പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നിലപാട് തള്ളി കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി. ബിജെപിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ബിബിസിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നത് അപകടമാണെന്ന മുന്നറിപ്പാണ് അനില്‍ ആന്റണി നല്‍കുന്നത്.
ബിബിസിയുടെ ഡോക്യുമെന്ററിയിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇന്ത്യന്‍ സ്ഥാപനങ്ങളേക്കാള്‍ ബിബിസിയുടെ വീക്ഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണ്. ബ്രിട്ടണ്‍ എന്ന രാജ്യത്തിന്റെ ഔദ്യോഗിക ചാനലായ ബിബിസിക്ക് മുന്‍ വിധികളോടെ പ്രവര്‍ത്തിച്ചിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അനില്‍ പറയുന്നു. ട്വിറ്ററിലായിരുന്നു കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ ആന്റണിയുടെ പ്രതികരണം.
ബിബിസി ഡോക്യുമെന്ററിയായ 'ദ മോദി ക്വസ്റ്റ്യന്‍' ആദ്യഭാഗത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഡോക്യുമെന്ററി ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണ് അനില്‍ ആന്റണിയുടെ പ്രതികരണം ശ്രദ്ധനേടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിലക്കിനെതിരെ ഇടത്, കോണ്‍ഗ്രസ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി കേരളത്തില്‍ പലയിടത്തും പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ബിബിസി ഡോക്യുമെന്ററി റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന വ്യാപകമായി പ്രദർശിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. മൈനോറിറ്റി സെല്ലിന്റെ നേതൃത്വത്തിൽ ആയിരിക്കും പ്രദർശനം.
2002 ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളായാണ് പുറത്തിറക്കാന്‍ ബിബിസി തീരുമാനിച്ചത്. എന്നാല്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്ന് ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ യൂട്യൂബും ട്വിറ്ററും നീക്കം ചെയ്തു. ഇന്ത്യയെ ലോകത്തിന് മുമ്പില്‍ മോശമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിലപാട്.