INDIA

നയപ്രഖ്യാപന പ്രസംഗത്തില്‍ തുടങ്ങി സെന്തില്‍ ബാലാജി വരെ; ഡിഎംകെ സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവർണർ രവിയുടെ നടപടികൾ ഇങ്ങനെ

സെന്തിൽ ബാലാജിയെ ഗവർണർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് സർക്കാർ-ഗവർണർ പോര് വീണ്ടും ചർച്ചയാകുന്നത്

വെബ് ഡെസ്ക്

അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ചൂടുപിടിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച ചെയ്യാതെയാണ് സെന്തിൽ ബാലാജിയെ ഗവർണർ ആർ എൻ രവി പുറത്താക്കിയത്. പിന്നാലെ ഈ നടപടി മരവിപ്പിച്ചെങ്കിലും, ഇത് വലിയ രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവച്ചു. മന്ത്രിസഭാംഗത്തെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇത്തരം നാടകീയ രംഗങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ അരങ്ങേറുന്നത് ആദ്യമല്ല.

ആരാണ് തമിഴ്നാട് ഗവർണർ ആർ എൻ രവി?

മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ആർ എൻ രവി 2012ലാണ് സർവീസിൽ നിന്ന് വിരമിച്ചത്. ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായും പിന്നീട് ഇന്ത്യയുടെ ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ച അദ്ദേഹം, 2015 ഓഗസ്റ്റിൽ എൻഎസ്സിഎൻ (ഐഎം) കേന്ദ്രവുമായുള്ള നാഗാ സമാധാന ചർച്ചകളുടെ മധ്യസ്ഥനായിരുന്നു. എന്നാല്‍, ചർച്ചകൾ ഔദ്യോഗികപരമായിരുന്നില്ല എന്ന വിമർശനമുയർന്നിരുന്നു.

ഈ സാഹചര്യത്തിലാണ് രവി തമിഴ്നാട്ടിൽ ഗവർണർ പദവിയിലേക്ക് എത്തുന്നത്. എന്നാൽ, രവിയുടെ പരുക്കൻ സ്വഭാവവും ഭരണഘടന പദവിയുമായി ഒത്തുപോകില്ലെന്ന് ആദ്യം തന്നെ വിമർശനം ഉയർന്നു. ചുമതലയേറ്റ് ഒരു മാസം പിന്നിട്ടപ്പോൾ, വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് എല്ലാ സർക്കാർ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിജ്ഞാപനം ഇറക്കി. ഇത് വിവാദമായെങ്കിലും, സംസ്ഥാന ചീഫ് സെക്രട്ടറി ഇതിനെ പതിവ് ആശയവിനിമയമായി ഒതുക്കി. രവിയുടെ ഐപിഎസ് പശ്ചാത്തലത്തെക്കുറിച്ചും നാഗാലാൻഡിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ചും പരാമർശിച്ച് ഡിഎംകെയുടെ മുഖപത്രമായ മുരസോളി ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് നാഗാലാ‌ൻഡ് അല്ലെന്നും തമിഴ്നാടാണെന്നും രവിയുടെ ഭയപ്പെടുത്തുന്ന തന്ത്രങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വിലപ്പോകില്ലെന്നും മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു.

മന്ത്രിസഭ അംഗീകരിച്ച ബില്ലുകൾ ഗവർണർ ഒപ്പിടാത്തതും, സ്റ്റാലിന്റെ വിദേശ യാത്രകൾ, ദ്രാവിഡ ഭരണരീതി, സംസ്ഥാനത്തിന്റെ പേരിനെ ചൊല്ലിയുള്ള പരാമർശങ്ങൾ, വി സി നിയമനം എന്നിങ്ങനെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടിയത് ഒന്നോ രണ്ടോ തവണയല്ല

ഗവർണർ സർക്കാർ പോരിന്റെ ചരിത്രം

2021 സെപ്റ്റംബറിൽ ആർ എൻ രവി തമിഴ്‌നാട് ഗവർണറായി ചുമതലയേറ്റത് മുതൽ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടലുകൾ പതിവാണ്. നയപ്രഖ്യാപന പ്രസംഗത്തിലെ ഒഴിവാക്കലും കൂട്ടിച്ചേർക്കലും തുടങ്ങി, മന്ത്രിസഭ അംഗീകരിച്ച ബില്ലുകൾ ഗവർണർ ഒപ്പിടാത്തതും, സ്റ്റാലിന്റെ വിദേശ യാത്രകൾ, ദ്രാവിഡ ഭരണരീതി, സംസ്ഥാനത്തിന്റെ പേരിനെ ചൊല്ലിയുള്ള പരാമർശങ്ങൾ, വി സി നിയമനം എന്നിങ്ങനെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടിയത് ഒന്നോ രണ്ടോ തവണയല്ല. തമിഴ്നാട്ടിലെ ബിജെപിയുടെ വോട്ടുബാങ്ക് ഗവർണർ ഇല്ലാതാക്കുമെന്നാണ് തോന്നുന്നതെന്ന് ഡിഎംകെയുടെ മുഖപത്രമായ മുരസോളി മുഖപ്രസംഗത്തില്‍ പറഞ്ഞു.

ബില്ലുകള്‍ വൈകുന്നത് പ്രധാന പ്രശനം

മെഡിക്കൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) നിർത്തലാക്കുക, രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി കാബിനറ്റ് ശുപാർശകളും നിയമസഭ പാസാക്കിയ ഒരു ഡസൻ ബില്ലുകളും പാസാക്കുന്നതിൽ ഉണ്ടായ കാലതാമസത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഏപ്രിലിൽ സ്റ്റാലിൻ, ഗവർണർ സംഘടിപ്പിച്ച പരിപാടികൾ ബഹിഷ്കരിച്ചിരുന്നു. ഒരു നിശ്ചിത കാലയളവിനുള്ളിൽ നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോടും പ്രസിഡന്റ് ദ്രൗപദി മുർമുവിനോടും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സംസ്ഥാന നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ഇത്തരം പത്തിലധികം ബില്ലുകൾ ഗവർണറുടെ പരിഗണനയിലുണ്ടെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ജനപക്ഷത്ത് നിൽക്കാൻ അദ്ദേഹം തയ്യാറല്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

നയപ്രഖ്യാപനവും ഇറങ്ങിപ്പോക്കും

തമിഴ്നാട്ടിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് ആക്കം കൂട്ടിയ പ്രധാന സംഭവം ജനുവരിയിൽ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെയുണ്ടായ ആർ എൻ രവിയുടെ ഇറങ്ങിപ്പോക്കാണ്. സംസ്ഥാന സർക്കാർ തയ്യാറാക്കി നൽകിയ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കുകയും, മറ്റ് ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. മതനിരപേക്ഷതയെക്കുറിച്ചും പെരിയാർ, ബി ആർ അംബേദ്‌കർ, കെ കാമരാജ്, സി എൻ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളെ പരാമർശിക്കുന്ന ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്. ഭരണകക്ഷിയായ ഡിഎംകെ ഉയർത്തിക്കാട്ടുന്ന 'ദ്രാവിഡ മാതൃക'യെക്കുറിച്ചുള്ള പരാമർശവും അദ്ദേഹം വായിച്ചില്ല. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തി. കൂട്ടിച്ചേർത്ത ഭാഗങ്ങൾ നിയമസഭ റെക്കോർഡുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ സഭയിൽ പ്രമേയം അവതരിപ്പിച്ചു. ഇതോടെ, ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ 'ഗെറ്റ് ഔട്ട് രവി' എന്ന ഹാഷ്‌ടാഗോടുകൂടി പ്രതിഷേധ തരംഗമായി.

തമിഴ്‌നാടിന്റെ പേരിനെ ചൊല്ലിയും തർക്കം

ഈ വർഷം ജനുവരി നാലിന് ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ ഗവർണർ രവി നടത്തിയ പരാമർശങ്ങളിലൂടെ സംസ്ഥാനത്തിന്റെ പേരിനെ ചൊല്ലി വലിയ ചർച്ചകളാണ് ഉണ്ടായത്. തമിഴകമെന്ന പേരാണ് തമിഴ്‌നാടിന് കൂടുതൽ അനുയോജ്യമെന്ന് ആർ എന്‍ രവി പറഞ്ഞു. ഇത് വിവാദമായപ്പോള്‍ തിരുത്തുകയും ചെയ്തു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വിശദീകരണവും നല്‍കി.

വി സി നിയമനം

സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്നതുള്‍പ്പെടെ 21 ബില്ലുകൾ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നുവെങ്കിലും ഗവർണർ ഒപ്പുവെച്ചിരുന്നില്ല. പിന്നീട്, മൂന്ന് സർക്കാർ സർവകലാശാലകളിലേക്ക് വൈസ് ചാൻസിലർമാരെ (വി സി) തമിഴ്‌നാട് ഗവർണർ ആർഎൻ രവി നിയമിച്ചു. സർക്കാർ സർവകലാശാലകളുടെ എക്സ് ഒഫീഷ്യോ ചാൻസലർ കൂടിയായ ഗവർണർ കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് വി സി നിയമനം നടത്തിയത്. സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബില്ലുകൾ 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ തമിഴ്‌നാട് നിയമസഭ പാസാക്കിയിരുന്നു. എന്നാൽ ഇത് ഒപ്പിടാതെ ഗവർണർ നീട്ടി വച്ചിരിക്കുകയായിരുന്നു.

സെന്തില്‍ ബാലാജി വിഷയത്തില്‍ സർക്കാർ എന്ത് നടപടിയാണ് കൈക്കൊള്ളുക എന്നതാണ് തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി