഷക്കാലം തെലങ്കാനയുടെ  രാഷ്ട്രീയ ചിത്രം.

എന്നാൽ സാഹചര്യമാകെ മാറി മറിഞ്ഞിരിക്കുകയാണിപ്പോൾ  . നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തുണ്ടായ അനുകൂല സാഹചര്യം ഇപ്പോൾ തെലങ്കാനയിൽ ബി  ആർ എസിനില്ല . ബിജെപിയുടെ കാടിളക്കിയുള്ള പ്രചാരണവും കോൺഗ്രസ് നേടിയ മേൽക്കൈയും കെസിആറിനെ വിയർപ്പിച്ചിട്ടുണ്ട്.  ഭരണത്തുടർച്ച ഉണ്ടാവണമെങ്കിൽ 119  മണ്ഡലങ്ങളിലും ഓടി നടക്കേണ്ട ഗതികേടിലാണ്  കെ ചന്ദ്ര ശേഖർ റാവു.

കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പ്‌

തെലങ്കാനയിൽ നിന്ന് ഏറെക്കുറെ മാഞ്ഞു പോയതായിരുന്നു കോൺഗ്രസിന്റെ പ്രതാപം. കർണാടകയിൽ ഭരണം തിരിച്ചു പിടിച്ചപ്പോൾ കിട്ടിയ ആത്മവിശ്വാസത്തിലാണ് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ  രേവന്ത് റെഡ്ഢി ഇത്തവണ പാർട്ടിയുമായി പോർക്കളത്തിൽ ഇറങ്ങിയത്. കെ ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ നേരിയ തോതിലുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരം  ആളി കത്തിച്ചു നേട്ടമുണ്ടാക്കാനായിരുന്നു കോൺഗ്രസ് ശ്രമം.

തെലങ്കാനയുടെ പിതൃത്വം കോൺഗ്രസിനാണെന്നവകാശപ്പെട്ടുള്ള സോണിയ ഗാന്ധിയെ മുൻ നിർത്തിയുള്ള പ്രചാരണവും  കർണാടകയിലേതിന് സമാനമായ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും കോൺഗ്രസിന് തുണയാകും. തെലങ്കാനയിൽ 'കർണാടക' ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് തിരിച്ചടിയാകും  വിധം  കാളീശ്വരം പദ്ധതിയിലെ അഴിമതി തുറന്നു കാട്ടാൻ കോൺഗ്രസിനായി എന്നതും തിരഞ്ഞെടുപ്പ് ഗോദയിലെ മുന്നേറ്റമാണ്.

2018 ൽ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന്റെ എം എൽ എ മാർ പിന്നീട് കൂട്ടത്തോടെ ബി ആർഎസിലേക്ക് ( അന്ന് ടിആർഎസ് ) ചേക്കേറിയതാണ് ചരിത്രം. ഒന്നുമില്ലായ്മയിൽ നിന്നാണ് രേവന്ത് റെഡ്ഢിയും കൂട്ടരും അഞ്ചു വർഷങ്ങൾക്കിപ്പുറം തെലങ്കാനയിൽ ബി ആർ എസിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന സ്ഥിതിയിലേക്ക് വളർന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാന ലാപ്പിലെത്തുമ്പോൾ ബി ആർ എസിനോട്  ഇഞ്ചോടിഞ്ചു പോരാട്ടം എന്ന പ്രതീതിയാണ് കോൺഗ്രസ് സൃഷ്ടിച്ചിരിക്കുന്നത്.

ബി ആർ എസിൽ നിന്ന് നിരവധി അതൃപ്തർ  കോൺഗ്രസിലേക്ക് കൂടുമാറിയതു അധികാര മാറ്റത്തിന്റെ സൂചനയായി വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും അധികാരം കൈയ്യാളാൻ മാത്രം കോൺഗ്രസ്  തെലങ്കാനയിൽ വളർന്നിട്ടുണ്ടോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

ബിജെപി 'സഹായം' കോൺഗ്രസിന്

2018 ൽ തെലങ്കാനയിൽ നൂറു സീറ്റുകളിൽ കെട്ടിവെച്ച പണം നഷ്ടപ്പെട്ട പാർട്ടിയായിരുന്നു ബിജെപി. 119 ൽ ഒരു സീറ്റു മാത്രമായിരുന്നു  അന്ന് ബിജെപി ജയിച്ചത്, എന്നാൽ പിറ്റേ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റുകളിൽ വിജയിച്ചു ബിജെപി വിസ്മയമായി. അതിനു ശേഷമായിരുന്നു തെലങ്കാനയിൽ കണ്ണ് വെച്ചുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ നീക്കം. ഉപതെരഞ്ഞെടുപ്പിലൂടെ രണ്ടു നിയമസഭാ മണ്ഡലങ്ങൾ പിടിച്ചും ഗ്രേയ്റ്റർ ഹൈദ്രബാദ് മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കിയും ബിജെപി പതിയെ തെലങ്കാനയിൽ വേരിറക്കി.

പ്രധാനമന്ത്രിയും ബിജെപി നേതാക്കളും നിരവധി കേന്ദ്ര പദ്ധതികളുമായി സംസ്‌ഥാനത്തു റോന്ത് ചുറ്റി. ബി ആർ എസിനെയും കെ ചന്ദ്ര ശേഖർ റാവുവിനെയും ലക്ഷ്യമിട്ടുള്ള പ്രചാരണം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുൻപ് തന്നെ തുടക്കമിട്ടു.

ഭരണം പിടിക്കലല്ല, കുളം കലക്കി മീൻ പിടിക്കലാണ് ബിജെപിയുടെ ലക്ഷ്യം. ബിആർഎസിനെതിരെ ബിജെപി നടത്തുന്ന കടന്നാക്രമണം ഗുണം ചെയ്യുക കോൺഗ്രസിനാണ്. ഇതിലൂടെ ബിആർഎസിന്റെ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്തലാണ് ഉദ്ദേശ്യം.

ബിജെപി കളം നിറഞ്ഞതോടെ ശക്തമായ  ത്രികോണ മത്സരത്തിന് വേദിയാകുകയാണ് മുപ്പതോളം മണ്ഡലങ്ങൾ. വടക്കൻ തെലങ്കാനയിലെ മുഥോൾ, നിർമൽ, ഹുസൂറാബാദ്, നിസാമാബാദ് അർബൻ, കരീം നഗർ, കൊറട്ടല, മുഷീറാബാദ്, കാമാറെഡ്ഢി മണ്ഡലങ്ങളിലെല്ലാം ബിജെപി യുടെ പ്രചാരണം ശക്തമാണ് . ബിജെപി ക്കു കിട്ടാത്ത വോട്ടുകളെല്ലാം ചെന്ന് ചേരുക കോൺഗ്രസിലേക്കാണ്. പതിനഞ്ചോളം സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിക്കുമെന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവേ പ്രകാരമുള്ള വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പ് ജയമല്ല , ലോക്സഭയിൽ കൂടുതൽ സീറ്റുകൾ വിജയിക്കാനുള്ള നിലം ഉഴുതലാണ് ബിജെപി  തെലങ്കാനയിൽ നടത്തുന്നത് . തെലങ്കാനയിൽ അടിപതറിയാൽ കെ ചന്ദ്ര ശേഖർ റാവുവിന്റെ 'പ്രധാനമന്ത്രി പദ  മോഹം' കരിച്ചു കളയാമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. തെലങ്കാന ഭരണം ആർക്കും കിട്ടാത്ത അവസ്ഥ വരണമെന്നാണ് ബിജെപിയുടെ സ്വപ്നം , തൂക്കു സഭയെങ്കിൽ കിംഗ് മേക്കർ ആകാനുള്ള അവസരം കൂടി പാർട്ടി മുന്നിൽ കാണുന്നുന്നുണ്ട്.

കെ സി ആറിന്റെ ഹാട്രിക്  ത്രിശങ്കുവിലോ ?

തെലങ്കാന വികാരം ഉയർത്തികാട്ടിയുള്ള  വോട്ടു പിടിത്തത്തോട് പഴയ പോലെ മമതയില്ല സംസ്ഥാനത്തെ വോട്ടർമാർക്ക് . തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസ് അപ്രതീക്ഷിത മുന്നേറ്റം നടത്തുകയും ബിജെപി കളം നിറയുകയും ചെയ്തതോടെ   ഭൂരിപക്ഷം കുറഞ്ഞൊരു തുടർ ഭരണം അല്ലെങ്കിൽ തൂക്കു സഭ, ഇതാകും ജനവിധിയെന്നു കെ ചന്ദ്ര ശേഖർ റാവുവിന്റെ  ഭാരത് രാഷ്ട്ര സമിതിക്ക് ഏറെക്കുറെ ബോധ്യമുണ്ട്.  ഭൂരിപക്ഷം കുറഞ്ഞാൽ അധിക കാലം ഭരണത്തിൽ തുടരാനാവില്ലെന്നും ഏതു സമയവും അട്ടിമറി പ്രതീക്ഷിക്കാമെന്നും  ബി ആർ എസ് കണക്കു കൂട്ടുന്നു.

സൗഹൃദ പാർട്ടിയായ  മജ്‌ലിസെ പാർട്ടിയുടെ പിന്തുണ എന്തായാലും ബി ആർ എസിനു ലഭിക്കും. ഓൾഡ് സിറ്റി ഹൈദരാബാദ് മേഖലയിലെ  ഏഴു സീറ്റുകളിൽ മജ്‌ലിസെ പാർട്ടിയുടെ വിജയം ഉറപ്പാണ്.   2018 ലെ പോലെ ഭരണം കിട്ടിയില്ലെങ്കിൽ കോൺഗ്രസിൽ നിന്ന് എം എൽ എ മാർ ഒഴുകിയെത്തുമെന്ന പ്രതീക്ഷയും കെ സി ആറിനുണ്ട്. ബിജെപി യോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക്  ഭരണത്തിൽ ഹാട്രിക് നേടിയാലും  കാര്യങ്ങൾ ഈ വിധം സുരക്ഷിതമാക്കിയേ കെ സി ആർ വീണ്ടും മുഖ്യമന്ത്രി കസേരയിലിരിക്കൂ . 

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം