INDIA

'വ്യാജ വാർത്തകൾ'കണ്ടെത്താൻ കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് യൂണിറ്റ്; നാല് അംഗങ്ങൾ

ഫാക്ട് ചെക്ക് യൂണിറ്റ് സംബന്ധിച്ച വിശദ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ പുറത്തുവിടും

വെബ് ഡെസ്ക്

വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം തിരിച്ചറിയാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വസ്തുതാ പരിശോധന യൂണിറ്റിൽ നാല് അംഗങ്ങൾ ഉണ്ടായേക്കും. അംഗങ്ങളെ തിരഞ്ഞെടുക്കാൻ അന്തിമ ധാരണയായി.

വിവര സാങ്കേതിക നിയമം, 2021-ൽ നിർദേശിച്ചിരിക്കുന്ന പ്രകാരം ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കുന്നത്. ഐടി മന്ത്രാലയത്തിൽനിന്നുള്ള ഒരു പ്രതിനിധി, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിൽനിന്ന് ഒരാൾ, ഒരു മാധ്യമ വിദഗ്‌ധൻ, ഒരു നിയമവിദഗ്‌ധൻ എന്നിങ്ങനെ നാലു പേരാകും ഫാക്ട് ചെക്കിങ് യൂണിറ്റിൽ ഉൾപ്പെടുക.

ഫാക്ട് ചെക്ക് യൂണിറ്റിലെ അംഗങ്ങൾ എത്രത്തോളം വൈദഗ്ധ്യമുള്ളവരാകാമെന്ന ആശങ്ക പരിഹരിക്കാൻ ഈ തിരഞ്ഞെടുപ്പ് കൊണ്ട് സാധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫാക്ട് ചെക്ക് യൂണിറ്റിന്റെ രൂപരേഖയും മെറ്റ, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള രൂപരേഖയും അന്തിമമാക്കുന്നതിനുള്ള പദ്ധതി സർക്കാർ പൂർത്തിയാക്കി വരികയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദമായ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്നാണ് വിവരം.

'വ്യാജവും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കം തിരിച്ചറിഞ്ഞ്, വിശ്വാസ്യതയും നിഷ്പക്ഷതയും ഉറപ്പാക്കി പ്രൊഫഷണൽ, ധാർമിക മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാൻ ഫാക്ട് ചെക്കിങ് യൂണിറ്റ് ശ്രമിക്കും,' ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിലെ വ്യാജവും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കം കണ്ടെത്താൻ കഴിയുന്ന ഫാക്ട് ചെക്കിങ് ബോഡിയെ നിയമിക്കാൻ 2021ലെ വിവര സാങ്കേതിക ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം ഔദ്യോഗികമായി അറിയിപ്പ് നൽകിയിരുന്നു.

ഇത്തരത്തിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം കണ്ടെത്തി കഴിഞ്ഞാൽ പ്രസ്തുത ഫാക്ട് ചെക്ക് യൂണിറ്റ് അവ നീക്കം ചെയ്യാൻ എല്ലാ സാമൂഹ്യ മാധ്യമങ്ങളോടും ആവശ്യപ്പെടും. കൃത്യമായ രീതിയിൽ വിശ്വാസ്യതയോടെ പ്രവർത്തിക്കുമെന് സർക്കാർ ഉറപ്പു നൽകുന്നുണ്ടെങ്കിലും ഗുണഭോക്താക്കൾക്ക് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇതിനെതിരെ വിവിധ പാർട്ടികളുടെ വിമർശനങ്ങൾ ഉയർത്തിക്കഴിഞ്ഞു. കോൺഗ്രസ്, ടിഎംസി, ആർജെഡി, സിപിഎം എന്നിങ്ങനെ നിരവധി പ്രതിപക്ഷ പാർട്ടികളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമുയർത്തിയിരിക്കുന്നത്.

ഒപ്പം സാങ്കേതികവിദ്യ അവകാശപ്രവത്തകരും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പോലുള്ള പ്രസ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഇത്തരം നിയമങ്ങൾ ക്രൂരമാണെന്ന് വിശേഷിപ്പിച്ച അവർ ചട്ടങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഫാക്ട് ചെക്കിങ് ബോഡിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് കൊണ്ട് ഹാസ്യനടൻ കുനാൽ കംറ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫാക്ട് ചെക്കിങ് ബോഡിയിൽ ഉടൻ തന്നെ പുതിയ വിജ്ഞാപനം ഉണ്ടാകുമെന്നും അതിനാൽ ഹർജി കേൾക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കേസിൽ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ് കോടതിയെ അറിയിച്ചു. കേസിലെ അടുത്ത വാദം ഏപ്രിൽ 21ന് നടക്കും.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം