2002ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബും ട്വിറ്ററും നീക്കം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തെതുടര്‍ന്നാണ് നടപടി. ഡോക്യുമെന്ററി സീരിസ് ലിങ്ക് അടങ്ങിയ ട്വീറ്റുകളെല്ലാം നീക്കം ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
ഇന്ത്യയെ ലോകത്തിന് മുമ്പില്‍ മോശമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്. വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിനെ പ്രതികൂലമായി ബാധിക്കുകയും രാജ്യത്തിനുള്ളിലെ പൊതു ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുമെന്നും പറയുന്നു. ബിബിസി ട്വീറ്റ് ചെയ്തിരിക്കുന്ന ഡോക്യുമെന്ററി വസ്തുനിഷ്ഠമല്ലെന്നും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്രം ആരോപിക്കുന്നു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെക്കൂടാതെ പല ഔദ്യോഗിക വൃത്തങ്ങളും ഡോക്യുമെന്ററി സൂക്ഷ്മ പരിശോധനകള്‍ നടത്തിയെന്നും ഡോക്യുമെന്ററി ഇന്ത്യയിലെ വിവിധ സമുധായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന വിധത്തിലുള്ളതാണെന്നും സുപ്രീംകോടതിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന വിധത്തിലാണെന്നുമാണ് വിമര്‍ശനം.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ഡോക്യുമെന്ററിയുടെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഡെറക് ഒബ്രിയാന്‍ രംഗത്ത് വന്നു. 'സെന്‍സറിങ്ങിന്റെ ഭാഗമായി ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട എന്റെ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തു. ലക്ഷക്കണക്കിന് പേരാണ് അത് കണ്ടത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബിബിസി ഡോക്യുമെന്ററി പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്ന് തുറന്നുകാട്ടുന്നു, ഒബ്രിയന്‍ ബിബിസിയോട് പറഞ്ഞു.
വീഡിയോ വീണ്ടും തങ്ങളുടെ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്താല്‍ ബ്ലോക്ക് ചെയ്യാനും യുട്യൂബിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മറ്റ് പ്ലാറ്റ്ഫോമുകളിലെ വീഡിയോയിലേക്കുള്ള ലിങ്ക് അടങ്ങിയ ട്വീറ്റുകള്‍ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.