INDIA

രാജ്യത്ത് ധാന്യ ശേഖരം കുറയുന്നു; അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

വെബ് ഡെസ്ക്

രാജ്യത്തെ ധാന്യശേഖരം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിലെ ഗോതമ്പ്, അരി തുടങ്ങിയവയുടെ ശേഖരത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുവരെ 511.4 ലക്ഷം ടണ്‍ ആണ് രാജ്യത്തെ ധാന്യശേഖരം. കഴിഞ്ഞ വര്‍ഷം ഇത് 816 ലക്ഷം ടണ്‍ ആയിരുന്നു. 2017ന് ശേഷമുള്ള ഏറ്റവും കുറവ് ധാന്യശേഖരമാണ് ഇപ്പോഴത്തേത്. ചില്ലറ പണപ്പെരുപ്പം (Retail Inflation) എട്ടര വർഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനില്‍ക്കെയാണ് ധാന്യശേഖരത്തിലുണ്ടാകുന്ന വലിയ ഇടിവ്.

കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഗോതമ്പിന്റെ ധാന്യശേഖരം എത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ 227.5 ലക്ഷം ടണ്ണിലെത്തിയിരുന്നു ഗോതമ്പ് ശേഖരം. വെയര്‍ ഹൗസുകളിൽ സൂക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഗോതമ്പിന്റെ അളവുമായി നേരിയ വ്യത്യാസം മാത്രമാണ് ധാന്യ ശേഖരത്തിനുള്ളതെന്നാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. 205.2 ലക്ഷം ടണ്‍ ആണ് വെയര്‍ ഹൗസുകളിൽ സൂക്ഷിക്കാവുന്ന ഗോതമ്പിന്റെ കുറഞ്ഞ അളവ്.

അരിയുടെ ശേഖരത്തില്‍ ഗോതമ്പിന് സമാനമായ പ്രതിസന്ധിയില്ല. അളവില്‍ കുറവുണ്ടായെങ്കിലും ആവശ്യമായതിനും 2.8 ഇരട്ടിയിലധികം അരി എഫ്സിഐ ഗോഡൗണുകളിലുണ്ട്. രാജ്യത്ത് അരി ഉത്പാദനത്തിലുണ്ടായ മൂന്നുമടങ്ങ് വര്‍ധനയാണ് പിടിച്ചുനില്‍ക്കാന്‍ സഹായകമായത്.

ധാന്യങ്ങളുടെയും ഉത്പന്നങ്ങളുടെയും ഉപഭോക്തൃ വില സൂചികയിൽ സെപ്റ്റംബര്‍ വരെ 11.53 ശതമാനം വർധനയുണ്ടായി. സൂചികയില്‍, 2012 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ച ശേഷം ധാന്യ വിലയിലുണ്ടാകുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്. 2010നെ അടിസ്ഥാന വർഷമായി കണക്കാക്കിയിരുന്നപ്പോള്‍, 2013 ഡിസംബറിൽ രേഖപ്പെടുത്തിയ 12.14 ശതമാനമായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക്.

എഫ്സിഐ ശേഖരത്തിൽ ഗോതമ്പിന്റെ അളവ് കുറയുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഈ സീസണില്‍ കാലാവസ്ഥയിലുണ്ടായ മാറ്റം തിരിച്ചടിയായതോടെ കര്‍ഷകരില്‍ പലരും കൃഷിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അടുത്ത മാര്‍ച്ചില്‍ പുതിയ വിളവെടുപ്പിന് ശേഷമെ കൂടുതല്‍ ഗോതമ്പ് വിപണിയിലേക്ക് എത്തൂ. അതുകൊണ്ടു തന്നെ വേഗത്തില്‍ ശേഖരം വര്‍ധിക്കാനോ വില താഴുന്നതിനോ സാധ്യത കുറവാണ്. പൊതുവിതരണ സമ്പ്രദായത്തിലും ഇത് പ്രതിസന്ധിയുണ്ടാക്കും.

റഷ്യ-യുക്രെയ്‌ന്‍ യുദ്ധം കാരണം, അന്താരാഷ്ട്ര വിപണി വിലയിലുണ്ടാകുന്ന അനിശ്ചിതത്വം മറ്റൊരു വെല്ലുവിളിയാണ്. റഷ്യയിൽ നിന്നുള്ള ഇറക്കുമതി വില, കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ടണ്ണിന് 313 ഡോളറില്‍ നിന്ന് 327 ഡോളറായി ഉയര്‍ന്നിരുന്നു. ചരക്ക് നീക്കത്തിന്റെ നികുതി കൂടി ചേരുന്നതോടെ വിലയില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്.

ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് മാര്‍ച്ച് 13ന് രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പിന്നീട് മെയ് 13ന് ബാങ്ക് ഗ്യാരണ്ടി, ക്രെഡിറ്റ് ലെറ്റര്‍ എന്നിവയുള്ളവര്‍ക്ക് കയറ്റുമതി അനുമതി നല്‍കുന്ന വിധം കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവന്നു. മെയ് 22ന് ഭേദഗതികളോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി പുനരാരംഭിച്ചു. മികച്ച വില നല്‍കി കര്‍ഷകരില്‍ നിന്ന് കൂടുതല്‍ ഉത്പന്ന സംഭരണം നടത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐടിസി ലിമിറ്റഡും പോലുള്ള ഭീമന്മാര്‍ രംഗത്തുള്ളതും വിപണിയില്‍ തിരിച്ചടിയാണ്.

സെപ്റ്റംബര്‍ 9ന് നുറുക്ക് അരി കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരുന്നു. ആഭ്യന്തര വിപണയില്‍ അരി ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു തീരുമാനം. ബസുമതി ഇതര അരികളുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയായിരുന്നു നടപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും