ഭരണഘടന ആമുഖത്തിലെ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ഒഴിവാക്കി തെലങ്കാനയിലെ പത്താം ക്ലാസ് പുസ്തകം. തെലങ്കാനയിലെ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) അച്ചടിച്ച പത്താം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളുടെ കവർ പേജിൽ നിന്നാണ് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ രണ്ട് വാക്കുകൾ ഒഴിവാക്കിയത്. അതേസമയം, അശ്രദ്ധമൂലമാണ് പിഴവ് സംഭവിച്ചതെന്ന് എസ്‌സിഇആർടി ഡയറക്ടർ എം രാധാ റെഡ്ഡി പ്രസ്താവനയിൽ പറഞ്ഞു.
തെലങ്കാന വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നതിനായി ജൂൺ 20 ന് പുതിയ പുസ്തകങ്ങൾ വിതരണം ചെയ്തതിന് ശേഷമാണ് പിശക് കണ്ടെത്തിയത്. ''ഭരണഘടനയെക്കുറിച്ചുള്ള ഒരു പാഠം ക്ലാസ് 8, 10 ക്ലാസ് സോഷ്യൽ സ്റ്റഡീസ് സിലബസിന്റെ ഭാഗമാണ്. പുസ്തകത്തിന്റെ ഉൾപേജിൽ കൊടുത്തിട്ടുള്ള ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകളുണ്ട്. കവർ പേജിലാണ് ഇത്രയും ഗുരുതരമായ പിഴവ് സംഭവിച്ചിരിക്കുന്നത്''-ഒരു സോഷ്യൽ സ്റ്റഡീസ് അധ്യാപകൻ പറഞ്ഞു. കവർ രൂപകൽപന ചെയ്യുന്ന സമയത്ത് ചിത്രം ഡൗൺലോഡ് ചെയ്യുമ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നും എം രാധാ റെഡ്ഡി പറഞ്ഞു. ഭേദഗതി വരുത്തിയ ആമുഖത്തിന്റെ ചിത്രം ഡൗൺലോഡ് ചെയ്യാനും തെറ്റായ ആമുഖമുള്ള പാഠപുസ്തകങ്ങളുടെ കവർ പേജിൽ ഒട്ടിക്കാനും സംസ്ഥാനത്തെ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും (ഡിഇഒ) ഉത്തരവ് നൽകിയിട്ടുണ്ടെന്നും എസ്‌സിഇആർടി കൂട്ടിച്ചേര്‍ത്തു.
സംഭവിച്ചത് ഗുരുതരമായ പിശകാണെന്ന് തെലങ്കാന സ്റ്റേറ്റ് യുണൈറ്റഡ് ടീച്ചേഴ്‌സ് ഫെഡറേഷൻ (ടിഎസ്‌യുടിഎഫ്) പറഞ്ഞു. സമഗ്രമായ അന്വേഷണം വേണമെന്നും തെറ്റായ പ്രസിദ്ധീകരണത്തിനെതിരെ കർശന നടപടിയെടുക്കണമെന്നും ടിഎസ്‌യുടിഎഫ് ആവശ്യപ്പെട്ടു. എന്നാൽ ഇത്തരമൊരു ഗുരുതരമായ പിശക് ഒരു പുസ്തകത്തിന്റെ പുറംചട്ടയിൽ അബദ്ധത്തിൽ വരാൻ സാധ്യതയില്ലെന്നും ചിത്രം മനഃപൂർവം അച്ചടിച്ചതാണെന്ന് സംശയിക്കുന്നതായും തെലങ്കാന സ്റ്റേറ്റ് യുണൈറ്റഡ് ടീച്ചേഴ്‌സ് ഫെഡറേഷൻ സെക്രട്ടറി ചാവ രവി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. തെലങ്കാന സംസ്ഥാന സർക്കാർ അച്ചടിച്ച പാഠപുസ്തകങ്ങളിൽ നിലവിലുള്ള ഭരണഘടന ആമുഖത്തിന് പകരം ചിലർ ആഗ്രഹിച്ചതുപോലെ പഴയ ഭരണഘടന ആമുഖം പ്രസിദ്ധീകരിച്ചത് നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും സംഘടന ആരോപിച്ചു.
എല്ലാ മാനേജ്‌മെന്റുകളുടെയും കീഴിലുള്ള ഹൈസ്‌കൂളുകളിലെയും പ്രധാനാധ്യാപകരോട് സ്‌കൂളുകളിൽ വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളിൽ ശരിയായ ആമുഖത്തിന്റെ ചിത്രം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡിഇഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് എസ്‌സിഇആർടിയും ആവശ്യപ്പെട്ടു. ഈ രണ്ട് വാക്കുകൾ 1950-ൽ അംഗീകരിച്ച ഭരണഘടനയുടെ ഭാഗമല്ലായിരുന്നു. 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ വാക്കുകൾ ആമുഖത്തിൽ ചേർത്തത്.
2002-ലെ ഗുജറാത്ത് കലാപം, മുഗള്‍ കാലഘട്ടത്തെയും ജാതി വ്യവസ്ഥയെയും കുറിച്ചുള്ള ഭാഗം, മഹാത്മാ ഗാന്ധി വധവും തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനവും, സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗങ്ങള്‍ എന്നിവ പാഠഭാഗങ്ങളില്‍ നിന്ന് എന്‍സിഇആര്‍ടി ഒഴിവാക്കിയതിന് പിന്നാലെയാണ് എസ്‌സിഇആർടിയുടെ വിവാദം.