വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനക്കരാറില്‍ ഒപ്പുവെച്ച് എയര്‍ ഇന്ത്യ. ഫ്രഞ്ച് വിമാന നിര്‍മാതാക്കളായ എയര്‍ബസില്‍ നിന്നും 250 വിമാനങ്ങളും യുഎസ് കമ്പനിയായ ബോയിങ്ങില്‍ നിന്ന് 220 വിമാനങ്ങളും എയര്‍ ഇന്ത്യ വാങ്ങും. 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. എയര്‍ബസില്‍ നിന്നും എ350, എ320 ബോയിങ്ങില്‍ നിന്ന് 737 മാക്‌സ്, 787 ഡ്രീം ലൈനേഴ്‌സ്, 777 എക്‌സ് എന്നീ വിമാനങ്ങളാണ് വാങ്ങാന്‍ ധാരണയായത്. എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത്രയും വലിയൊരു കരാറിന്‌റെ ഭാഗമാകുന്നത്.
ഇന്ത്യ- ഫ്രാന്‍സ്, ഇന്ത്യ - അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ ബസും ബോയിങ്ങുമായുള്ള കരാറിനെ ഇന്ത്യ കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണും യുഎസ് പ്രസിഡന്‌റ് ജോ ബൈഡനും ഇന്ത്യ - ഫ്രാന്‍സ്, ഇന്ത്യ - അമേരിക്ക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. അടുത്ത 15 വര്‍ഷത്തിനകം ഇന്ത്യക്ക് 2000 എയര്‍ക്രാഫ്റ്റുകളുടെ ആവശ്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. മേക്ക് ഇന്‍ ഇന്ത്യ വഴി നിരവധി അവസരങ്ങളാണ് വ്യോമയാന മേഖലയില്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുമായി പുതിയതലത്തില്‍ സഹകരണത്തിന് വഴിയൊരുക്കുന്നതാണ് കരാറെന്ന് ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ചരിത്രപരമായ കരാറാണ് ബോയിങ്ങുമായി ഒപ്പുവച്ചതെന്നാണ് യുഎസ് പ്രസിഡന്‌റ് ജോബൈഡന്‍ വിശേഷിപ്പിച്ചത്. പരസ്പര സഹകരണത്തിന്‌റെ മികച്ച ഉദാഹരമാണ് കരാറെന്നും അമേരിക്കയില്‍ ഒരു മില്യണിലധികം ജോലി സാധ്യത ഉറപ്പാക്കുമിതെന്നും ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിമാനത്താവളങ്ങളുടെ എണ്ണം 74 ല്‍ നിന്ന് 147 ആയി ഉയര്‍ന്നതായി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിമാനം വാങ്ങല്‍ കരാറാണ് എയര്‍ ഇന്ത്യയുടേത്. 460 വിമാനങ്ങള്‍ വാങ്ങിയ 2011ലെ അമേരിക്കന്‍ എയര്‍ലൈന്‍സിന്‌റെ കരാറായിരുന്നു വ്യോമയാന ഇടപാടുകളില്‍ ഒന്നാമതുണ്ടായിരുന്നത്. എയര്‍ബസില്‍ നിന്നും ബോയിങ്ങില്‍ നിന്നുമാണ് അമേരിക്കന്‍ എയര്‍ലൈന്‍സും വിമാനം സ്വന്തമാക്കിയത്.
ഡിസംബറില്‍ സിംഗപ്പൂർ എയര്‍ലൈന്‍സ് സഹ ഉടമസ്ഥതയിലുള്ള കമ്പനിയായ വിസ്താര എയർ ഇന്ത്യയുമായി ലയിച്ചിരുന്നു. ഇതോടെ 218 വിമാനങ്ങളുമായി എയർ ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറായി മാറി. രാജ്യത്തെ രണ്ടാമത്തെ ആഭ്യന്തര കാരിയർ കൂടിയാണ് എയർ ഇന്ത്യ. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര കാരിയർ ഇൻഡിഗോയാണ്.