INDIA

തെലങ്കാനയുടെ 'പിതൃത്വം' ആർക്ക്, ചിദംബരത്തിന്റെ ഖേദപ്രകടനം തിരഞ്ഞെടുപ്പ് നേട്ടത്തിനോ ?

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിൽ അവകാശവാദങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ബിആർഎസ് പാർട്ടിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും തങ്ങളുടെ എറ്റവും വലിയ നേട്ടമായി 2023ലെ തിരഞ്ഞെടുപ്പിലും അവതരിപ്പിക്കുന്നത് തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണമാണ്. എന്നാൽ തെലങ്കാന രൂപീകരിച്ചത് തങ്ങളുടെ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നപ്പോളാണെന്ന കാര്യം മറക്കരുതെന്നാണ് കോൺഗ്രസ് പറയുന്നത്. തിരഞ്ഞെടുപ്പ് തിയതി അടുക്കുന്നതിനിടെ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ തെലങ്കാനയിൽ സജീവമാണ്.

തെലങ്കാന ചർച്ചയാകാന്‍ മറ്റൊരു പ്രധാന കാരണം അടുത്തിടെ മുതിർന്ന കോൺഗ്രസ് നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന പി ചിദംബരത്തിന്റെ നടത്തിയ മാപ്പ് പറച്ചിലായിരുന്നു. തെലങ്കാന രൂപീകരണം കോൺഗ്രസ് വൈകിപ്പിച്ചെന്നും ഇത് നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയെന്നുമുളള ബിആർഎസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിന്റെ പരാമർശത്തിന് പിന്നാലെയായിരുന്നു പി ചിദംബരത്തിന്റെ ഖേദപ്രകടനം.

തെലങ്കാന സംസ്ഥാനമെന്നാവശ്യം ശക്തമായത് 1997 ലാണ്. അതിന് കാരണം ബിജെപിയുമായിരുന്നു
പി ചിദംബരം

സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ടുളള പ്രക്ഷോഭത്തിൽ കുറച്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, അതിൽ ഖേദിക്കുന്നു. എന്നാൽ അതിൽ അന്നത്തെ കേന്ദ്രസർക്കാരിനെ ഉത്തരവാദിയാക്കാൻ സാധിക്കില്ല എന്നായിരുന്നു ചിദംബരം പറഞ്ഞത്. തെലങ്കാന രൂപീകരണത്തിന്റെ കെഡ്രിറ്റ് വോട്ടാക്കി മാറ്റാൻ ബിആർഎസ് ശ്രമിക്കുന്നതിനിടെ സംസ്ഥാന രൂപീകരണത്തിൽ തങ്ങൾക്കും പങ്കാളിത്തമുണ്ടെന്ന് അവകാശവാദം ഉന്നയിക്കാനും അത് വോട്ടാക്കി മാറ്റാനുമാണ് ചിദംബരത്തിന്റെയും കോൺഗ്രസിന്റെയും ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്.

2023 ജൂണിൽ കെസിആർ സർക്കാർ 179 കോടി രൂപയുടെ തെലങ്കാന രക്തസാക്ഷി സ്മാരകം സ്ഥാപിച്ചിരുന്നു. കൂടാതെ, സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നും അന്ന് ജീവന്‍ നഷ്ടമായവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരവും സർക്കാർ ജോലിയും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഈ വാഗ്ദാനമുണ്ട്. ഇതുകൂടി മുന്നിൽ വച്ചാണ് നിലവിലെ കോൺഗ്രസ് നീക്കം.

തെലങ്കാന സംസ്ഥാന രൂപീകരികരണം

1947 ൽ ഇന്ത്യ സ്വതന്ത്രമായെങ്കിലും യൂണിയനില്‍ ലയിക്കാന്‍ ഹൈദരാബാദ് തയാറായിരുന്നില്ല. പിന്നീട് 'ഓപ്പറേഷൻ പോളോ'യിലൂടെയാണ് ഇന്ത്യൻ സർക്കാർ ഹൈദരാബാദിന്‍റെ ലയനം സാധ്യമാക്കിയത്.1953 ല്‍ രൂപീകൃതമായ സംസ്ഥാന പുനഃസംഘടന കമ്മീഷൻ, ഭാഷാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾ രൂപീകരിക്കാൻ നിർദേശിച്ചു. ഇതിനെ തുടർന്ന് ഹൈദരാബാദ് സംസ്ഥാനം വിഭജിക്കാനും മറാത്തി സംസാരിക്കുന്ന പ്രദേശത്തെ അന്നത്തെ ബോംബെ സംസ്ഥാനത്തോടും കന്നഡ സംസാരിക്കുന്ന പ്രദേശം മൈസൂർ സംസ്ഥാനത്തോടും ലയിപ്പിക്കാനും ശിപാർശയുണ്ടായി. ഹൈദരാബാദിനെ തെലുങ്ക് സംസാരിക്കുന്ന തെലങ്കാന പ്രദേശം ആന്ധ്രാ സംസ്ഥാനവുമായി ലയിപ്പിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.

പിന്നീട് 1956 ൽ തെലുങ്ക് സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് രൂപീകരിക്കപ്പെട്ടു. അന്നുമുതൽ തെലങ്കാന സംസ്ഥാനമെന്ന ആവശ്യം ഇന്ത്യയിൽ സജീവമായിരുന്നെങ്കിലും ആവശ്യം ശക്തമായത് 1997 ലാണ്. അതിന് കാരണമാകട്ടെ ബിജെപിയും.

1997ൽ ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ഘടകം പ്രത്യേക തെലങ്കാന സംസ്ഥാനമെന്ന ആവശ്യം മുൻ നിർത്തി പ്രമേയം പാസാക്കി. പിന്നീട് രണ്ടായിരത്തിൽ ആന്ധ്രാപ്രദേശിലെ തെലങ്കാന മേഖലയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎമാർ തെലങ്കാന കോൺഗ്രസ് ലെജിസ്ലേറ്റേഴ്സ് ഫോറം രൂപീകരിക്കുകയും സംസ്ഥാന രൂപീകരണത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥിച്ച് അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2001ൽ ഹൈദരാബാദിനെ തലസ്ഥാനമാക്കി തെലങ്കാന രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കെ ചന്ദ്രശേഖർ റാവു കോൺഗ്രസിൽനിന്ന് രാജിവയ്ക്കുകയും പിന്നീട് തെലങ്കാന രാഷ്ട്ര സമിതി എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയും ചെയ്തു.

2001ൽ, തെലങ്കാന സംസ്ഥാനമെന്ന ആവശ്യം പരിശോധിക്കണെന്നും ഇതിനായി രണ്ടാം സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിക്കണമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി എൻഡിഎ സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എൽ കെ അദ്വാനി ഇത് നിരസിച്ചു.

2004ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രത്യേക തെലങ്കാന സംസ്ഥാനമെന്നാവശ്യം മുൻനിർത്തി കോൺഗ്രസ് പാർട്ടിയും ടിആർഎസും തെലങ്കാന മേഖലയിൽ തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചു. പിന്നീട് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ വരികയും കേന്ദ്രത്തിൽ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുകയും ചെയ്തു. 2009 ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ പ്രത്യേക തെലങ്കാന രൂപീകരിക്കുന്നതിനോട് തത്ത്വത്തിൽ എതിർപ്പില്ലെന്നും ഈ വിഷയത്തിൽ നിർണ്ണായക തീരുമാനമെടുക്കേണ്ട സമയമായെന്നും പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ സംയുക്ത സമിതി രൂപീകരിച്ചു. 2009ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി, ആന്ധ്രാപ്രദേശിലെ എല്ലാ പ്രധാന പാർട്ടികളും തെലങ്കാന രൂപീകരണത്തെ പിന്തുണച്ചു.

വൈ.എസ്. രാജശേഖര റെഡ്ഡി

2009ലെ തിരഞ്ഞെടുപ്പിൽ 45 നിയമസഭാ സീറ്റുകളിൽ മത്സരിച്ച ടിആർഎസിന് പത്ത് സീറ്റുകൾ മാത്രമാണ് നേടാനായത്. ഇതേസമയത്താണ് 2009 സെപ്തംബറിൽ അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ഇത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേതൃത്വ പ്രതിസന്ധിക്ക് കാരണമായി. 2009 നവംബർ 29-ന് കോൺഗ്രസ് പാർട്ടി, തെലങ്കാന ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ ചന്ദ്രശേഖരറാവു മരണം വരെ നിരാഹാര സമരം ആരംഭിച്ചു. വിവിധ വിദ്യാർത്ഥി സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും വിവിധ സംഘടനകളും ഈ പ്രസ്ഥാനത്തിൽ ചേർന്നു. തുടർന്ന് ഡിസംബർ ഏഴിന് ചേർന്ന സർവകക്ഷി യോഗത്തിൽ പ്രധാന പ്രതിപക്ഷ പാർട്ടികൾ തെലങ്കാനയ്ക്ക് പ്രത്യേക സംസ്ഥാനം നൽകാനുള്ള തീരുമാനത്തിന് പിന്തുണ നൽകി. സംസ്ഥാന കോൺഗ്രസും സഖ്യകക്ഷിയായ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീനും അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു.

2009 ഡിസംബർ 9ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് 'തെലങ്കാനയിലെ ജനങ്ങളുടെ യഥാർത്ഥ വിജയം' എന്ന് പ്രഖ്യാപിച്ച് കെസിആർ തന്റെ നിരാഹാരം അവസാനിപ്പിച്ചു. എന്നാൽ ചിദംബരത്തിന്റെ പ്രഖ്യാപനം ആന്ധ്രയിലും റായൽസീമയിലും പ്രതിഷേധത്തിന് കാരണമായി. സംസ്ഥാനം ഒറ്റക്കെട്ടായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും തൊഴിലാളികളും അഭിഭാഷകരും വിവിധ സംഘടനകളും മേഖലകളിൽ ഐക്യരാഷ്ട്ര പ്രസ്ഥാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് ഈ പ്രദേശങ്ങളിലെ എംഎൽഎമാരും രാജി സമർപ്പിച്ചു.

മറ്റ് പ്രദേശങ്ങളിലെ ആളുകളുടെ പ്രതികരണം കണക്കിലെടുത്ത്, എല്ലാ പാർട്ടികളും ഗ്രൂപ്പുകളും സമവായത്തിലെത്തുന്നതുവരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഡിസംബർ 23 ന് സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. ഇതോടെ തെലങ്കാനയിൽ നിന്നുള്ള എംഎൽഎമാരും മന്ത്രിമാരും രാജിക്കത്ത് സമർപ്പിക്കാൻ തുടങ്ങി.

തെലങ്കാന എന്ന ആവശ്യം മുൻനിർത്തി ഒസ്മാനിയ സർവകലാശാല പ്രൊഫസർ എം കോദണ്ഡറാം കൺവീനറായി തെലങ്കാന ജോയിന്റ് ആക്ഷൻ കമ്മിറ്റി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ചു. തുടർന്ന് 2010 ഫെബ്രുവരി മൂന്ന ന് സർക്കാർ ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ പ്രശ്‌നപഠനത്തിനായി നിയോഗിച്ചു.

ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള 'ശ്രീകൃഷ്ണ കമ്മിറ്റി' സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും പര്യടനം നടത്തുകയും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്ന് ആളുകളുടെ അഭിപ്രായം തേടുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, എൻജിഒകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ഒരു ലക്ഷത്തിലധികം നിവേദനങ്ങൾ സ്വീകരിക്കുകയും സ്ത്രീകൾ, കുട്ടികൾ, വിദ്യാർഥികൾ, ന്യൂനപക്ഷങ്ങൾ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി- പട്ടികവർഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമായും കമ്മിറ്റി കൂടിയാലോചനകള്‍ നടത്തിയിരുന്നു.

ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ

തെലങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് 2009 നവംബർ 30 നും 2010 ഫെബ്രുവരി 27 നും ഇടയിൽ തെലങ്കാനയിൽ 313 ആത്മഹത്യകൾ നടന്നതായി ശ്രീകൃഷ്ണ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ മൂന്ന് പ്രദേശങ്ങളിലും തുല്യമായ വികസനം കൊണ്ടുവരാൻ പരിശ്രമിക്കണമെന്ന് കമ്മിറ്റി അതിന്റെ റിപ്പോർട്ടിൽ പ്രസ്താവിക്കുകയും ഒരു ഏകീകൃത ആന്ധ്രാപ്രദേശ് ശിപാർശ ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ശക്തമായതോടെ തെലങ്കാന രൂപീകരണത്തിന് കേന്ദ്രസർക്കാർ നിർബന്ധിതരായി. തുടർന്ന് 2013ൽ സ്വതന്ത്ര സംസ്ഥാനമാക്കണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി പ്രമേയം പാസാക്കി. പിന്നാലെ 2013 സെപ്റ്റംബർ മൂന്നിന് സംസ്ഥാനം രൂപവത്കരിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുക്കുകയും 2013 ഡിസംബർ അഞ്ചിന് മന്ത്രിതല സമിതിയുടെ കരട് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു.

അതേസമയം തെലങ്കാന സംസ്ഥാനം രൂപീകരിക്കേണ്ടെന്നും ഐക്യ ആന്ധ്രയാണ് വേണ്ടതെന്നും അന്നത്തെ ആന്ധ്രാപ്രദേശ് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. കേന്ദ്രത്തിന്റെ തീരുമാന പ്രകാരം സംസ്ഥാന രൂപീകരണം സാധ്യമായി. 2014ലാണ് ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബിൽ പാസാക്കിയത്. ഹൈദരാബാദ് പൊതുതലസ്ഥാനമായി നിർദ്ദേശിക്കപ്പെടുകയും പത്ത് വർഷത്തിൽ കൂടുതൽ അങ്ങനെ തന്നെ തുടരാനുമായിരുന്നു തീരുമാനം. അതിനുശേഷം ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കാനും ധാരണയായിരുന്നു.

2014 ഏപ്രിലിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്ര സമിതി 119 സീറ്റുകളിൽ 63 സീറ്റുകൾ നേടി സർക്കാർ രൂപീകരിച്ചു. തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖർ റാവു സത്യപ്രതിജ്ഞ ചെയ്തു. 2014 ജൂൺ രണ്ടിന് തെലങ്കാന സംസ്ഥാനം ഔപചാരികമായി നിലവില്‍ വന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും