INDIA

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്‌: പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി, കുറ്റപത്രം അംഗീകരിച്ചു

മുൻ ഡിജിപിമാർ ആർ ബി ശ്രീകുമാറും സിബി മാത്യൂസും പ്രതിപ്പട്ടികയിലുണ്ട്

ദ ഫോർത്ത് - തിരുവനന്തപുരം

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി കേരള പോലീസ് 1994-ൽ റജിസ്റ്റർ ചെയ്ത ചാരക്കേസ് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐ ബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു. ഇതുപ്രകാരം അഞ്ച് പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു. ജൂലൈ 26 ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. തുടർന്ന് കോടതി വിചാരണ നടപടികളിലേക്ക് കടക്കും.

കേസിൽ പ്രതികളായി കണ്ടെത്തിയ മുൻ ഡി ജി പിമാർ ആർ ബി ശ്രീകുമാറും സിബി മാത്യൂസും കേരള പോലീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ എസ് വിജയൻ, കെ കെ ജോഷ്വ എന്നിവരും മുൻ ഐ ബി ഉദ്യോഗസ്ഥനായ പി എസ് ജയപ്രകാശിനെയുമാണ് സിബിഐ പ്രതിചേർത്തിരിക്കുന്നത്. കുറ്റപത്രം അനുസരിച്ച് എസ് വിജയൻ ആണ് ഒന്നാം പ്രതി. വിസ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മറിയം റഷീദയെയും ഫൗസിയ ഹസനെയും കസ്റ്റഡിയിൽ എടുത്തത് എസ് വിജയൻ ആണ്. സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ ആയിരുന്നു അന്ന് എസ് വിജയൻ.

ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ നിർമ്മാണവും ഉൾപ്പടെയുള്ളതാണ് എഫ് ഐ ആറിൽ ചേർത്തിരുന്ന പ്രധാന കുറ്റങ്ങൾ. കേസിൽ പതിനെട്ട് പ്രതികളായിരുന്നു എഫ്‌ഐആർ അനുസരിച്ച് ഉണ്ടായിരുന്നത്. എന്നാൽ കുറ്റപത്രത്തിൽ പതിമൂന്ന് പേർക്ക് പങ്കില്ലെന്ന് കണ്ട് അവരെ ഒഴിവാക്കി. ആകെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇപ്പോൾ പ്രതികൾ ആയിട്ടുള്ളത്.

2021 ഓഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടതനുസരിച്ചാണ് കേസിനുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന കാര്യം സിബിഐ അന്വേഷിച്ചത്. ചാരക്കേസിനുപിന്നിലെ വസ്തുതകൾ അന്വേഷിക്കാൻ കോടതി നിയോഗിച്ച മുൻ ജഡ്ജി ഡി കെ ജെയിൻ നയിച്ച കമ്മിറ്റി കേസ് രജിസ്റ്റർ ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച പോലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കും സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഡൽഹിയിൽനിന്നുള്ള സിബിഐ സംഘം മാസങ്ങളോളം തിരുവനന്തപുരത്ത് തങ്ങിയാണ് ഗൂഢാലോചന കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.

കേസുമായി ബന്ധപ്പെട്ട വാർത്തകൾ 1994 - 95 കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരും ശ്രീകുമാറിന്റെയും സിബി മാത്യൂസിന്റെയും കുടുംബ സുഹൃത്തുക്കളും ഐ എസ് ആർ ഒ ഉദ്യോഗസ്ഥരുമുൾപ്പെടെ അൻപതോളം പേരുടെ മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു. വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പോലീസിനെ സഹായിക്കാൻ ഐ ബി ഉദ്യോഗസ്ഥർ കാട്ടിയ വ്യഗ്രത സംശയാസ്പദമാണെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ടെന്ന് അറിയുന്നു.

ഡൽഹിയിൽനിന്നുള്ള സി ബി ഐ സംഘം അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഇവർ അഞ്ചുപേരും ഹൈക്കോടതിയിൽനിന്ന് മുൻ‌കൂർ ജാമ്യം നേടി. സി ബി ഐ നൽകിയ അപ്പീലിൽ ഈ മുൻ‌കൂർ ജാമ്യം പുനഃപരിശോധിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വീണ്ടും വാദംകേട്ട ഹൈക്കോടതി 2023 ജനുവരിയിൽ അഞ്ചു പ്രതികൾക്കും മുൻ‌കൂർ ജാമ്യം അനുവദിച്ചു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം