ഹൈക്കമാൻഡ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥി മല്ലികാർജ്ജുൻ ഖാർഗെയ്ക്കെതിരെ മത്സരിച്ച ശശിതരൂരിനെയും രാജസ്ഥാനിൽ വിമത സ്വരം ഉയർത്തുന്ന സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തി കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രവർത്തക സമിതിയിൽ നിന്ന് ഒഴിവാക്കിയാണ് സച്ചിനെ ഉൾപ്പെടുത്തിയത്.രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിനെ പരിഗണിച്ച് ഗെഹ്ലോട്ടിനെ പുറത്താക്കിക്കൊണ്ടുള്ള ഹൈക്കമാൻഡ് നീക്കം ഏറെ ശ്രദ്ധേയമാണ്.
39 അംഗങ്ങളുള്ള പ്രവർത്തക സമിതിയിൽ നേരത്തെ തന്നെ ഉണ്ടായിരുന്ന എകെ ആൻറണിയെ നിലനിർത്തി. കെസി വേണുഗോപാലും സമിതിയിൽ തുടരും.സ്ഥിരം ക്ഷണിതാവായി രമേശ് ചെന്നിത്തലയെയും ചുമതലയുള്ള അംഗമായി കനയ്യ കുമാറിനെയും സമിതിയിൽ ഉൾപ്പെടുത്തി.പ്രത്യേക ക്ഷണിതാവായി കേരളത്തിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും സമിതിയിൽ അംഗമായി.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ശശി തരൂർ പ്രവർത്തകസമിതിയിൽ ഇടം നേടുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്നാണ് തരൂരിന്റെ ആദ്യ പ്രതികരണം. പ്രവർത്തകരെ നമിക്കുന്നുവെന്നും തരൂർ പ്രതികരിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കൂടാതെ ഗാന്ധികുടുംബത്തിൽ നിന്നും പ്രിയങ്ക ഗാന്ധിയും പ്രവർത്തകസമിതിയിൽ ഇടംനേടി.