INDIA

'ഇന്ത്യ' നാളെ മണിപ്പൂരിലേയ്ക്ക്; 16 പാർട്ടികളുടെ നേതാക്കള്‍ സംഘത്തില്‍

കേരളത്തില്‍ നിന്ന് സിപിഎമ്മിന്റെ എ എ റഹീമും മുസ്ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീറും ആർഎസ്‍പിയില്‍ നിന്ന് എൻ കെ പ്രേമചന്ദ്രനും സിപിഐയുടെ സന്തോഷ്കുമാറും സംഘത്തിലുണ്ട്

വെബ് ഡെസ്ക്

മണിപ്പൂർ വിഷയത്തില്‍ പാർലമെന്റില്‍ ശക്തമായ പ്രതിഷേധമുയർത്തിയതിന് പിന്നാലെ അടുത്ത ഘട്ട നീക്കവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ'. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി സർക്കാരില്‍ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി സഖ്യത്തിന്റെ പ്രതിനിധി സംഘം നാളെ മണിപ്പൂരിലേക്ക് പോകും. 16 പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന നേതാക്കളാണ് സന്ദർശനം നടത്തുക.

കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തില്‍ ഗൗരവ് ഗോഗോയ്, ഫൂലോ ദേവി നേതം, ജെഡിയുവിന്റെ ലാലൻ സിങ്ങ്, അനിൽ ഹെഗ്‌ഡെ, ടിഎംസിയുടെ സുസ്മിത ദേവ്, ഡിഎംകെയുടെ കനിമൊഴി, സിപിഐയുടെ സന്തോഷ് കുമാർ, സിപിഐഎമ്മിന്റെ എ എ റഹീം, ആർജെഡിയുടെ മനോജ് ഝാ, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ജാവേദ് അലി ഖാൻ, ജെഎംഎമ്മിന്റെ മഹുവ മാജി, എൻസിപിയുടെ മുഹമ്മദ് ഫൈസൽ, ഐയുഎംഎല്ലിന്റെ ഇ ടി മുഹമ്മദ് ബഷീർ, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രൻ, എഎപിയുടെ സുശീൽ ഗുപ്ത, ശിവസേനയിൽ നിന്ന് അരവിന്ദ് സാവന്ത്, വിസികെയിൽ നിന്ന് രവികുമാർ തിരുമാവളവൻ, ആർഎൽഡിയുടെ ജയന്ത് ചൗധരി എന്നിവരാണ് സംഘത്തിലുള്ളത്.

മറ്റ് പാർട്ടികളുടെ എംപിമാരുടെ ഒപ്പ് വാങ്ങാതെ അവിശ്വാസത്തിന് നോട്ടീസ് നല്‍കാൻ കോൺഗ്രസ് തിരക്കിട്ടതിനെതുടർന്ന് സഖ്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ആ ദിവസം തന്നെയാണ് മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള തീരുമാനത്തിലെത്തിയതും. പല പാർട്ടികളും അതൃപ്തി അറിയിച്ചതോടെ ഒഴിവാക്കാമായിരുന്ന പിഴവാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചിരുന്നു.

പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം കടുക്കുമ്പോളും പാർലമെന്റിലെത്താത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനമാണുയരുന്നത്. പാർലമെന്റിന്റെ ചരിത്രത്തിൽ ഇതിലും വലിയ ഇരുണ്ട ഘട്ടം രാജ്യം കണ്ടിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. കഴിഞ്ഞ 85 ദിവസമായി മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ തിരിഞ്ഞു നോക്കാത്ത സർക്കാർ മനുഷ്യത്വത്തിന് കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം