INDIA

ജോഷിമഠ്: സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കരുത്; ദുരന്ത നിവാരണ അതോറിറ്റി

വെബ് ഡെസ്ക്

ഉത്തരാഖണ്ഡിലെ ജോഷിമഠിലെ സാഹചര്യം സംബന്ധിച്ച് പരസ്യ പ്രതികരണം നടത്തുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. മാധ്യമങ്ങളോട് പ്രതികരിക്കാനോ സാമൂഹ്യമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനോ പാടില്ലെന്നാണ് നിര്‍ദേശം. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹത്തിലും ദുരിതബാധിതര്‍ക്കിടയിലും ആശങ്കകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ഡിസംബര്‍ 27 നും ജനുവരി എട്ടിനുമിടയില്‍ ജോഷിമഠിൽ 5.4 സെന്റിമീറ്റര്‍ ആഴത്തില്‍ ഭൂമി ഇടിഞ്ഞുതാഴ്ന്നെന്ന ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയായിരുന്നു. കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹത്തില്‍ നിന്നുള്ളതും നാഷണല്‍ റിമോട്ട് സെന്റര്‍ പുറത്തുവിട്ടതുമായ സാറ്റലൈറ്റ് ചിത്രങ്ങളായിരുന്നു വലിയ രീതിയിൽ ചർച്ചയായത്. ഇതാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ ഉത്തരവിലേക്കെത്തിയ സാഹചര്യം. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചിത്രങ്ങളടക്കമുള്ള റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു . ഐഎസ്ആര്‍ഒ പുറത്തുവിട്ട ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്കിന്റെ പശ്ചാത്തലത്തില്‍ ഐഎസ്ആര്‍ഒ ഈ റിപ്പോര്‍ട്ട് പിന്‍വലിച്ചു.

ജനുവരി 12 ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളിലെ വിദഗ്ധര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ സൃഷ്ടിക്കുന്ന ആശങ്ക സംബന്ധിച്ച വിഷയം ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ജനുവരി 13നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലവില്‍ വന്നത്. ജോഷിമഠിലെ മണ്ണിടിച്ചിലിനെക്കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ സംഘത്തെ രൂപീകരിച്ചതായും ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവ്

ജോഷിമഠില്‍ നിർമാണ നിരോധനം കർശനമായി പാലിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിദഗ്ധ സമിതി രൂപീകരിച്ച് ജോഷിമഠിലെ സാഹചര്യം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കൂടുതല്‍ നാശനഷ്ടങ്ങള്‍ തടയാനുള്ള സാധ്യതകളാകണം വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജോഷിമഠിലെ പ്രതിസന്ധിക്ക് കാരണം നാഷണൽ തെർമൽ പവർ കോര്‍പ്പറേഷന്റെ നിര്‍മാണ പ്രവര്‍ത്തികളാണെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ ഇതേ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. എന്‍ടിപിസിയുടെ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും