ഹൈദരാബാദ് കേന്ദ്ര സർവകലാശാല പിഎച്ച്ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിൽ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പോലീസ്. രോഹിത് ദളിത് വിഭാഗത്തിൽനിന്നുള്ള ആളല്ലെന്നും യഥാർഥ ജാതി പുറത്തറിയുമോ എന്ന ഭയമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിലെ പരാമർശം. ഇതിനെതിരെ രോഹിത്തിന്റെ അമ്മ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.
രോഹിത് സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അദ്ദേഹം പട്ടികജാതി വിഭാഗത്തിൽ പെട്ട വ്യക്തിയല്ലെന്നുമായിരുന്നു ക്ലോഷർ റിപ്പോർട്ടിലെ പരാമര്‍ശം
കേസിൻ്റെ അന്തിമ റിപ്പോർട്ട് 2018ൽ തയ്യാറാക്കിയതാണെന്നാണ് ക്ലോഷർ റിപ്പോർട്ട് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി രവി ഗുപ്തയുടെ പ്രതികരണം. ഇതാണ് 2024 മാർച്ച് 21ന് കോടതിയിൽ ഔദ്യോഗികമായി സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയിൽ ഹർജി നൽകുമെന്നും ഡിജിപി പറഞ്ഞു.
വെള്ളിയാഴ്ച തെലങ്കാന പോലീസ് കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഏറെ ചർച്ചയായിരുന്നു. ഹൈദരാബാദ് സർവകലാശാലയിൽ തനിക്ക് നേരിടേണ്ടി വന്ന ദളിത് വിവേചനങ്ങൾ മൂലം 2016 ജനുവരി 17നായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്. എന്നാൽ ജാതിവിവേചന ആരോപണം തള്ളുന്നതായിരുന്നു തെലങ്കാന പോലീസിന്റെ റിപ്പോർട്ട്. രോഹിത്തിന്റെ മരണത്തിനു കാരണമായ സംഭവത്തിൽ ആരോപണവിധേയരെ വെള്ളപൂശുന്നതായിരുന്നു റിപ്പോർട്ട്.
പോലീസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. അധികാരത്തിലേറിയാൽ എസ് സി/എസ് ടി വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനും അന്തസ് കാത്തുസൂക്ഷിക്കുന്നതിനുമായി രോഹിത് വെമുല നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോൺഗ്രസ് നിലപാടില്‍നിന്ന് മലക്കം മറിഞ്ഞെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു പിന്നാലെയാണ് പോലീസ് റിപ്പോര്‍ട്ട് തള്ളി പോലീസ് മേധാവി തന്നെ രംഗത്തെത്തുന്നത്.
ആത്മഹത്യാ പ്രേരണക്കുറ്റവും എസ്‌സി, എസ്‌ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും 2016ലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ അന്നത്തെ സെക്കന്തരാബാദ് എംപി ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ പി അപ്പ റാവു, എംഎൽസി എൻ രാംചേന്ദർ റാവു, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർ ആരോപണവിധേയരായിരുന്നു. എന്നാൽ രോഹിത്തിന്റെ ആത്മഹത്യയിൽ ഏതെങ്കിലും വ്യക്തികൾക്കോ സംഭവങ്ങൾക്കോ പങ്കുള്ളതായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും ഒഴിവാക്കി പോലീസ് ക്ലോഷർ റിപ്പോർട്ട് തയാറാക്കിയത്.
രോഹിത് സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അദ്ദേഹം പട്ടികജാതി വിഭാഗത്തിൽ പെട്ടവനല്ലെന്നും ക്ലോഷർ റിപ്പോർട്ടിൽ പറയുന്നു. അമ്മയുടെ സഹായത്തോടെയാണ് പട്ടികജാതി സർട്ടിഫിക്കറ്റ് ലഭിച്ചത്. തൻ്റെ യഥാർത്ഥ ജാതി പുറത്തുവരുമെന്ന് വെമുല ഭയപ്പെട്ടിരുന്നു. ഇത് അക്കാദമിക നേട്ടങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു റിപ്പോർട്ട് അവകാശപ്പെട്ടത്.
റിപ്പോർട്ടിനു പിന്നാലെ രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും അർബൻ നക്സലുകളും രോഹിത്തിന്റെ മരണം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കുറ്റാരോപിതനും നിലവിലെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം രാംചന്ദർ റാവു രംഗത്തെത്തിയിരുന്നു.
2016 ജനുവരി 17നാണ് വെമുലയെ യൂണിവേഴ്‌സിറ്റി കാമ്പസിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. താൻ പീഡനവും കള്ളക്കേസുകളും നേരിടുന്നുണ്ടെന്ന് ആരോപിച്ച് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് രോഹിത് വി സിക്ക് കത്തെഴുതിയിരുന്നു. വെമുലയുടെ മരണം രാജ്യവ്യാപക പ്രതിഷേധങ്ങൾക്കു വഴിവെച്ചിരുന്നു.