ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക ക്ഷമതാ പരിശോധന അന്വേഷണ സംഘം നടത്തിയത് വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള നൂതന രീതി പ്രകാരം. രാജ്യത്തു പ്രചാരത്തിലുള്ള രീതിയിൽ നിന്ന് വ്യത്യസ്തമായി നേരിട്ട് ലൈംഗിക ക്ഷമത പരിശോധിക്കാതെ പ്രതിയുടെ ശാരീരിക - മാനസിക - ലൈംഗിക അവസ്ഥകൾ മെഡിക്കൽ സംഘം വിലയിരുത്തിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്. ബെംഗളുരുവിലെ അടൽ ബിഹാരി വാജ്‌പേയ് റിസർച്ച് സെന്ററിൽ ബുധനാഴ്ചയായിരുന്നു വിദഗ്ധ ഡോക്ടർമാരുടെ സംഘം പ്രജ്വലിനെ പരിശോധിച്ചത് . ഫോറൻസിക്, സർജറി, യൂറോളജി, സൈക്യാട്രി , ഗൈനോക്കോളജി വകുപ്പുകളിലെ വിദഗ്ധർ ചേർന്നായിരുന്നു പരിശോധന.
പ്രജ്വലിനെതിരായ ലൈംഗിക പീഡന കേസിൽ ദൃശ്യങ്ങൾ തെളിവായുണ്ടെങ്കിലും പ്രതിയുടെ മുഖം ഒരിടത്തും വ്യക്തമല്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചടിയാകുന്നത് . ദൃശ്യങ്ങളിൽ വെളിവാകുന്ന ശരീര ഭാഗങ്ങൾ പ്രതിയുടേത് തന്നെയെന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ കാര്യമുള്ളു . ലൈംഗിക ക്ഷമത പരിശോധിക്കുക എന്നതിലുപരി ഇക്കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താൻ മെഡിക്കൽ സംഘം നൽകുന്ന റിപ്പോർട്ട് സഹായകമാകും. കേസിന്റെ വിചാരണ നടക്കുന്ന ബെംഗളുരുവിലെ ജനപ്രതിനിധികളുടെ കോടതിയിൽ നിന്ന് സി ആർ പി സി 53 ( എ ) പ്രകാരം അനുകൂല ഉത്തരവ് സമ്പാദിച്ചാണ് എസ് ഐ റ്റി പ്രതി പ്രജ്വൽ രേവണ്ണയെ പ്രത്യേക പരിശോധനകൾക്ക് വിധേയനാക്കിയത്.
നിലവിൽ പ്രജ്വലിനെതിരെയുള്ള മൂന്നു കേസുകളിലും അതിജീവിതരുടെ മൊഴിയും വീഡിയോ ക്ലിപ്പുകളും സാഹചര്യ തെളിവുകളും മാത്രമാണ് പോലീസിന്റെ കൈവശമുള്ളത് . ഇത് മാത്രം കൈമുതലാക്കി കേസ് ജയിക്കാൻ എസ് ഐ റ്റിക്കാവില്ല . മെഡിക്കൽ സംഘം നൽകുന്ന റിപ്പോർട്ട് ഈ കേസിൽ നിർണായകമാണ് . അതേസമയം , പ്രജ്വലിന്റെ എസ് ഐ റ്റി കസ്റ്റഡി ജനപ്രതിനിധികളുടെ കോടതി ജൂൺ 10 വരെ നീട്ടി . മെയ് 31 നു അറസ്റ്റിലായ പ്രജ്വലിനെ കോടതി നേരത്തെ ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു . കുറ്റ കൃത്യം നടന്ന ഹാസനിൽ എത്തിച്ചു തെളിവെടുക്കാനാണ് കൂടുതൽ ദിവസങ്ങൾ എസ് ഐ റ്റി ആവശ്യപ്പെട്ടത് . ജൂൺ പത്തിന് ശേഷം കസ്റ്റഡി എസ് ഐ റ്റി നീട്ടി വാങ്ങുന്നില്ലെങ്കിൽ പ്രജ്വലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും . ഇതോടെ പ്രതിയെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും .