മഹാരാഷ്ട്രയിലെ താനെയില്‍ ഹൈവേ നിർമാണത്തിന് ഉപയോഗിച്ച കൂറ്റൻ യന്ത്രം തകര്‍ന്നുവീണ് 17 മരണം. സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ മൂന്നാംഘട്ട നിര്‍മാണത്തിന് ഗര്‍ഡര്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ച കൂറ്റന്‍ യന്ത്രമാണ് നിർമാണം നടക്കുന്ന പാലത്തിന് മുകളിലേക്ക് തകർന്നുവീണത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
തകര്‍ന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നു
താനെയിലെ സര്‍ലാംബ ഗ്രാമത്തിന് സമീപമാണ് പാലം പണി നടക്കുന്നത്. ഗര്‍ഡര്‍ മെഷീനുമായി ബന്ധിപ്പിച്ചിരുന്ന ക്രെയിനും സ്ലാബും 100 അടി ഉയരത്തില്‍ നിന്ന് തകര്‍ന്ന് വീഴുകയായിരുന്നു. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. അപകടത്തിൽ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ്, എന്‍ഡിആര്‍എഫ്, അഗ്നിശമനസേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഹൈവേ, ഹൈ സ്പീഡ് റെയില്‍ ബ്രിഡ്ജ് നിര്‍മാണ പദ്ധതികളില്‍ പ്രീകാസ്റ്റ് ബോക്‌സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. മുബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ നീളമുള്ള അതിവേഗ പാതയാണ് സമൃദ്ധി മഹാമര്‍ഗ്. മഹാരാഷ്ട്രാ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേനാണ് അതിവേഗപാതയുടെ നിര്‍മാണം നടത്തുന്നത്.