പശ്ചിമബംഗാളിലെ ശക്തമായ ചൂട് സംബന്ധിച്ച കാലാവസ്ഥ വാർത്തകൾ അവതരിപ്പിക്കുന്നതിനിടെ ടെലിവിഷൻ അവതാരക കുഴഞ്ഞു വീണു. ദൂരദർശൻ ബംഗ്ലാ അവതാരക ലോപാമുദ്ര സിൻഹയാണ് ലൈവിൽ വർത്തവായിക്കുന്നതിനിടെ കുഴഞ്ഞുവീണത്. കൊൽക്കത്ത ദൂരദർശനിൽ ജോലിചെയ്യുന്ന ലോപമുദ്ര സിൻഹ ഫേസ്ബുക്ക് വഴിയാണ് സംഭവം വെളിപ്പെടുത്തിയത്.
ലൈവ് നടക്കുന്നതിനിടെ തന്റെ രക്തസമ്മർദം ഗണ്യമായരീതിയിൽ കുറഞ്ഞത് കാരണം കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് അവർ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. വാർത്ത ആരംഭിക്കുന്നതിനു മുമ്പുതന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നെങ്കിലും ഒരു ഗ്ലാസ് വെള്ളം കുടിച്ച് വാർത്ത വായിക്കാൻ കയറുകയായിരുന്നു എന്നും ലൈവിനിടയിൽ ഒരിക്കൽ പോലും വെള്ളംകുടിക്കാൻ സാധിക്കാതിരുന്നത് ആരോഗ്യസ്ഥിതി മോശമാകുന്നതിലേക്ക് നയിച്ചു എന്നും സിൻഹ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബുദ്ധിമുട്ടുണ്ടായിട്ടും തുടർന്നത് സിൻഹയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കി. ഒടുവിൽ കാലാവസ്ഥാ വാർത്തകൾ വായിക്കുന്ന ഭാഗമെത്തുമ്പോഴേക്കും കുഴഞ്ഞു വീണു. പതുക്കെ കാഴ്ച മങ്ങിത്തുടങ്ങുകയായിരുന്നു എന്നും പിന്നീട് പ്രോംറ്റർ കാണാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തുകയും കുഴഞ്ഞുവീഴുകയും ചെയ്തു എന്നും സിൻഹ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ലോപമുദ്ര സിൻഹയുടെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചും അനുകമ്പ പ്രകടിപ്പിച്ചും നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പശ്ചിമ ബംഗാളിലെ നിരവധി സ്ഥലങ്ങളിൽ ഇപ്പോൾ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ് ചൂടുള്ളത്. അത് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സൗത്ത്, നോർത്ത് 24 പാർഗാണാസ്, പുർബ ബർധമാൻ, പശ്ചിമ ബർധമാൻ, പുരുലിയ, മുർഷിദാബാദ് ജില്ലകളിൽ കനത്ത ഉഷ്ണ തരംഗമാണ് നിലനിൽക്കുന്നത്.