INDIA

സ്ലീവ്ലെസും ഹാഫ് പാന്റും ധരിച്ചു ദർശനം അനുവദിക്കില്ല; കർണാടകയിലെ ക്ഷേത്രങ്ങളിൽ വസ്ത്ര നിബന്ധന നടപ്പിലാക്കാൻ നീക്കം

കർണാടകയിലെ 500 ക്ഷേത്രങ്ങളിൽ ഉടൻ വസ്ത്ര നിബന്ധന നിലവിൽ വരുമെന്ന് ക്ഷേത്ര-മഠം ട്രസ്റ്റുകളുടെ കൂട്ടായ്മ കൺവീനർ മോഹൻ ഗൗഡ ബംഗളുരുവിൽ അറിയിച്ചു

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ ഹിന്ദു ആരാധാനാലയങ്ങളിലും മഠങ്ങളിലും ഉൾപ്പടെ പ്രവേശനത്തിന് പ്രത്യേക വസ്ത്ര നിബന്ധന നിർദേശിച്ച് ക്ഷേത്ര - മഠം ട്രസ്റ്റുകളുടെ കൂട്ടായ്മ. പാശ്ചാത്യ രീതിയിൽ ശരീര ഭാഗങ്ങൾ പുറത്തുകാണുന്ന വസ്ത്രങ്ങൾ ധരിച്ച് ആരാധനാലയത്തിൽ പ്രവേശിക്കുന്നത് വിലക്കുന്നതാണ് വസ്ത്ര നിബന്ധന.

കർണാടകയിലെ 500 ക്ഷേത്രങ്ങളിൽ  ഉടൻ വസ്ത്ര നിബന്ധന നിലവിൽ വരുമെന്ന് കൂട്ടായ്മ കൺവീനർ മോഹൻ ഗൗഡ ബെംഗളുരുവിൽ അറിയിച്ചു. ബെംഗളൂരു വസന്ത് നഗറിലുള്ള ശ്രീലക്ഷ്മി വെങ്കിട്ട രമണ സ്വാമി ക്ഷേത്രത്തിൽ  വസ്ത്ര നിബന്ധന സംബന്ധിച്ച് ഭക്തജനങ്ങളെ ബോധവത്കരിക്കാൻ     ഇതിനോടകംതന്നെ ബോർഡ് സ്ഥാപിച്ചു. സ്ലീവ്‌ലെസ് വസ്ത്രങ്ങൾ, മിനി സ്കേർട്ട്, ഹാഫ് ട്രൗസർ എന്നിവയുടെ ചിത്രങ്ങൾ നൽകിയാണ് ബോധവത്കരണം .

ബെംഗളുരുവിലെ പ്രധാനപ്പെട്ട 50 ക്ഷേത്രങ്ങളിലാണ് വസ്ത്ര നിബന്ധന നടപ്പിലാക്കാൻ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. പാശ്ചാത്യ രീതിയിലുള്ള വസ്ത്ര ധാരണം ഉപേക്ഷിച്ച് ഭാരതീയ ശൈലിയിൽ വസ്ത്രങ്ങളണിഞ്ഞു ക്ഷേത്ര ദർശനം നടത്തുന്നത് മൂല്യച്യുതി നേരിടുന്ന സമൂഹത്തെ രക്ഷിക്കാൻ സഹായിക്കുമെന്നാണ് ഇവരുടെ വാദം. കൂട്ടായ്മയുടെ നിർദേശം കർശനമായി നടപ്പിലാക്കാൻ നടപാടി ആരംഭിക്കാൻ ക്ഷേത്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാമലിംഗ റെഡ്ഢിയോട് അഭ്യർഥിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.

"ചില പുരോഗമന വാദികൾ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ അവർക്ക് ക്രിസ്ത്യൻ പാതിരിമാർ ളോഹയിടുന്നതിലോ മുസ്ലിം സ്ത്രീകൾ തട്ടമിടുന്നതിലോ പുരോഹിതന്മാർ തലപ്പാവ് ധരിക്കുന്നതിലോ ഒന്നും പ്രശ്നം കണ്ടെത്താൻ കഴിയാറില്ല. ഹിന്ദു മതത്തിന്റെ ആത്മീയ കാര്യങ്ങളിൽ ഇടപെടാൻ വേണ്ടി അവർ ശ്രമിക്കുകയാണ്," കൺവീനർ മോഹൻ ഗൗഡ ആരോപിച്ചു.

തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്രത്തിലുൾപ്പടെ വസ്ത്ര നിബന്ധന വര്‍ഷങ്ങളായി നിലനിൽക്കുന്നുണ്ടെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് കർണാടകയിലെ ഹൈന്ദവ മത വിശ്വാസികൾക്ക് അത്രയൊന്നും പരിചയമില്ലാത്ത ക്ഷേത്ര ഡ്രസ് കോഡ് കൊണ്ടുവരാനുള്ള നീക്കം ഇവർ നടത്തുന്നത്.

വ്യക്തിപരമായ ഇടങ്ങളിലും പൊതുഇടങ്ങളിലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്, എന്നാൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഇല്ലെന്നും കൂട്ടായ്മ വ്യക്തമാക്കി. ഇന്ത്യൻ ശൈലിയിൽ വസ്ത്രങ്ങൾ ധരിക്കൽ ശീലമാക്കിയാൽ പരമ്പരാഗത വസ്ത്ര നിർമാണ മേഖല സാമ്പത്തിക ഉന്നതി കൈവരിക്കുമെന്നും കൺവീനർ മോഹൻ ഗൗഡ ന്യായീകരിച്ചു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍