അഞ്ച് പെണ്ണും, മൂന്ന് ആണും അടക്കം എട്ട് ആഫ്രിക്കന്‍ ചീറ്റകള്‍ 8000 കിലോമീറ്റര്‍ താണ്ടി ഭൂഖണ്ഡങ്ങള്‍ കടന്ന് ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയാണ്. പരിഷ്‌കരിച്ച ബോയിംഗ് കാര്‍ഗോ വിമാനം നമീബിയയുടെ തലസ്ഥാന നഗരമായ വിന്‍ഹോക്കിലെ ഹോസിയ കുടാക്കോ അന്താരാഷട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് സെപ്റ്റംബര്‍ 17 ന് രാവിലയോടെ ജയ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും.
ബോയിംഗ് 747 ജെറ്റില്‍ യാത്രചെയ്യുന്നവരില്‍ ചീറ്റകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ലോകത്തെ മുന്‍നിര വിദഗ്ധനായ ഡോ. ലോറി മാര്‍ക്കറും ഉണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
രണ്ടിനും ആറിനും ഇടയില്‍ പ്രായമുള്ള ചീറ്റകളെ നമീബിയയിലെ ഒട്ജിവരാംഗോ ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് കേന്ദ്രത്തില്‍ ക്വാറന്റൈനായി സ്ഥാപിച്ച 'ബോമ' ക്യാമ്പിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. ഓരോ ചീറ്റകള്‍ക്കും വാക്‌സിനേഷന്‍ നല്‍കി, സാറ്റലൈറ്റ് കോളര്‍ ഘടിപ്പിച്ച് വിപുലമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. നാളെ നാട്ടില്‍ എത്തുന്ന ചീറ്റകള്‍ തുടര്‍ന്ന് മധ്യപ്രദേശിലെ കൂനോ നാഷണല്‍ പാര്‍ക്കിലേക്ക് പോകും.
വന്യജീവി സങ്കേതത്തിലെ 50 x 30 മീറ്റര്‍ ചുറ്റളവില്‍ ചീറ്റകളെ ഒരു മാസത്തേക്ക് ക്വാറന്റൈനില്‍ പാര്‍പ്പിക്കും, അവര്‍ നിരന്തര നിരീക്ഷണത്തിലായിരിക്കും. ഇവരെ പിന്നീട് സംരക്ഷിത മേഖലയില്‍ വിടും.
കഴിഞ്ഞ 12 വര്‍ഷമായി ചീറ്റകളെ പുനരധിവസിപ്പിക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉപദേശകനായിരുന്നു അമേരിക്കന്‍ വിദഗ്ധനായ ലോറി മാര്‍ക്കര്‍. 2005ല്‍ ചീറ്റകളെ നമീബിയയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന പദ്ധതിയാണ് താന്‍ ആദ്യമായി നടത്തിയതെന്ന് ഡോ. മാര്‍ക്കര്‍ പറയുന്നു
ആഫ്രിക്കയിലെ ചീറ്റകളില്‍ 77 ശതമാനവും സംരക്ഷിത വനങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. എന്നിട്ടും അവിടെ മനുഷ്യ- വന്യജീവി സംഘര്‍ഷങ്ങള്‍ കുറയാന്‍ കാരണം ചീറ്റ അതീവ ആക്രമണകാരിയല്ലാത്തതു കൊണ്ടാണ്. മാത്രമല്ല അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാര്‍ കര്‍ഷകരെ ബോധവല്‍ക്കരിച്ചു.
12 വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നമീബിയയിലെയും ഇന്ത്യയുടെയും സര്‍ക്കാരുകള്‍ ഈ വര്‍ഷം ഒരു കരാറില്‍ ഒപ്പുവച്ചത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ചീറ്റകളെ ഇന്ത്യയിലേക്ക് അയക്കാന്‍ നമീബിയ സമ്മതിച്ചിട്ടുണ്ട്