ഡൽഹിയിൽ 26 കാരിയായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയിക്കപ്പെടുന്നത് വരെ തന്റെ മകളെ കണ്ടെത്താനാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് പെൺകുട്ടിയുടെ പിതാവ് വികാസ് മദന്‍. അഫ്താബ് പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ പ്രതിക്ക് വധശിക്ഷയേക്കാൾ ഭീകരമായ ശിക്ഷ നൽകണമെന്നും ശ്രദ്ധയുടെ പിതാവ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മുംബൈ സ്വദേശിനിയായ ശ്രദ്ധ വാക്കർ എന്ന 26 വയസ്സുകാരിയെ പങ്കാളിയായ അഫ്താബ് അമീൻ കൊലപ്പെടുത്തുകയും ശരീരം കഷ്ണങ്ങൾ ആക്കി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മുംബൈയിൽ വെച്ച് ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ശ്രദ്ധയുടെ കുടുംബം ബന്ധം എതിർത്തതോടെയാണ് ഒരുമിച്ച് ജീവിക്കാനായി ഡൽഹിയിലേക്ക് മാറി. രണ്ട് വർഷത്തിലേറെയായി ഇരുവരും ഡൽഹിയിൽ താമസിച്ച് വരികയായിരുന്നു.
പെൺകുട്ടിയുടെ പങ്കാളി അഫ്താബ് അമീന്റെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ പറയുന്നത്. അഫ്താബിന്റെ മൊഴികൾ പൂർണ്ണമായും സത്യമാണെന്ന് തെളിയിക്കപ്പെടുന്നത് വരെ മകളുടെ കാര്യത്തിൽ പ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പറയുന്നു. " ശരീരത്തിന്റെ എട്ടോ പത്തോ കഷ്ണങ്ങൾ മാത്രമാണ് പോലീസ് ഇതുവരെ കണ്ടെത്തിയത്. എങ്ങനെയാണ് അവന് അയാൾ ചെയ്ത കാര്യങ്ങൾ ഒരു ദിവസം കൊണ്ട് സമ്മതിക്കാനാവുക? അവൻ മുംബൈ പോലീസിനോട് കള്ളം പറയുകയും അതിന് ശേഷം പെട്ടെന്ന് തന്നെ ഡൽഹി പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു. " വികാസ് പറയുന്നു.
ശരീരത്തിന്റെ എട്ടോ പത്തോ കഷ്ണങ്ങൾ മാത്രമാണ് പോലീസ് ഇതുവരെ കണ്ടെത്തിയത്. അവന് ( അഫ്താബ് ) എങ്ങനെയാണ് ചെയ്ത കാര്യങ്ങൾ ഒരു ദിവസം കൊണ്ട് സമ്മതിക്കാനാവുക? അവൻ മുംബൈ പോലീസിനോട് കള്ളം പറയുകയും അതിന് ശേഷം പെട്ടെന്ന് തന്നെ ഡൽഹി പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തു.വികാസ് മദന്‍
എന്നാൽ ഇനി അഫ്താബ് പറയുന്നത് സത്യമാണെങ്കിൽ , മകളുടെ ശരീരം അഫ്താബ് കഷ്ണങ്ങൾ ആക്കിയിട്ടുണ്ടെങ്കിൽ , വധശിക്ഷയേക്കാൾ മാരകമായ ശിക്ഷ പ്രതിക്ക് നൽകണമെന്നും ശ്രദ്ധയുടെ പിതാവ് പറയുന്നു.
2021 ലാണ് വികാസ് അവസാനമായി ശ്രദ്ധയോട് സംസാരിക്കുന്നത്. ശ്രദ്ധയുടെ സുഹൃത്തുക്കൾ അറിയിക്കുമ്പോഴാണ് ശ്രദ്ധയെ കാണാനില്ല എന്ന കാര്യം വികാസ് അറിയുന്നത്. ഇരുവരുടെയും ബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിലനിന്നിരുന്നോ എന്ന കാര്യം വികാസിന് വ്യക്തമല്ല. എന്നാൽ അഫ്താബുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ശ്രദ്ധ ആഗ്രഹിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധയുടെ സുഹൃത്തുക്കൾ വഴി അദ്ദേഹം മനസ്സിലാക്കിയിരുന്നു.
അഫ്താബിനൊപ്പം തുടരുന്നതിൽ നിന്ന് പല തവണ മകളെ വികാസ് വിലക്കിയിരുന്നെങ്കിലും ശ്രദ്ധ അതിന് തയ്യാറായിരുന്നില്ല. മകളുമായി ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും അവൾ ഡൽഹിയിൽ സന്തോഷകരമായ ജീവിതം നയിക്കുകയാണെന്ന് താൻ വിശ്വസിച്ചിരുന്നതായി ശ്രദ്ധയുടെ പിതാവ് പറയുന്നു. ജൂലൈ മാസത്തിലാണ് ശ്രദ്ധയുടെ തിരോധനത്തെ കുറിച്ച് അറിയുന്നത്. ജൂൺ വരെ ശ്രദ്ധയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ വഴി അഫ്താബ് ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനാൽ ജൂലൈയിൽ മാത്രമാണ് ശ്രദ്ധയെ കാണാനില്ല എന്ന വിവരം പുറത്തറിയുന്നത് . അപ്പോഴും ഡൽഹി പൊലീസിന് അവളെ കണ്ടെത്താൻ ആകുമെന്നായിരുന്നു പ്രതീക്ഷ .
ഡൽഹി പൊലീസിന് മുന്നിൽ അഫ്താബ് കുറ്റമേറ്റ് പറയുമ്പോൾ വികാസും ഒപ്പമുണ്ടായിരുന്നു. യാതൊരു ചലനങ്ങളും കൂടാതെ എല്ലാ കാര്യങ്ങളും അഫ്താബ് തുറന്നുപറഞ്ഞതായി വികാസ് പറയുന്നു. "പക്ഷെ എന്റെ മകളെ കൊലപ്പെടുത്തി എന്നവൻ സമ്മതിച്ച ശേഷം എനിക്ക് ഒന്നും കേൾക്കാൻ സാധിച്ചില്ല "
മുംബൈ പോലീസിനോട് ശ്രദ്ധയുമായി വേർപിരിഞ്ഞു എന്നും അതിന് ശേഷം അവർ ഒരുമിച്ച് അല്ല താമസം എന്നുമായിരുന്നു അഫ്താബ് ആദ്യം പറഞ്ഞത്. എന്നാൽ ഇത്രയും മാസങ്ങൾ ഇക്കാര്യം മറച്ചുവെച്ച അഫ്താബിന് ഒരു ദിവസം കൊണ്ടെങ്ങനെ ചെയ്തതെല്ലാം തുറന്നു പറയാൻ സാധിക്കും എന്നാണ് ഇപ്പോഴും ശ്രദ്ധയുടെ പിതാവിന്റെ ചോദ്യം. എല്ലാം തെളിയിക്കപ്പെടുന്നവരെ ഒന്നും വിശ്വസിക്കാൻ അദ്ദേഹം തയ്യാറല്ല.