INDIA

ആ വാര്‍ത്തയിൽ തെറ്റില്ല, അധികാര ദുർവിനിയോഗം ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറയുന്നു: കാരവാന്‍ എക്സിക്യൂട്ടീവ് എഡിറ്റർ

സൈന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസിലെ നിര്‍ദേശം

ദ ഫോർത്ത് - ഡൽഹി

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്ര നിര്‍ദേശത്തെ നിയമപരമായി നേരിടുമെന്ന് ആവര്‍ത്തിച്ച് ദ കാരവാന്‍ എഡിറ്റര്‍ ഹര്‍തോഷ് സിങ് ബാല്‍. തങ്ങള്‍ ചെയ്ത വാര്‍ത്തയില്‍ തെറ്റില്ലെന്നും, ഇതാണ് മാധ്യമ ധര്‍മ്മമെന്നും ഹര്‍തോഷ് സിംഗ് ബാല്‍ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

2023 ഡിസംബര്‍ 22 ന് അജ്ഞാതരായ സൈനികര്‍ മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു കാരവാന്‍ റിപ്പോര്‍ട്ട്

''സൈന്യം ഇന്ത്യക്കാരായ ജനങ്ങളെ പീഡിപ്പിച്ചു കൊലപ്പെടുത്തുന്നതിനെ കുറിച്ചുള്ള വാര്‍ത്തയാണ് ദ കാരവാന്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്തയില്‍ തെറ്റില്ല എന്ന് മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട തരം വാര്‍ത്തകൂടിയാണ്. ഇതാണ് മാധ്യമ ധര്‍മ്മം, അധികാര ദുര്‍വിനിയോഗം മാധ്യമങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. അവരുടെ (കേന്ദ്ര സര്‍ക്കാരിന്റെ) നടപടികളുടെ രീതി അനുസരിച്ച് നിയമപരമായി തന്നെ അതിനെ നേരിടാന്‍ ആണ് തീരുമാനം'- ഹര്‍തോഷ് സിംഗ് ബാല്‍ വ്യക്തമാക്കുന്നു.

ഐടി നിയമത്തിന്റെ ചുവടുപിടിച്ചായിരുന്നു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ സൈന്യം സാധാരണക്കാര്‍ക്കുമേല്‍ നടത്തിയ പീഡനങ്ങളും കൊലപാതകങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ദേശീയ മാധ്യമമായ ദ കാരവാന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഫെബ്രുവരിയില്‍ പുറത്തിറക്കിയ പതിപ്പിലാണ് (Screams from the Army Post - ആര്‍മി പോസ്റ്റില്‍ നിന്നുള്ള നിലവിളി) എന്ന പേരില്‍ ജതീന്ദര്‍ കൗര്‍ തൂര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2023 ഡിസംബര്‍ 22 ന് അജ്ഞാതരായ സൈനികര്‍ മൂന്ന് സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു റിപ്പോര്‍ട്ട്.

ഐടി നിയമം 2023ലെ 69 എ വകുപ്പ് പ്രകാരമുള്ള നോട്ടീസ് ലഭിച്ചതായി കാരവാന്‍ എക്സില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ നിയമപരമായി നേരിടുമെന്നും കാരവാന്‍ വ്യക്തമാക്കിയിരുന്നു. സൈന്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസിലെ നിര്‍ദേശം. ഈ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍നിന്ന് പിന്‍വലിക്കുകയും അച്ചടിച്ച് പുറത്തിറക്കിയ പതിപ്പുകള്‍ തിരിച്ചുവിളിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി