സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയാണ്. വാദം തുടരുന്നതിനിടെ 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ വ്യവസ്ഥകളും ഹർജിക്കാർ ചോദ്യം ചെയ്തു. വിവാഹം കഴിക്കാൻ തീരുമാനിക്കുന്നവർ മുൻകൂർ നോട്ടീസ് നൽകുന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമെന്നാണ് ഹർജിക്കാരുടെ വാദം.
സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം കഴിക്കുന്നവർ, 30 ദിവസത്തെ നോട്ടീസ് രജിസ്റ്റാർ ഓഫീസിൽ പതിക്കണമെന്നാണ് നിയമം. ഇത് ഒരാളുടെ സ്വയം നിർണയാവകാശത്തിന്റെയും സ്വകാര്യതയുടെയും ലംഘനമെന്നും ഹർജിക്കാർ വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരമോ മറ്റ് വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തിലോ വിവാഹിതരാകാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് പൊതുജനങ്ങൾക്ക് മുൻകൂർ അറിയിപ്പ് നൽകേണ്ടതില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടി. എന്നാൽ, ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കുളള പ്രത്യേക വിവാഹ നിയമത്തിൽ ഇത്തരം വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം ഉന്നയിച്ചു. വിവാഹം വ്യക്തിപരമായ തീരുമാനമാണെന്നും ആരുമായി, എപ്പോൾ, എങ്ങനെ ജീവിക്കണമെന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ''വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം ആദ്യം പൊതുസമൂഹത്തെ അറിയിക്കോണ്ടത് എന്തിനാണ്? അത് വ്യക്തിപരമായ സ്വയംനിര്‍ണയാവകാശമല്ലേ?''
ഇത്തരത്തിലുളള വ്യവസ്ഥകൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന രണ്ട് പേർക്ക് അവരുടെ കൂടുംബങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നതിന് വഴിയൊരുക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഹർജിക്കാർ ഉന്നയിച്ച ആശങ്കകളോട് ബെഞ്ചും അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്.
നിലവിലെ വ്യവസ്ഥകൾ പുരുഷാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ട് പറഞ്ഞു. സ്ത്രീകൾക്കായി സംസാരിക്കാൻ ആരുമില്ലാതരുന്ന കാലത്ത് ഉണ്ടാക്കിയവയാണെന്നും ജസ്റ്റിസ് ഭട്ട് കൂട്ടിച്ചേർത്തു.
ലെസ്ബിയൻ ദമ്പതികളായ കാജലിനും ഭാവനയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും സ്പെഷ്യൽ മാരേജ് ആക്റ്റിലെ വ്യവസ്ഥകൾക്ക് പിന്നിലെ യുക്തിയെ കോടതിയിൽ ചോദ്യംചെയ്തു. പ്രണയിക്കുന്ന വ്യക്തികൾ ഒരുമിച്ച് ജീവിക്കുന്നത് തടയാൻ ഉദ്ദേശിച്ചുള്ള ബ്രിട്ടീഷ് നിയമനിർമാണങ്ങളുടെ അവശിഷ്ടമാണ് ഈ വ്യവസ്ഥകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തികൾ ആഗ്രഹിക്കുന്ന സമയത്ത് വിവാഹിതരാകാനുള്ള അവസരം തടയുന്നതാണ് ഈ വ്യവസ്ഥകൾ കൊണ്ട് സംഭവിക്കുന്നതെങ്കിൽ അത് നടപടിക്രമമായി കണക്കാക്കാനാകില്ലെന്നും സ്വയം നിശ്ചയിക്കുന്ന സമയത്ത് വിവാഹം കഴിക്കാനുള്ള വ്യക്തിയുടെ അടിസ്ഥാന അവകാശത്തെയാണ് ഇതുകൊണ്ട് ഹനിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ അതിന് മറ്റ് നിയന്ത്രണങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.